Sub Lead

'ശ്വാസകോശത്തിലെ ചതവും രക്തം കെട്ടിക്കിടക്കുന്നതും ആശങ്ക': ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

ശ്വാസകോശത്തിലെ ചതവും രക്തം കെട്ടിക്കിടക്കുന്നതും ആശങ്ക: ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍
X

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയില്‍നിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ റിപോര്‍ട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും. ശ്വാസകോശത്തിലെ ചതവുകള്‍ കൂടിയിട്ടുണ്ടെന്നും തലയിലെ മുറിവില്‍നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. ഇന്നു രാവിലെ നടത്തിയ സിടി സ്‌കാനില്‍ തലയുടെ പരുക്ക് കൂടുതല്‍ ഗുരുതരമായിട്ടില്ല എന്നു കണ്ടെത്തി. ശ്വാസകോശത്തിനേറ്റ ചതവും അവിടെ രക്തം കെട്ടിക്കിടക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ശ്വാസകോശത്തിനേറ്റ ചതവ് ഭേദമായാല്‍ മാത്രമേ ശരീരത്തിലെ മറ്റ് അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കൂ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ശ്വാസകോശത്തിനു വിശ്രമം അനുവദിക്കുന്നതിനു കൂടിയാണ് വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിച്ചിരിക്കുന്നത്. വീഴ്ചയില്‍ ശ്വാസകോശത്തിന് ചതവു പറ്റുകയും മൂക്കില്‍നിന്നും വായില്‍നിന്നുമുള്ള ചോര ശ്വാസകോശത്തില്‍ എത്തുകയുമായിരുന്നു. ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് കട്ടപിടിച്ചു കിടന്ന ചോര ഇന്നലെ നീക്കം ചെയ്‌തെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലേക്ക് കൊണ്ടുവരികയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ശരിയായാല്‍ മാത്രമേ തലച്ചോറിന്റെ പരുക്ക് അടക്കം പൂര്‍ണമായി ഭേദമാകൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it