Sub Lead

തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ കൊവിഡ് ഇതര രോഗികള്‍ക്ക് കിടത്തി ചികിത്സ: എസ്ഡിപിഐ നിവേദനം നല്‍കി

തിരൂരങ്ങാടി, പരപ്പനങ്ങാടി, എആര്‍ നഗര്‍, വള്ളികുന്ന്, വേങ്ങര, നന്നമ്പ്ര, തെന്നല, താനൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളെ സ്ഥലസൗകര്യമില്ലെന്നു പറഞ്ഞു മടക്കി അയക്കുന്നുവെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. ഇവിടെ ഇപ്പോള്‍ പ്രസവ ചികിത്സ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ കൊവിഡ് ഇതര രോഗികള്‍ക്ക് കിടത്തി ചികിത്സ: എസ്ഡിപിഐ നിവേദനം നല്‍കി
X

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ കൊവിഡ് ഇതര കിടത്തി ചികിത്സ നിര്‍ത്തിയത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ താലൂക്ക് ആശുപത്രി മെഡിക്കല്‍ സുപ്രണ്ട് നസീമ മുബാറക്കിന് നിവേദനം നല്‍കി.എസ്ഡിപിഐ തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റിയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്‍കിയത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

തിരൂരങ്ങാടി, പരപ്പനങ്ങാടി, എആര്‍ നഗര്‍, വള്ളികുന്ന്, വേങ്ങര, നന്നമ്പ്ര, തെന്നല, താനൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളെ സ്ഥലസൗകര്യമില്ലെന്നു പറഞ്ഞു മടക്കി അയക്കുന്നുവെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. ഇവിടെ ഇപ്പോള്‍ പ്രസവ ചികിത്സ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

കൊവിഡ് കിടത്തി ചികിത്സ സൗകര്യം വര്‍ധിപ്പിച്ചതോടെയാണ് കൊവിഡ് ഇതര രോഗികള്‍ക്ക് കിടത്തി ചികിത്സ ഇല്ലാതായത്. ഓപറേഷന്‍ തിയറ്ററും പത്തിലേറെ സ്‌പെഷാലിറ്റി ഡോക്ടര്‍മാരും ഉണ്ടായിട്ടും ഇപ്പോള്‍ ആകെ പ്രസവത്തിനെത്തുന്നവര്‍ക്ക് മാത്രമാണ് കിടത്തി ചികിത്സയുള്ളത്. പരിക്ക് പറ്റിയും മറ്റും എത്തുന്ന നിരവധി പേരെ മടക്കി അയച്ചതായി ആക്ഷേപമുണ്ട്.

നേരത്തെ കിടത്തി ചികിത്സ വാര്‍ഡുണ്ടായിരുന്ന കുട്ടികളുടെയും സ്ത്രീകളുടെയും കെട്ടിടത്തില്‍ 3 നിലകളും, കൂടാതെ ഡിഇഐസി കെട്ടിടവും ഇപ്പോള്‍ കൊവിഡ് ചികിത്സക്കായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ 180 രോഗികള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്

നേരത്തെ പഴയ കെട്ടിടത്തിലെ 20 വാര്‍ഡുകള്‍ മാത്രമാണ് കൊവിഡ് കിടത്തി ചികിത്സയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ 181 വാര്‍ഡുകളാക്കി ഉയര്‍ത്തി. 120 കിടക്കകളാണ് ആദ്യം നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് 181 ആക്കാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നാണ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് നിവേദനസംഘത്തോട് പറഞ്ഞത്. ഇതോടെ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടം മുക്കാല്‍ ഭാഗവും എടുക്കേണ്ടി വന്നതായും പറയുന്നു.

ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇപ്പോള്‍ പ്രസവ ചികിത്സ നടത്തുന്നത്. കൊവിഡ് ഇതര രോഗികള്‍ക്കായി 39 കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതില്‍ ഭൂരിഭാഗവും പ്രസവ ചികിത്സക്കാണ്. ഇതില്‍ 5 കിടക്കകള്‍ പാലിയേറ്റീവ് വാര്‍ഡില്‍ സൗകര്യപ്പെടുത്തുമെന്നും പറയുന്നുണ്ട്. എന്നാല്‍ മുതിര്‍ന്ന നിത്യരോഗികളാണ് പാലിയേറ്റീവ് വാര്‍ഡില്‍ ഉള്ളത്.

ശസ്ത്രക്രിയ കഴിഞ്ഞവര്‍ ഉള്‍പ്പെടെയുള്ളവരെ ഇവരോടൊപ്പം കിടത്തിയാല്‍ അണുബാധക്ക് സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പേ വാര്‍ഡ് കെട്ടിടം, പഴയ ഐപി ബ്ലോക്ക്, ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഒഴിവുള്ളതിനാല്‍ ഇവ ഉപയോഗപ്പെടുത്തി കൊവിഡ് ഇതര രോഗികള്‍ക്ക് കിടത്തി ചികിത്സ ആരംഭിക്കണം.എന്നാല്‍ ഇവിടേക്ക് വേണ്ടത്ര സ്റ്റാഫ് കള്‍ ഇല്ലാത്തതാണ് ഇത് ഉപയോഗപെടുത്താന്‍ കഴിയാത്തതെന്നാണ് സൂപ്രണ്ട് പറയുന്നത്.പരാതികള്‍ ബന്ധപ്പെട്ടവരെ ഉടനെ അറിയിക്കുമെന്നും സൂപ്രണ്ട് നസീമ മുബാറക്ക് എസ്.ഡി.പി.ഐ സംഘത്തോട് പറഞ്ഞു.

കൊവിഡ് രോഗികളുടെ എണ്ണം 100 ല്‍ താഴെയായതിനാല്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തിയവയില്‍ ഒരു ഭാഗം തല്‍ക്കാലം ഉപയോഗപ്പെടുത്തുകയും വേണം. കിടത്തിചികിത്സ ഇല്ലാതായതോടെ സാധാരണക്കാര്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

സാധരണക്കാരുടെ ആശ്രയമായ ഇവിടെ നിന്ന് ദൂരങ്ങള്‍ താണ്ടി ചികിത്സ തേടാനും, വലിയ തുകകള്‍ നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും കഴിയാത്ത സാഹചര്യം അധികൃതര്‍ മനസ്സിലാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തയ്യാറാകുമെന്നും തിരൂരങ്ങാടി മുന്‍സിപ്പല്‍ എസ്ഡിപിഐ കമ്മറ്റി നിവേദനത്തില്‍ പറഞ്ഞു.

നിവേദനസംഘത്തില്‍ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം വൈസ്പ്രസി. ജാഫര്‍ ചെമ്മാട്, മുന്‍സിപ്പല്‍ നേതാക്കളായ ഉസൈന്‍ തകര, ഹമീദ് ചെമ്മാട്, സാബിക്ക് പന്താരങ്ങാടി സംബന്ധിച്ചു.

Next Story

RELATED STORIES

Share it