Sub Lead

സംഭലില്‍ യഥാര്‍ത്ഥ തോക്കുപയോഗിച്ച് വെടിവച്ചെന്ന് സമ്മതിച്ച് പോലിസ്

പ്രതിഷേധക്കാര്‍ക്കെതിരേ പെല്ലറ്റ് തോക്ക് മാത്രമാണ് ഉപയോഗിച്ചതെന്നാണ് പറഞ്ഞിരുന്നത്‌

സംഭലില്‍ യഥാര്‍ത്ഥ തോക്കുപയോഗിച്ച് വെടിവച്ചെന്ന് സമ്മതിച്ച് പോലിസ്
X

ലഖ്‌നോ: സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് പരിസരത്ത് പ്രതിഷേധക്കാര്‍ക്കെതിരേ പെല്ലറ്റ് തോക്കാണ് ഉപയോഗിച്ചതെന്ന മുന്‍ വാദം മാറ്റി പോലിസ്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ യഥാര്‍ത്ഥ തോക്കുപയോഗിച്ച് രണ്ട് തവണ ആകാശത്തേക്ക് വെടിവച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സംഭല്‍ എസ്പി കൃഷന്‍ കുമാര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ''ഒരു പോലിസുകാരന്‍ വെടിവയ്ക്കുന്നതിന്റെ വീഡിയോ കണ്ടിരുന്നു. ആരാണ് വെടിവച്ചതെന്ന് അന്വേഷിക്കുകയാണ്''-എസ് പി പറഞ്ഞു.

നവംബര്‍ 24ന് സംഭലില്‍ പള്ളിക്ക് സമീപം നടന്ന വെടിവയ്പ്പില്‍ ആറ് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, പെല്ലറ്റ് തോക്ക് മാത്രമാണ് പോലിസ് ഉപയോഗിച്ചതെന്നാണ് 25ന് ജില്ലാഭരണകൂടവും പോലിസും പറഞ്ഞത്. 0.315 ബോര്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ആറു പേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നത്.

പോലിസ് ആരെയും വെടിവച്ചു കൊന്നിട്ടില്ലെന്നാണ് മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ ആഞ്ജനേയ സിങ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ അയാളും നിലപാട് മാറ്റി. '' ആറു പേര്‍ വെടിയേറ്റു മരിച്ച കാര്യം പോലിസ് അന്വേഷിക്കുകയാണ്. എങ്ങനെയാണ് മരിച്ചത്, ആരാണ് വെടിവച്ചത് എന്നീ കാര്യങ്ങള്‍ പരിശോധിക്കും. റിപോര്‍ട്ട് വന്നാലേ സത്യം വെളിവാവൂ'' -ആഞ്ജനേയ സിങ് പറഞ്ഞു.

''നവംബര്‍ 19ന് സര്‍വേ നടത്തുമ്പോള്‍ 50 പേര്‍ മാത്രമാണ് പള്ളിക്ക് സമീപമുണ്ടായിരുന്നത്. 24ന് ചെല്ലുമ്പോള്‍ ധാരാളം പേരുണ്ടായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ, എഡിഎം വന്ദന മിശ്ര, സി ഐ അനുജ് ചൗധുരി എന്നിവരാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത്.''- ആഞ്ജനേയ സിങ് വിശദീകരിച്ചു.

സംഭല്‍ സംഘര്‍ഷത്തില്‍ ഇതുവരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. ''ഇതില്‍ നാലെണ്ണം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്.കേസുകളില്‍ ഇതുവരെ 34 പേരെ അറസ്റ്റ് ചെയ്തു. 400 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.''-രാജേന്ദ്ര പെന്‍സിയ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘം രൂപീകരിച്ചതായി അഡീഷണല്‍ സൂപ്രണ്ട് അനുകൃതി ശര്‍മ പറഞ്ഞു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഹിന്ദുക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ കോടതിയില്‍ നല്‍കിയ അന്യായമാണ് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായത്. അന്യായം പരിഗണിച്ച കോടതി മസ്ജിദ് കമ്മിറ്റിയുടെ നിലപാട് പോലും തേടാതെ നവംബര്‍ 19ന് സര്‍വേക്ക് ഉത്തരവിട്ടു. അന്നു തന്നെ അഡ്വക്കറ്റ് കമ്മീഷണര്‍ മസ്ജിദില്‍ സര്‍വേ നടത്തി. പിന്നീട് 24ന് ജയശ്രീരാം വിളിക്കുന്ന ഒരു സംഘവുമായി രണ്ടാം സര്‍വേക്കെത്തി. ഇതാണ് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായത്. ആറ് മുസ് ലിം യുവാക്കളെയാണ് അന്ന് പോലിസ് വെടിവച്ചു കൊന്നത്.

Next Story

RELATED STORIES

Share it