Sub Lead

അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്കായി തുര്‍ക്കി 10 സ്‌കൂളുകള്‍ വീണ്ടും തുറന്നു

താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെ അടച്ചിട്ട 14 ഗേള്‍സ് സ്‌കൂളുകളില്‍ 10 എണ്ണമാണ് ഇപ്പോള്‍ വീണ്ടും തുറന്നത്.

അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്കായി തുര്‍ക്കി 10 സ്‌കൂളുകള്‍ വീണ്ടും തുറന്നു
X

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തുര്‍ക്കി സര്‍ക്കാര്‍ നടത്തുന്ന ഗേള്‍സ് സ്‌കൂളുകളില്‍ 10 എണ്ണവും വീണ്ടും തുറന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്ലു. താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെ അടച്ചിട്ട 14 ഗേള്‍സ് സ്‌കൂളുകളില്‍ 10 എണ്ണമാണ് ഇപ്പോള്‍ വീണ്ടും തുറന്നത്.

കഴിഞ്ഞ മാസം താലിബാന്‍ പ്രതിനിധി സംഘവുമായി താന്‍ വ്യക്തിപരമായി നടത്തിയ ചര്‍ച്ചയിലൂടെ, നയതന്ത്രപരമായി അഫ്ഗാന്‍ സ്ത്രീകളെ പിന്തുണയ്ക്കാന്‍ തുര്‍ക്കി ശ്രമിക്കുകയാണെന്നും കാവുസോഗ്ലു പറഞ്ഞു. അഫ്ഗാന്‍ സ്ത്രീകളെ സഹായിക്കാനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് തുടരാനും തുര്‍ക്കി ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വിഭാഗത്തേയും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഫ്ഗാനിലെ ഇടക്കാല വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയോട് ആവശ്യപ്പെടുന്നതിന് കഴിഞ്ഞ മാസം കാവുസോഗ്ലു അഫ്ഗാനിലെത്തിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ മൊത്തം 80 സ്‌കൂളുകള്‍ക്ക് തുര്‍ക്കി ധനസഹായം നല്‍കുന്നുണ്ട്. ഇതില്‍ 14 എണ്ണം പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണ്.

ഈ വര്‍ഷം ആദ്യം അഫ്ഗാന്‍ താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ഏക നാറ്റോ രാജ്യത്തിന്റെ എംബസി തുര്‍ക്കിയുടേതാണ്. അഫ്ഗാനിസ്ഥാന്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ അഫ്ഗാന്‍ പെണ്‍കുട്ടിക്ക് തുര്‍ക്കി സ്‌കോളര്‍ഷിപ്പ് അനുവദിച്ചതായും കാവുസോഗ്ലു പറഞ്ഞു.

ആങ്കറ കാബൂളിലേക്ക് മാനുഷിക സഹായം അയയ്ക്കുന്നുണ്ടെന്നും അടുത്തിടെ 33 ടണ്‍ ഭക്ഷ്യസഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം രാജ്യത്ത് നിന്ന് പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് മിക്ക പാശ്ചാത്യ ധനസഹായവും സഹായവും പിന്‍വലിച്ചതിന്റെ ഫലമായി അഫ്ഗാനിസ്ഥാന്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്.

വിമാനത്താവള ചര്‍ച്ചകള്‍

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തുര്‍ക്കിയുടെ ചര്‍ച്ചകള്‍ താലിബാനും ഖത്തറുമായി ഇപ്പോഴും തുടരുകയാണെന്നും കാവുസോഗ്ലു പറഞ്ഞു.

വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ ഖത്തറികളെ സഹായിക്കാന്‍ ഒരു ഡസന്‍ തുര്‍ക്കി സാങ്കേതിക വിദഗ്ധര്‍ കാബൂളില്‍ എത്തിയിയിരുന്നു. സെപ്തംബര്‍ 1 ന് ഒരു ചെറിയ സുരക്ഷാ ടീമിനൊപ്പം അവരെ അവിടെ വിന്യസിച്ചിരുന്നു.

Next Story

RELATED STORIES

Share it