Sub Lead

ത്രിശൂലം അല്ലെങ്കില്‍ ഉദയസൂര്യന്‍; പുതിയ ചിഹ്‌നത്തിനും പേരിനും അനുമതി തേടി ഉദ്ധവ് പക്ഷം

ത്രിശൂലം അല്ലെങ്കില്‍ ഉദയസൂര്യന്‍; പുതിയ ചിഹ്‌നത്തിനും പേരിനും അനുമതി തേടി ഉദ്ധവ് പക്ഷം
X

മുംബൈ: പാര്‍ട്ടി പേരും തിരഞ്ഞെടുപ്പ് ചിഹ്‌നവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരിവിപ്പിച്ചതോടെ ശിവസേനയെ പുതിയ രൂപത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമവുമായി ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷം രംഗത്ത്. അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അനുമതി ലഭിക്കുന്നതിനായി പുതിയ പേരുകളും ചിഹ്‌നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്. 'ശിവസേന ബാലാസാഹേബ് താക്കറെ', 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ' എന്നീ പേരുകളാണ് ഉദ്ധവ് പരിഗണിക്കുന്നത്. ശിവസേന ബാലസാഹേബ് താക്കറെ എന്ന പേരിനാണ് ഉദ്ധവ് പക്ഷം പ്രഥമപരിഗണന നല്‍കുന്നത്.

ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറെ എന്ന പേരാണ് രണ്ടാമതായി പരിഗണിക്കുന്നത്. പേരിനു പുറമേ രണ്ട് ചിഹ്‌നങ്ങളും അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ത്രിശൂലം അല്ലെങ്കില്‍ ഉദയസൂര്യന്‍ ചിഹ്‌നമായി അനുവദിക്കണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ശിവസേനാ പൈതൃകത്തില്‍ അവകാശവാദമുന്നയിച്ച് ഉദ്ധവ് താക്കറെ- ഏക്‌നാഥ് ഷിന്‍ഡെ പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തതിന് പിന്നാലെ ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ അമ്പും വില്ലും മരവിപ്പിച്ചിരുന്നു.

കമ്മീഷന്റെ തീരുമാനം വരുന്നതുവരെ ഇരുവിഭാഗങ്ങള്‍ക്കും പാര്‍ട്ടി പേരും ചിഹ്‌നവും ഉപയോഗിക്കാനാവില്ല. ഇതിന് പിന്നാലെയാണ് ഉദ്ധവ് പക്ഷം പുതിയ നീക്കവുമായി മുന്നോട്ടുപോവുന്നത്. ചിഹ്‌നം മരവിപ്പിച്ചതിന് പിന്നാലെയാണ് മൂന്ന് പേരുകളും ചിഹ്‌നങ്ങളും അടങ്ങിയ പട്ടിക സമര്‍പ്പിക്കാന്‍ ഇരുകൂട്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. സമര്‍പ്പിക്കുന്ന പേരുകളില്‍നിന്നും ചിഹ്‌നങ്ങളില്‍നിന്നും ഒരോന്നുവീതം ഇരുകൂട്ടര്‍ക്കും അനുവദിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇരുപക്ഷത്തിനും പുതിയ പേരുകള്‍ തിരഞ്ഞെടുക്കേണ്ടിവരുന്നത്. 1989ലാണ് ശിവസേനയ്ക്ക് അമ്പും വില്ലും ചിഹ്നം ലഭിക്കുന്നത്. അതിന് മുമ്പ് വാളും പരിചയും, തെങ്ങ്, റെയില്‍വേ എന്‍ജിന്‍ തുടങ്ങിയ ചിഹ്നങ്ങളിലാണ് ശിവസേന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നത്. ഏക്‌നാഥ് ഷിന്ദേയും സംഘവും ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ അവകാശത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്. ഉദ്ധവ് താക്കറെ പക്ഷം ശുഷ്‌കമാണെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ പിന്തുണയില്ലെന്നുമാണ് ഷിന്‍ഡെ പക്ഷത്തിന്റെ വാദം. എന്നാല്‍, പുതിയ പേരും ചിഹ്നവും ഷിന്‍ഡെ പക്ഷം മുന്നോട്ടുവച്ചിട്ടില്ല. ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സര്‍ക്കാരിനെ അട്ടിമറിച്ചാണ് ഒരുവിഭാഗം ശിവസേനാ എംഎല്‍എമാര്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത്.

Next Story

RELATED STORIES

Share it