Sub Lead

സയണിസ്റ്റുകളെ വിറപ്പിച്ച് 'ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫള്ഡ്' അപ്‌ഡേറ്റ്

ഇസ്രായേലി സൈന്യം അഞ്ച് വര്‍ഷം തടവിലിട്ട അഹമദ് അല്‍ ഫലസ്തീനി ഫുര്‍സാന്‍ അല്‍ അഖ്‌സ എന്ന പ്രതിരോധ പ്രസ്ഥാനത്തില്‍ ചേരുന്നതാണ് പ്രമേയം.

സയണിസ്റ്റുകളെ വിറപ്പിച്ച് ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫള്ഡ് അപ്‌ഡേറ്റ്
X

മല്ല: ഫലസ്തീന്‍ സ്വാതന്ത്രസമര പോരാട്ടം കേന്ദ്രബിന്ദുവാക്കി തയ്യാറാക്കിയ വീഡിയോ ഗെയിമില്‍ പുതിയ അപ്‌ഡേറ്റ്. 2022ല്‍ റിലീസ് ചെയ്ത 'ഫുര്‍സാന്‍ അല്‍ അഖ്‌സ: ദ നൈറ്റ്‌സ് ഓഫ് ദി അല്‍ അഖ്‌സ മോസ്‌ക്' എന്ന ഗെയിമിലാണ് 'ഓപ്പറേഷന്‍ തൂഫാനുല്‍ അഖ്‌സ' എന്ന പ്രമേയത്തിലുള്ള മാപും ചേര്‍ത്തിരിക്കുന്നത്. ഗെയിമും അപ്‌ഡേറ്റും കുട്ടികള്‍ക്കിടയില്‍ വൈറലായതോടെ ബ്രിട്ടനിലെ കൗണ്ടര്‍ ടെററിസം ഇന്റര്‍നെറ്റ് റെഫറല്‍ യൂണിറ്റ് ഇത് സ്ട്രീം ചെയ്യുന്നത് നിരോധിച്ചു.

ഇസ്രായേലി സൈന്യം അഞ്ച് വര്‍ഷം തടവിലിട്ട അഹമദ് അല്‍ ഫലസ്തീനി എന്ന കഥാപാത്രം ഫുര്‍സാന്‍ അല്‍ അഖ്‌സ എന്ന പ്രതിരോധ പ്രസ്ഥാനത്തില്‍ ചേരുന്നതാണ് ഗെയിമിന്റെ പ്രമേയം. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ ഫലസ്തീന്‍ സ്വതന്ത്രമാവുമെന്നും പറയുന്ന ഭാഗങ്ങളും ഈ ഗെയിമിലുണ്ട്. ഇസ്രായേലി സൈനികരെ കൊല്ലാനും ബോംബ് സ്‌ഫോടനങ്ങള്‍ നടത്താനും ഈ ഗെയിം അവസരം നല്‍കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

1980ല്‍ ഫലസ്തീനില്‍ നിന്ന് അഭയാര്‍ത്ഥിയായി പോയ നിജിം എന്നയാളുടെ മകനായ ഫലസ്തീനിയന്‍-ബ്രസീലിയന്‍ പൗരന്‍ നിദാലാണ് 2022ല്‍ ഗെയിം വികസിപ്പിച്ചത്. തൂഫാനുല്‍ അഖ്‌സക്ക് ശേഷമാണ് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്. ചരിത്രപ്രസിദ്ധമായ ദിനത്തിന്റെ ഓര്‍മയില്‍ ഗെയിം കളിക്കൂയെന്നാണ് നിദാല്‍ പറയുന്നത്.




തൂഫാനുല്‍ അഖ്‌സയില്‍ ഹമാസിന്റെ നേതൃത്വത്തില്‍ പോരാളികള്‍ ഗ്ലൈഡറുകളില്‍ എത്തിയതിന് സമാനമായ രീതിയിലാണ് ഗെയിമിലും കഥാപാത്രം എത്തുക. ഇസ്രായേലി സൈനികരുടെ എണ്ണം കുറയുമ്പോള്‍ ഇത്ര സയണിസ്റ്റ് സൈനികര്‍ ബാക്കിയുണ്ടെന്ന സന്ദേശവും കാണം. കൂടാതെ, ശത്രുക്കളെ കാണിക്കുമ്പോള്‍ ഫലസ്തീന്‍ പ്രതിരോധ സംഘടനകള്‍ ഉപയോഗിക്കുന്ന ചുവപ്പ് നിറത്തിലുള്ള കുത്തനെ നിര്‍ത്തിയ ത്രികോണ ചിഹ്നവും പ്രത്യക്ഷപ്പെടും.


വീഡിയോ ഗെയിമില്‍ എവിടെയും ഹമാസിനെ കുറിച്ച് പറയുന്നില്ലെങ്കിലും അല്‍ ഖസം ബ്രിഗേഡിനെ കുറിച്ച് പറയുന്നുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. യുകെയിലെ സട്രീമില്‍ നിന്ന് ഇതിനെ നീക്കിയതില്‍ നിദാല്‍ നിജിം ദുഖം പ്രകടിപ്പിച്ചു. പ്രശസ്ത വീഡിയോ ഗെയിമായ കോള്‍ ഓഫ് ഡൂട്ടിയില്‍ റഷ്യന്‍ മിഷനുകളും ഇറാഖി മിഷനുകളും ഉണ്ടെന്ന് നിദാല്‍ ചൂണ്ടിക്കാട്ടി. ഗെയിമില്‍ റഷ്യക്കാരെയും ഇറാഖികളെയും കൊല്ലുന്നതിന് ആര്‍ക്കും പ്രശ്‌നമില്ലെന്നും നിദാല്‍ വിമര്‍ശിച്ചു.നേരത്തെ ജര്‍മനിയും ആസ്‌ത്രേലിയയും ഗെയിം ബ്ലോക്ക് ചെയ്തിരുന്നു. കൂടാതെ യൂട്യൂബ് നിദാലിന്റെ ചാനലും ബ്ലോക്ക് ചെയ്തു.

Next Story

RELATED STORIES

Share it