Sub Lead

പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍

പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
X

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മ അധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണലാണ് വിലക്ക് ശരിവച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ ആരോപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇതോടെ മേല്‍ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി. 2022 സപ്തംബര്‍ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 1967ലെ യുഎപിഎ വകുപ്പുകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍, കേരളം എന്നിവയെ നിരോധിച്ചത്. 2022 ഒക്ടോബറിലാണ് കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ശര്‍മ്മയെ ട്രൈബ്യൂണലിന്റെ പ്രിസൈഡിങ് ഓഫിസറായി നിയമിച്ചത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു, പുനീത് മിത്തല്‍, സോണിയ മാത്തൂര്‍, അമിത് പ്രസാദ്, അനുരാഗ് ജെയിന്‍, മാധവ് ഖുറാന, അനുരാഗ് അലുവാലിയ, ശബരീഷ് സുബ്രഹ്മണ്യന്‍, നരേന്ദ്ര എല്‍ ജെയിന്‍, ഷുഹൈബ് ഹുസയ്ന്‍, ചന്ദന്‍ കുമാര്‍ പാണ്ഡെ, ഗുണ്ടൂര്‍ പ്രമോദ് കുമാര്‍, അന്നം വെങ്കിടേഷ്, ആദിത് ഖുരാന, സൈരിക രാജു, അങ്കിത അപ്പണ്ണ, അദ്വിതീയ അവസ്തി, ഹിതാര്‍ത്ഥ് രാജ, ഉദയ് ഖന്ന, മനു മിശ്ര, അങ്കിത് ഭാട്ടിയ, അന്‍ഷുമാന്‍ സിംഗ്, അഗ്രിമാ സിങ് എന്നിവരാണ് ട്രൈബ്യൂണലിനു മുന്നില്‍ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ഹാജരായത്. പോപുലര്‍ ഫ്രണ്ടിനു വേണ്ടി അശോക് അഗര്‍വാള്‍, ശ്രീദേവി പണിക്കര്‍, സായിപന്‍ ഷെയ്ഖ് എന്നിവരും ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, കാംപസ് ഫ്രണ്ട് എന്നിവയ്ക്കു വേണ്ടി മുബീന്‍ അക്തര്‍, എന്‍ഡബ്ല്യുഎഫിനു വേണ്ടി കാര്‍ത്തിക് വേണു, എന്‍സിഎച്ച്ആര്‍ഒയ്ക്ക് വേണ്ടി ആദിത്യ വാധ്വയും എ നൗഫലും ഹാജരായി. റിഹാബ് ഫൗണ്ടേഷന്‍ കേരളയ്ക്കും എംപവര്‍ ഇന്ത്യാ ഫൗണ്ടേഷനും വേണ്ടി പിഎ നൂര്‍ മുഹമ്മദ്, റിഹാബ് ഇന്ത്യ ഫൗണ്ടേഷനുവേണ്ടി ഗൗതം ഖസാഞ്ചി, വൈഭവ് ദുബെ എന്നിവരുമാണ് ഹാജരായത്. നിരോധനത്തിനു മുന്നോടിയായി കേരളത്തില്‍ ഉള്‍പ്പെടെ പോപുലര്‍ ഫ്രണ്ട് ദേശീയ-സംസ്ഥാന ഭാരവാഹികളുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും നൂറിലേറെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓഫിസുകള്‍ പൂട്ടി മുദ്ര വയ്ക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it