Sub Lead

മുസ്‌ലിം ലീഗിനെ കൂട്ടി ഭരിച്ചവരാണ് അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറയുന്നത്: കെ സുധാകരന്‍

അവസരം കിട്ടിയാല്‍ സിപിഎം ആരെയും കൂടെ കൂട്ടുമെന്നും ലീഗിലുള്ളവരെ സ്വാധീനിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഞങ്ങള്‍ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു

മുസ്‌ലിം ലീഗിനെ കൂട്ടി ഭരിച്ചവരാണ് അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറയുന്നത്: കെ സുധാകരന്‍
X

കോഴിക്കോട്: മുസ്‌ലിം ലീഗിനെ കൂട്ടി മുമ്പ് ഭരിച്ചവരാണ് അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറയുന്നതെന്നും സി.പി.എമ്മിന് നാണവും മാനവുമില്ലെന്നും കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ എംപി. സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെ മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരം കിട്ടിയാല്‍ സിപിഎം ആരെയും കൂടെ കൂട്ടുമെന്നും ലീഗിലുള്ളവരെ സ്വാധീനിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഞങ്ങള്‍ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു. ഹരിത വിഷയം ഉണ്ടായപ്പോള്‍ മുണ്ടും പൊക്കി ആ പെണ്‍കുട്ടികളുടെ വീടിന് മുന്നിലൂടെ നടക്കുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. വി സി വിവാദത്തില്‍ ഡിസംബര്‍ 24 ന് അഞ്ചു യൂണിവേഴ്‌സിറ്റിക്ക് മുന്നിലും ഉപവാസം നടത്തുമെന്നും സംഭവത്തില്‍ ഗവര്‍ണറുടെ ഭാഗത്തും തെറ്റുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. തര്‍ക്കം ഒഴിവാക്കാന്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ റെയില്‍ പദ്ധതി വിഷയത്തില്‍ ശശിതരൂര്‍ പാര്‍ട്ടിയോടൊപ്പം ഒതുങ്ങി നില്‍ക്കണമെന്നും ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. ശശി തരൂര്‍ എംപിക്കുള്ള അഭിപ്രായത്തെ കുറിച്ച് പാര്‍ട്ടി അദ്ദേഹത്തിനോട് വിശദീകരണം തേടും. തരൂര്‍ എന്ന വ്യക്തിയെയും എംപിയെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഇരുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല. അതിനകത്തുള്ള അര്‍ഥം നിങ്ങള്‍ക്ക് ഊഹിച്ചെടുക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് പദ്ധതിക്ക് എതിരല്ല, പദ്ധതിയെ കുറിച്ച് വ്യത്യസ്ത നിലപാട് പാര്‍ട്ടിക്കകത്തുണ്ട്. അങ്ങനെ അഭിപ്രായ വ്യത്യാസമുള്ളവര്‍ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കണം. പഠിച്ചിട്ട് തന്നെയാണ് പാര്‍ട്ടിയും നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനമനസ്സ് തൊട്ടറിയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

പദ്ധതിക്ക് പോരായ്മയില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പദ്ധതിക്കെതിരേ പ്രതിഷേധവുമായെത്തിയിരുന്നു. വികസനമാണെങ്കില്‍ ജനസമൂഹത്തിന്റെ വികസനമായിരിക്കണം. വലിയ വികസന പദ്ധതികളെ എതിര്‍ത്തവരാണ് സിപിഎമ്മുകാര്‍. ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്ത യെച്ചൂരിയുടെ പാര്‍ട്ടിയാണ് കെ റെയിലുമായി വരുന്നത്. വികസനത്തിന് വേണ്ടത് വാശിയല്ല, പ്രായോഗിക ബുദ്ധിയാണ്. ഇതാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും കെ സുധാകരന്‍ തുറന്നടിച്ചു. കെ റെയിലിലും ബന്ധുനിയമം നടക്കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയിലെ ജൂനിയര്‍ ഉദ്യോഗസ്ഥയായ ബ്രിട്ടാസിന്റെ ഭാര്യയാണ് ജനറല്‍ മാനേജര്‍. വ്യാജ ഡിപിആര്‍ തയാറാക്കിയാണ് പദ്ധതിക്ക് തറക്കല്ലിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it