Sub Lead

മൂന്ന് യുവാക്കളും വിദ്യാര്‍ഥിനിയും മയക്കുമരുന്നുമായി അറസ്റ്റില്‍; വിദ്യാര്‍ഥിനിയുടെ മൊബൈലില്‍ പെണ്‍കുട്ടികള്‍ ലഹരി നുകരുന്ന വീഡിയോകള്‍

ബംഗളൂരുവില്‍ ഡിഗ്രി പഠിച്ചു കൊണ്ടിരിക്കെയാണ് അശ്വനി ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയത്. ലഹരി ഉപയോഗത്തിലൂടെയാണ് പിടിയിലായ യുവാക്കളെ പരിചയപ്പെടുന്നതും ഇവരിലൊരാള്‍ കാമുകനാകുന്നതും

മൂന്ന് യുവാക്കളും വിദ്യാര്‍ഥിനിയും മയക്കുമരുന്നുമായി അറസ്റ്റില്‍; വിദ്യാര്‍ഥിനിയുടെ മൊബൈലില്‍ പെണ്‍കുട്ടികള്‍ ലഹരി നുകരുന്ന വീഡിയോകള്‍
X

കരുനാഗപ്പള്ളി: മൂന്ന് യുവാക്കളും വിദ്യാര്‍ഥിനിയും മയക്കുമരുന്നുമായി അറസ്റ്റില്‍. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടികളും യുവതികളും ലഹരി ഉപയോഗിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്ത ഓച്ചിറ ക്ലാപ്പന അശ്വതി നിവാസില്‍ അശ്വനീ കൃഷ്ണ(22)ന്റെ മൊബൈല്‍ ഫോണിലാണ് യുവതികള്‍ ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസമാണ് എംഡിഎംഎയുമായി അശ്വനിയെയും സുഹൃത്തുക്കളായ മലപ്പുറം പെരിന്തല്‍മണ്ണ ഉച്ചാരക്കടവ് ആണിക്കല്ലിങ്ങല്‍ വീട്ടില്‍ രജിത് എകെ(26), അങ്ങാടിപ്പുറം സര്‍ക്കാര്‍ പോളിടെക്‌നിക്കിന് സമപം തറയില്‍ വീട്ടില്‍ നിഷാദ്(27), മലപ്പുറം ചേരാറ്റുകുഴി കുഴിമാട്ടില്‍ കളത്തില്‍ സല്‍മാന്‍ മുഹമ്മദ്(27) എന്നിവരെ കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫിസര്‍ പിഎല്‍ വിജിലാലും സംഘവും അറസ്റ്റ് ചെയ്തത്. അഴീക്കല്‍ ബീച്ചിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന പാലത്തിന് അടിയില്‍ വച്ചാണ് ഇവരെ പിടികൂടുന്നത്. പിടികൂടുന്ന സമയം 0.410 ഗ്രാം എംഡിഎംഎ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു.പിടിയിലായ ചെറുപ്പക്കാരിലൊരാള്‍ അശ്വനിയുടെ കാമുകനാണ്.

ബംഗളൂരുവില്‍ ഡിഗ്രി പഠിച്ചു കൊണ്ടിരിക്കെയാണ് അശ്വനി ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയത്. ലഹരി ഉപയോഗത്തിലൂടെയാണ് പിടിയിലായ യുവാക്കളെ പരിചയപ്പെടുന്നതും ഇവരിലൊരാള്‍ കാമുകനാകുന്നതും. മൂന്ന് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബംഗളൂരുവില്‍ തന്നെ ഉപരിപഠനവും ജോലിയും ചെയ്യുകയായിരുന്നു. ഇതിനിടയില്‍ നാട്ടില്‍ അവധിക്കെത്തുമ്പോള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ലഹരി ഉപയോഗിക്കുകയും നാട്ടില്‍ പലര്‍ക്കും ലഹരിമരുന്ന് എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.നിരന്തരമായ ഉപയോഗം മൂലം അശ്വനി മയക്കു മരുന്നിന് അടിമയായി മാറി. കാമുകനും സുഹൃത്തുക്കളും ബംഗളൂരുവില്‍ നിന്നും എത്തിച്ച എംഡിഎംഎ അശ്വനിക്ക് കൈമാറാനായി ഓച്ചിറയില്‍ എത്തിയതായിരുന്നു. പിന്നീട് ഇവരുടെ സ്ഥിരം താവളമായ അഴീക്കലില്‍ എത്തി നാലു പേരും കൂടി ലഹരി ഉപയോഗിച്ചു. ഈ സമയം അവിടെയെത്തിയ എക്‌സൈസ് സംഘം സംശയാസ്പദമായി കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അശ്വനി വീട്ടില്‍ നിന്നും സുഹൃത്തിന്റെ വിവാഹത്തിന് പോകുകയാണ് എന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ക്കൊപ്പം ലഹരി ഉപയോഗിക്കാന്‍ പോയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി തവണ ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചു. പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്ന അശ്വനി ഇത്തരത്തില്‍ മയക്കു മരുന്ന് ഉപയോഗത്തിലേക്ക് പോയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. മാതാപിതാക്കളെ കൂടാതെ ഇളയ ഒരു സഹോദരന്‍ കൂടിയുണ്ട്. പെണ്‍കുട്ടിയെ വിശദമായ കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു.യുവതി ആണ്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് വിവിധ തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗം ശീലമാക്കുകയും നിശ്ചിത ഇടവേളകളില്‍ മയക്കുമരുന്ന് നാട്ടില്‍ കൊണ്ടുവന്നു തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ലഹരി കൈമാറ്റത്തിലും ഉപയോഗത്തിലും ഏര്‍പ്പെട്ടു വരികയായിരുന്നുവെന്നു ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി സുരേഷിന്റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ച് ബീച്ചുകള്‍, ഹാര്‍ബറുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയതോടെയാണ് അഴീക്കല്‍ പുതിയ പാലത്തിനു സമീപം വച്ച് സംശയകരമായ തരത്തില്‍ യുവതിയെ കാണാനിടയാകുകയും പ്രതികള്‍ പിടിയിലാവുകയും ചെയ്തത്.

അശ്വനിയും ഒപ്പം യുവതികളും യുവാക്കളും അടങ്ങുന്ന സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങും. വിശദമായി അന്വേഷിച്ചതിന് ശേഷം ഇവരെ കസ്റ്റഡിയില്‍ എടുക്കാനാണ് എക്‌സൈസിന്റെ തീരുമാനം. ഫോണ്‍ വിട്ടു കിട്ടാനും അശ്വനിയെ കസ്റ്റഡിയില്‍ വാങ്ങാനും കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. പ്രിവന്റീവ് ഓഫിസര്‍ എസ് ഉണ്ണികൃഷ്ണപിള്ള, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി വി ഹരികൃഷ്ണന്‍, എസ് കിഷോര്‍, രജിത് കെ പിള്ള. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ ജി ട്രീസ, റാസ്മിയ, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ മനാഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it