Sub Lead

സാമൂഹിക മാധ്യമ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ഫാക്ട് ചെക് ലേബലുകള്‍ നല്‍കിയതിന് പിന്നാലെയാണ് നടപടി.

സാമൂഹിക മാധ്യമ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
X

വാഷിംഗ്ടണ്‍: സാമൂഹിക മാധ്യമങ്ങളെ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം.

ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ഫാക്ട് ചെക് ലേബലുകള്‍ നല്‍കിയതിന് പിന്നാലെയാണ് നടപടി. സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഈയിടെയാണ് അവരുടെ പ്ലാറ്റ്‌ഫോമില്‍ ഫാക്ട് ചെക്കിങ് എന്ന സംവിധാനം ഒരുക്കിയത്. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വീറ്റര്‍ രേഖപ്പെടുത്തിയിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവ് ഇറക്കുമെന്ന് വൈറ്റ് ഹൗസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ സമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ല്‍ ഇങ്ങനെ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രണ്ട് ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ ഫാക്ട് ചെക്ക് ലേബലിട്ടത്. തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ പരിഷ്‌കാരങ്ങള്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം ലക്ഷ്യമിട്ടാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. തപാല്‍ ബാലറ്റുകളെ വഞ്ചന എന്ന് അഭിസംബോധന ചെയ്ത ട്രംപ് ഇത്തരം ബാലറ്റുകള്‍ കവര്‍ച്ച ചെയ്യപ്പെടുമെന്നും വഞ്ചിക്കപ്പെടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിനുതാഴെ 'മെയില്‍ ഇന്‍ ബാലറ്റിന്റെ വസ്തുതകള്‍ അറിയുക' എന്ന സന്ദേശം ചേര്‍ത്തുകൊണ്ട് ട്വിറ്റര്‍, വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ച് സിഎന്‍എന്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയവ പ്രസിദ്ധികരിച്ച വാര്‍ത്തകളും നല്‍കി.

ട്വിറ്ററിന്റെ നടപടിയില്‍ പ്രകോപിതനായ ട്രംപ് രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ട്വിറ്റര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള ശ്രമമാണ് നടത്തുന്നത്. ''മെയില്‍ ബാലറ്റിനെക്കുറിച്ചുള്ള എന്റെ ട്വീറ്റ് തെറ്റാണെന്ന് അവര്‍ പറയുന്നു. സത്യം അറിയാനായി അവര്‍ കൊടുത്തതാകട്ടെ സിഎന്‍എന്നിന്‍േറയും വാഷിങ്ടണ്‍ പോസ്റ്റിന്‍േറയു വ്യാജ വാര്‍ത്തകളും. തപാല്‍ ബാലറ്റില്‍ കടുത്ത അഴിമതിയും അട്ടിമറിയുമുണ്ടെന്ന സത്യം മറച്ചുവെക്കാനുള്ള ശ്രമത്തില്‍ ട്വിറ്ററും പങ്കാളിയാകുകയാണ്. ട്രംപ് ട്വീറ്റ് ചെയ്തു.

അതേ സമയം ട്രംപിന്റെ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചു. ട്രംപിന്റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ട്വിറ്റര്‍ വക്താവ് അറിയിച്ചത്.

Next Story

RELATED STORIES

Share it