Sub Lead

യുജിസിയുടെ പുതിയ കരട് ചരിത്ര സിലബസില്‍ കാവിവല്‍ക്കരണം

പുരാണങ്ങള്‍ക്ക് അമിത പ്രാധാന്യം, ബ്രിട്ടീഷുകാരുടേത് അധിനിവേശമല്ലെന്ന്, ദലിത് രാഷ്ട്രീയവും പാഠഭാഗത്തിനു പുറത്ത്

യുജിസിയുടെ പുതിയ കരട് ചരിത്ര സിലബസില്‍ കാവിവല്‍ക്കരണം
X

ന്യൂഡല്‍ഹി: ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍(യുജിസി) തയ്യാറാക്കിയ ചരിത്ര സിലബസില്‍ കാവിവല്‍ക്കരണം ശക്തമാക്കുന്നതായി റിപോര്‍ട്ട്. ഹിന്ദു പുരാണങ്ങള്‍ക്കും മതഗ്രന്ഥങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കുന്ന സിലബസില്‍ മുഗുളന്‍മാരായ മുസ് ലിം ഭരണാധികാരികളെയും ദലിത് രാഷ്ട്രീയത്തെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ദി ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്തു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചരിത്രനിര്‍മിതിയില്‍ കാവിവല്‍ക്കരണവും വളച്ചൊടിക്കലും ശക്തമാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ സിലബസ്. പ്രമുഖ ചരിത്രകാരന്മാരായ ആര്‍ എസ് ശര്‍മയുടെ പുരാതന ഇന്ത്യയെക്കുറിച്ചുള്ള പുസ്തകവും മധ്യകാല ഇന്ത്യയെക്കുറിച്ചുള്ള ഇര്‍ഫാന്‍ ഹബീബിന്റെ പുസ്തകവും സിലബസില്‍ നിന്ന് ഒഴിവാക്കി. അതേസമയം, സംഘപരിവാര്‍ അനുകൂലികളായ അറിയപ്പെടാത്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതായും ടെലിഗ്രാഫ് പറയുന്നു.

യുജിസി മുമ്പ് പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ചെയ്യാറുള്ളതെങ്കില്‍ ഇതാദ്യമായാണ് സമ്പൂര്‍ണ സിലബസ് തയ്യാറാക്കുന്നതെന്ന് ദി ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള സിലബസില്‍ നിന്ന് 20-30 ശതമാനം മാറ്റം വരുത്താന്‍ സര്‍വകലാശാലകളെ അനുവദിക്കുമെന്ന് കമ്മീഷന്‍ മുമ്പ് നിര്‍ദേശിച്ചിരുന്നു. ബിഎ ഹോണര്‍(ഹിസ്റ്ററി) പാഠഭാഗത്തില്‍ 'ഭാരത്തിന്റെ ആശയം' എന്ന തലക്കെട്ടിലുള്ള പാഠഭാഗത്തില്‍ ചരിത്രാതീത കാലത്തെയും ചരിത്രപരമായ ആദ്യകാലത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഭാരത് വര്‍ഷ സങ്കല്‍പം', 'ഭാരത പര്യായങ്ങളുടെ നിത്യത', 'ഇന്ത്യന്‍ സാഹിത്യത്തിന്റെ മഹത്വം: വേദം, വേദംഗ, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍, ജൈന, ബുദ്ധ സാഹിത്യങ്ങള്‍, സ്മൃതി, പുരാണങ്ങള്‍' തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതസാഹിത്യത്തെ മഹത്വവല്‍ക്കരിമ്പോള്‍ തന്നെ പുരാതന മതേതര സാഹിത്യങ്ങളായ കൗടില്യയുടെ അര്‍ത്ഥശാസ്ത്രം, കാളിദാസിന്റെ കവിതകള്‍, ആയുര്‍വേദ പാഠം ചരക് സംഹിത എന്നിവ ഒഴിവാക്കിയതായി ഡല്‍ഹി സര്‍വകലാശാലയിലെ ശ്യാംലാല്‍ കോളജ് ചരിത്രവിഭാഗം അസി. പ്രഫസര്‍ ജിതേന്ദ്ര മീണ പറഞ്ഞു.


