Sub Lead

റീല്‍സ് ഷൂട്ടിങിനിടെ ട്രാവലര്‍ ഇന്‍ഫ്‌ലുവന്‍സര്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് വീണ് മരിച്ചു

റീല്‍സ് ഷൂട്ടിങിനിടെ ട്രാവലര്‍ ഇന്‍ഫ്‌ലുവന്‍സര്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് വീണ് മരിച്ചു
X

റായ്ഗഡ്: റീല്‍സ് ഷൂട്ടിങിനിടെ വനിതാ ട്രാവലര്‍ ഇന്‍ഫഌവന്‍സര്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് വീണ് മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്തുള്ള കുംഭെ വെള്ളച്ചാട്ടത്തിലാണ് മുംബൈ സ്വദേശിനി ആന്‍വി കാംദാര്‍(26) മരണപ്പെട്ടത്. റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ 300 അടി താഴ്ചയില്‍ വീണാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ 16ന് ഏഴ് സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടത്തിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു ആന്‍വി. ഇന്ന് രാവിലെ 10.30 ഓടെ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ താഴ്ചയിലേക്ക് തെന്നി വീണാണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡ്, കോലാഡ് റെസ്‌ക്യൂ ടീം, മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍ ഉള്‍പ്പെട്ട രക്ഷാസംഘം സ്ഥലത്തെത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

'ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ യുവതി ഏകദേശം 300-350 അടി താഴ്ചയിലേക്ക് വീണതായി ഞങ്ങള്‍ക്ക് മനസ്സിലായി. കനത്ത മഴ കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുത്തനെയുള്ള കപ്പി ഉപയോഗിച്ചാണ് അവളെ പുറത്തെടുത്തതെന്നും രക്ഷാപ്രവര്‍ത്തകന്‍ എന്‍ഡിടിവിയോട് പറഞ്ഞു. ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആന്‍വിയെ പുറത്തെത്തിച്ചു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ മനഗാവ് ഉപജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് തഹസില്‍ദാറും മനഗാവ് പോലിസും വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും പ്രദേശത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സഹ്യപര്‍വതനിരകളുടെ ദൃശ്യഭംഗി ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു. ജീവന്‍ അപകടപ്പെടുത്തുന്ന അപകടകരമായ പെരുമാറ്റങ്ങള്‍ ഒഴിവാക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it