Sub Lead

വേര്‍പിരിഞ്ഞ ഭര്‍ത്താവ് കുട്ടിയെ സന്ദര്‍ശിക്കുമ്പോള്‍ അതിഥിയെപ്പോലെ പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

മക്കളുടെ മുന്നില്‍ അച്ഛനും അമ്മയും തമ്മില്‍ മോശമായി പെരുമാറുന്നത് കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി വ്യക്തമാക്കി.

വേര്‍പിരിഞ്ഞ ഭര്‍ത്താവ് കുട്ടിയെ സന്ദര്‍ശിക്കുമ്പോള്‍   അതിഥിയെപ്പോലെ പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: വിവാഹബന്ധം വേര്‍പെടുത്തിയ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കണക്കാക്കി നന്നായി പെരുമാറണമെന്ന് മദ്രാസ് ഹൈക്കോടതി. മക്കളുടെ മുന്നില്‍ അച്ഛനും അമ്മയും തമ്മില്‍ മോശമായി പെരുമാറുന്നത് കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി വ്യക്തമാക്കി.

വിവാഹമോചനം നേടിയ യുവാവ് മകളെ കാണാനനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. ചെന്നൈയിലെ പാര്‍പ്പിടസമുച്ചയത്തില്‍ അമ്മയോടൊപ്പം കഴിയുന്ന മകളെ ആഴ്ചയില്‍ രണ്ടുദിവസം വൈകുന്നേരങ്ങളില്‍ സന്ദര്‍ശിക്കാന്‍ അതേ സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അച്ഛന് കോടതി അനുമതി നല്‍കി. അച്ഛന്‍ കാണാനെത്തുമ്പോള്‍ ചായയും ഭക്ഷണവും നല്‍കണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും ബാങ്കുദ്യോഗസ്ഥയായ അമ്മയോട് കോടതി നിര്‍ദേശിച്ചു. പത്തുവയസ്സുമാത്രമുള്ള മകളുടെ മുന്നില്‍വെച്ച് മോശമായി പെരുമാറിയാല്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്ന് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

വിവാഹമോചനം നേടിയ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ പലപ്പോഴും നല്ല പെരുമാറ്റം ലഭിക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിദ്വേഷം എന്ന വികാരം കുട്ടികളുടെ മനസ്സിലേക്ക് സ്വാഭാവികമായി കടന്നുചെല്ലുന്ന ഒന്നല്ല. കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണത്. മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹപൂര്‍ണമായ ബന്ധം ഓരോ കുട്ടിയുടെയും അവകാശമാണ്. മാതാപിതാക്കളില്‍ ഒരാളെക്കുറിച്ച് മറ്റേയാള്‍ മക്കളുടെ മനസ്സില്‍ വിദ്വേഷം ജനിപ്പിക്കുന്നത് ശിശുപീഡനമാണ്. ബന്ധം വേര്‍പെടുത്തിയയാളോട് സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റിയില്ലെങ്കിലും അയാളെ അതിഥിയായി പരിഗണിക്കാനാകണം. അതിഥി ദേവോ ഭവ എന്ന സങ്കല്പമനുസരിച്ച് അയാളോട് നന്നായി പെരുമാറണമെന്നും കോടതി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it