മൂന്നാമത്തെ പ്രബന്ധത്തില്‍ ഇന്‍ഡസ് സരസ്വതി നാഗരികത, സിന്ധുവിന്റെ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ച, സരസ്വതി നാഗരികത, വേദ നാഗരികത എന്നിവയുണ്ട്. ഋഗ്വേദത്തിലെ സരസ്വതി നദിയെ കുറിച്ചുള്ള അതിശയകരമായ പരാമര്‍ശം ഒരു നൂറ്റാണ്ടിലേറെയായി ശാസ്ത്രജ്ഞര്‍ക്കിടയില്‍ പോലും ജിജ്ഞാസ മാത്രമായി നിലനില്‍ക്കുന്ന വിഷയമാണ്. സരസ്വതി നദിയുടെ പുനരുജ്ജീവനത്തിനായി കേന്ദ്രം പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ പ്രസ്തുത ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച സരസ്വതിയാണോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുകയാണ്. ഇവിടെ അവതരിപ്പിച്ച 'സരസ്വതി നാഗരികത' പോലുള്ള ഒരു പദവും മുമ്പ് നിലവിലുണ്ടായിരുന്നില്ലെന്ന് മൂണ പറഞ്ഞു.

നിലവിലെ ഡല്‍ഹി സര്‍വകലാശാലയുടെ സിലബസില്‍ ബാബറിന്റെ കാലത്തെ 'അധിനിവേശം' എന്ന പദം ഒഴിവാക്കിയിട്ടും, പുതുതായുള്ള സിലബസില്‍ ഏഴാമത്തെ പേപ്പറില്‍ 'ബാബറിന്റെ അധിനിവേശകാലത്തെ ഇന്ത്യ' എന്ന വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം തന്നെ ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം 'അധിനിവേശം' എന്ന് വിശേഷിപ്പിച്ചിട്ടില്ല. ഇതിനെ 'ഭൂപ്രദേശ വികാസം' എന്നാണ് വിളിക്കുന്നത്. 13ാം നൂറ്റാണ്ടിനും 18ാം നൂറ്റാണ്ടിനുമിടയിലുള്ള മുസ്‌ലിം ചരിത്രം പുതിയ സിലബസില്‍ നിന്ന് ഒവിവാക്കിയിട്ടുണ്ട്. നിലവിലെ ഡി.യു സിലബസില്‍ ഈ കാലഘട്ടത്തെ കുറിച്ച് മൂന്ന് പേപ്പറുകള്‍ നീക്കിവച്ചിരുന്നു. പുതിയ സിലബസിന് ഒരു പേപ്പര്‍ മാത്രമാണുള്ളത്. 'മുമ്പ് മുഗള്‍ ചരിത്രം വളരെയധികം ഇടം നേടിയിരുന്നു. ഇപ്പോള്‍ ഒഴിവാക്കുകകയല്ല. പക്ഷേ ഒരു കോഴ്‌സില്‍ തിരുത്തല്‍ നടത്തുന്നു. ദക്ഷിണേന്ത്യയിലെയും മറ്റു ഭാഗങ്ങളിലെയും രാജാക്കന്മാരുടെ ഉള്ളടക്കം കുറവായിരുന്നു. അവര്‍ക്ക് ഇപ്പോള്‍ ഇടം നല്‍കിയെന്നാണ് ആര്‍എസ്എസ് ആശയക്കാരനും ഡി.യുവിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനുമായ പ്രകാശ് സിങ് ദ ടെലിഗ്രാഫിനോട് പറഞ്ഞു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, ഭീം റാവു അംബേദ്കര്‍ തുടങ്ങിയ നേതാക്കള്‍ക്ക് പുതിയ കരട് സിലബസില്‍ വലിയ പ്രാധാന്യമില്ല. 1857നും 1950 നും ഇടയിലുള്ള ദലിത് രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പുതിയ സിലബസില്‍ ഇല്ല.

1857 ലെ ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭത്തെ സംഘപരിവാര്‍ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ വിശേഷിപ്പിച്ചതു പോലെ 'ഒന്നാം സ്വാതന്ത്ര്യ യുദ്ധം' എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. 1857ന് മുമ്പ് നടന്ന പ്രക്ഷോഭങ്ങളായ ബംഗാളിലെ സന്യാസി കലാപം, ഒഡീഷയിലെ പൈക കലാപം, തമിഴ്‌നാട്ടിലെ പോളിഗര്‍ കലാപം എന്നിവയെ ഒഴിവാക്കിയതായാണു റിപോര്‍ട്ട്. 1905 ലെ ബംഗാള്‍ വിഭജനത്തെക്കുറിച്ചും സിലബസില്‍ പരാമര്‍ശമില്ലെന്നത് ചരിത്രത്തിലെ കാവിവല്‍ക്കരണമാണു വ്യക്തമാക്കുന്നത്.

UGC's New Draft History Syllabus Plays Up Mythology


Next Story

RELATED STORIES

Share it