Sub Lead

'എ വി ജോര്‍ജിന്റെ പകപോക്കല്‍'; തനിക്കെതിരേ നടപടിയെടുത്തത് പോലിസിലെ കീടങ്ങളെന്ന് ഉമേഷ് വള്ളിക്കുന്ന്

എ വി ജോര്‍ജിന്റെ പകപോക്കല്‍; തനിക്കെതിരേ നടപടിയെടുത്തത് പോലിസിലെ കീടങ്ങളെന്ന് ഉമേഷ് വള്ളിക്കുന്ന്
X

കോഴിക്കോട്: നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവിട്ടത് പകപോക്കലെന്ന് കോഴിക്കോട് ഫറോക്ക് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്ന്. എ വി ജോര്‍ജ് വിരമിക്കുംമുന്‍പ് എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. പോലിസിന് എതിരെയല്ല, പോലിസിലെ ചില കീടങ്ങള്‍ക്കെതിരേയാണ് താന്‍ സംസാരിച്ചത്. ആ കീടങ്ങളാണ് തനിക്കെതിരേ നടപടിയെടുത്തതെന്നും വേണമെങ്കില്‍ പറയാം' ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു. സര്‍വീസില്‍നിന്ന് നീക്കുമെന്ന് എ വി ജോര്‍ജ് പലവട്ടം ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഉമേഷ് പറഞ്ഞു.

'ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തതാണ് അവസാനമായി എനിക്കെതിരെ ഉയര്‍ന്ന പ്രശ്‌നം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് പോലിസുകാര്‍ക്ക് യാതൊരു വിലക്കും ഇല്ല. 29/18 എന്ന സര്‍ക്കുലര്‍ ലംഘിച്ചെന്നാണ് എ വി ജോര്‍ജ് പറയുന്നത്. ആ സര്‍ക്കുലര്‍, പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടതല്ല. അത് കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയുന്നതുമായി ബന്ധപ്പെട്ടതാണ്.

സര്‍ക്കുലര്‍ എന്താണെന്നു പോലും വായിച്ചു നോക്കാതെയാണ് അദ്ദേഹം എനിക്ക് മെമ്മോ തന്നത്. അതിനു ഞാന്‍ മറുപടിയും നല്‍കി. എ വി ജോര്‍ജ് എന്താണെന്നും അദ്ദേഹത്തിന് ജനങ്ങളുടെ മനസ്സിലുള്ള സ്ഥാനമെന്താണെന്നും എല്ലാവര്‍ക്കും അറിയാം. അങ്ങനെ ഒരു ഉദ്യോഗസ്ഥന്‍ എന്നെക്കുറിച്ച് ഇങ്ങനെ പറയുന്നതില്‍ എനിക്ക് തമാശയേ ഉള്ളൂ'. ഉമേഷ് പറഞ്ഞു.

ഭയം കൊണ്ടാണ് പോലിസുകാരൊക്കെ മിണ്ടാതിരിക്കുന്നത്. അത്രയേറെ സമ്മര്‍ദത്തിലാണവര്‍. പിരിച്ച് വിടുന്നതില്‍ പേടിയില്ലെന്നും പത്ത് നോട്ടീസുകള്‍ കൈപറ്റിയ അതേ രീതിയില്‍ ഈ നോട്ടിസും കൈപറ്റുമെന്നും ഉമേഷ് പറഞ്ഞു. പോലിസ് സേനയില്‍ കേട്ടുകേള്‍വിയില്ലാത്ത നിര്‍ബന്ധിത വിരമിക്കലിനെ നിയമപരമായി നേരിടുമെന്നും ഉമേഷ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it