Sub Lead

തൂത്തുക്കുടി കസ്റ്റഡി കൊല: രാത്രി മുഴുവന്‍ ക്രൂരമര്‍ദ്ദനം; ഒമ്പതു പോലിസുകാര്‍ക്കെതിരേ സിബിഐ കുറ്റപത്രം

തൂത്തുക്കുടിയിലെ സതന്‍കുളം പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെകടര്‍ ശ്രീധര്‍, എസ്‌ഐ രഘുഗണേഷ് എന്നിവര്‍ ഉള്‍പ്പടെയുള്ള പോലിസുകാര്‍ക്ക് എതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

തൂത്തുക്കുടി കസ്റ്റഡി കൊല: രാത്രി മുഴുവന്‍ ക്രൂരമര്‍ദ്ദനം; ഒമ്പതു പോലിസുകാര്‍ക്കെതിരേ സിബിഐ കുറ്റപത്രം
X

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ ഒമ്പതു പോലിസുകാര്‍ക്ക് എതിരേ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കുറ്റപത്രം സമര്‍പ്പിച്ചു. തൂത്തുക്കുടിയിലെ സതന്‍കുളം പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെകടര്‍ ശ്രീധര്‍, എസ്‌ഐ രഘുഗണേഷ് എന്നിവര്‍ ഉള്‍പ്പടെയുള്ള പോലിസുകാര്‍ക്ക് എതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ സതന്‍കുളം പോലിസ് സ്‌റ്റേഷന്റെ മുന്‍ എസ്എച്ച്ഒ എസ് ശ്രീധര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ ബാലകൃഷ്ണന്‍, പി രഘുഗനേഷ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എസ് മുരുകന്‍, എ സമാദുരൈ, കോണ്‍സ്റ്റബിള്‍മാരായ എം മുത്തുരാജ, എസ് ചെല്ലാദുരൈ, എക്‌സ് തോമസ് ഫ്രാന്‍സിസ്, വെയില്‍ മുത്തു എന്നിവരെ പ്രതികളാക്കിയാണ് കുറ്റ പത്രം സമര്‍പ്പിച്ചിട്ടുള്ളത്.

കൊലപാതകം, അന്യായ തടവ്, തെളിവ് നശിപ്പിക്കല്‍, തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഒമ്പത് പ്രതികളും നിലവില്‍ ജയിലിലാണ്. ജൂലൈയില്‍ സിബിഐ അറസ്റ്റുചെയ്യുകയും കൊവിഡ് ബാധിച്ച് ജയിലില്‍ മരിക്കുകയും ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ പൗള്‍ദുരൈ കുറ്റപത്രത്തില്‍ പ്രതിയല്ലെങ്കിലും ഗൂഢാലോചനയില്‍ ഇയാളുടെ പങ്ക് പരാമര്‍ശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

വ്യാപാരികളായ പി ജയരാജനേയും ജെ ബെന്നിക്‌സിനേയും പോലിസുകാര്‍ രാത്രി മുഴുവന്‍ സ്‌റ്റേഷനിലിട്ട് മൃഗീയമായി മര്‍ദിച്ചുവെന്നും മൂന്നാം മുറ പ്രയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ലോക്കപ്പിലേറ്റ ക്രൂര മര്‍ദ്ദനമാണ് വ്യാപാരികളെ മരണത്തിലേക്ക് നയിച്ചതെന്നും സിബിഐ കുറ്റപത്രത്തിലുണ്ട്.

ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരി ജയരാജനും മകന്‍ ബനിക്‌സുമാണ് പോലിസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതിന് വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പോലിസിനെ ബെനിക്‌സ് ആക്രമിച്ചുവെന്നുമാണ് പോലിസിന്റെ എഫ്‌ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍, പോലിസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലിസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്‌സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡി മരണത്തില്‍ പോലിസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതിയും അറിയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it