Sub Lead

യുഡിഎഫ് യോഗം ഇന്ന്; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകളും ജയസാധ്യതയും വിലയിരുത്തും

രാവിലെ 11ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവലോകനം ചെയ്യും. കേരളാ കോണ്‍ഗ്രസ് എമ്മിലെ ഭിന്നതയും പോസ്റ്റല്‍ ബാലറ്റ് വിവാദവും കള്ളവോട്ടുമുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും.

യുഡിഎഫ് യോഗം ഇന്ന്; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകളും ജയസാധ്യതയും വിലയിരുത്തും
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് യുഡിഎഫ് ഇന്നു യോഗം ചേരും. രാവിലെ 11ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവലോകനം ചെയ്യും. കേരളാ കോണ്‍ഗ്രസ് എമ്മിലെ ഭിന്നതയും പോസ്റ്റല്‍ ബാലറ്റ് വിവാദവും കള്ളവോട്ടുമുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല അവലോകനമാണ് ഇന്ന് ചേരുന്ന യുഡിഎഫ് ഏകോപന സമിതിയുടെ മുഖ്യ അജണ്ട.

കെ എം മാണിയുടെ വിയോഗത്തിനു പിന്നാലെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഉടലെടുത്ത ഭിന്നത യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന ലേഖനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ മുന്നണി യോഗത്തില്‍ നിലപാട് വിശദീകരിച്ചേക്കും. കള്ളവോട്ട് വിവാദമാണ് യോഗം ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാന വിഷയം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ കൈക്കൊള്ളേണ്ട നിലപാടും യോഗത്തില്‍ ധാരണയാകും.

പോസ്റ്റല്‍ ബാലറ്റ് വിവാദവും ക്രൈംബ്രാഞ്ച് അന്വേഷണവും ഇടതുമുന്നണിക്കും സര്‍ക്കാരിനുമെതിരേ ആയുധമാക്കാനുള്ള ആലോചനയും യുഡിഎഫിനുണ്ട്. വിഷയത്തില്‍ മുന്നണി സ്വീകരിക്കേണ്ട പ്രക്ഷോഭ പരിപാടികള്‍ക്കും യോഗം രൂപം നല്‍കിയേക്കും. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന ആക്ഷേപവും യോഗത്തിന്റെ പരിഗണനയ്ക്കു വരും.

ചൊവ്വാഴാച രാവിലെ പത്തിന് കെ.പി.സി.സി നേതൃയോഗവും വൈകിട്ട് മൂന്നിന് രാഷ്ട്രീയകാര്യസമിതിയും യോഗം ചേരും. ഇതിനിടെ പോലിസിലെ പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വിതരണം ചെയ്ത ബാലറ്റുകള്‍ പിടിച്ചെടുത്ത് പോലിസുകാര്‍ക്ക് വോട്ടുചെയ്യാന്‍ വീണ്ടും അവസരമൊരുക്കണമെന്നതാണ് ചെന്നിത്തലയുടെ ആവശ്യം.

Next Story

RELATED STORIES

Share it