Sub Lead

കര്‍ഷക പ്രക്ഷോഭം തുടരുന്നു; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം (വീഡിയോ)

പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചത്.

കര്‍ഷക പ്രക്ഷോഭം തുടരുന്നു; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം (വീഡിയോ)
X

ന്യൂഡല്‍ഹി: രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തുടരുന്നു. ഇന്ന് രാവിലെ ഒരു സംഘം കര്‍ഷകര്‍ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്റ്റര്‍ കത്തിച്ചാണ് തങ്ങളുടെ പ്രതിഷേധമറിയിച്ചത്. പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചത്.

അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയും പോലിസ് ട്രാക്ടര്‍ നീക്കം ചെയ്യുകയും ചെയ്തു.15-20 പേര്‍ ചേര്‍ന്നാണ് ട്രാക്റ്റര്‍ കത്തിച്ചതെന്ന് ഡല്‍ഹി പോലിസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലിസ് കൂട്ടിച്ചേര്‍ത്തു. 15 മുതല്‍ 20 വരെ ആളുകള്‍ രാവിലെ 7.15 നും 7.30 നും ഇടയില്‍ ഒത്തുകൂടി ട്രാക്ടറിന് തീയിടുകയായിരുന്നു.

പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യം മുഴക്കിയതായി പോലിസ് പറഞ്ഞു. പ്രതിഷേധക്കാരെ തിരിച്ചറിയാന്‍ ശ്രമം നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു. കര്‍ഷക പ്രതിഷേധങ്ങക്കിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പുവച്ചിരുന്നു. ഇതോടെ മൂന്ന് വിവാദ ബില്ലുകളും നിയമമായി. രാജ്യസഭയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പാസാക്കിയതിനാല്‍ ബില്ലുകള്‍ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

മോദി സര്‍ക്കാരിന്റെ സുപ്രധാന പരിഷ്‌കരണ നടപടിക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പച്ചക്കൊടി കാണിച്ചത്. ഇനി മുതല്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള വിപണികള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് യഥേഷ്ടം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത്. കോര്‍പറേറ്റ് കമ്പനികള്‍ക്ക് കര്‍ഷകരുമായി കരാറുണ്ടാക്കി കൃഷി നടത്താനും നിയമം പ്രാബല്യത്തിലായതോടെ അവസരമൊരുങ്ങി.

Next Story

RELATED STORIES

Share it