Sub Lead

ഫയല്‍ കൊണ്ടുവന്നില്ല; ഉദ്യോഗസ്ഥരെ കസേര കൊണ്ട് മര്‍ദ്ദിച്ച് കേന്ദ്ര മന്ത്രി, കേസ്

അതേസമയം ആരോപണം കേന്ദ്ര മന്ത്രി നിഷേധിച്ചു. ഒഡിഷയിലെ മയുര്‍ബഞ്ച് ലോക്‌സഭാ മണ്ഡലത്തിലെ എംപിയാണ് ബിശ്വേശ്വര്‍.

ഫയല്‍ കൊണ്ടുവന്നില്ല; ഉദ്യോഗസ്ഥരെ കസേര കൊണ്ട് മര്‍ദ്ദിച്ച് കേന്ദ്ര മന്ത്രി, കേസ്
X

ഭുവനേശ്വര്‍: കേന്ദ്ര മന്ത്രി കസേരകൊണ്ട് മര്‍ദ്ദിച്ചെന്ന പരാതിയുമായി ബിഹാറിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കേന്ദ്ര മന്ത്രി ബിശ്വേശ്വര്‍ ടുഡുവിനെതിരേയാണ് പരാതി ഉയര്‍ന്നത്. സംഭവത്തില്‍ കേന്ദ്ര മന്ത്രിക്കെതിരേ പോലിസ് കേസെടുത്തു. അതേസമയം ആരോപണം കേന്ദ്ര മന്ത്രി നിഷേധിച്ചു. ഒഡിഷയിലെ മയുര്‍ബഞ്ച് ലോക്‌സഭാ മണ്ഡലത്തിലെ എംപിയാണ് ബിശ്വേശ്വര്‍.

ജില്ലാ പ്ലാനിങ് ആന്റ് മോണിട്ടറിങ് യൂനിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അശ്വിനി കുമാര്‍ മല്ലിക്ക്, അസിസ്റ്റന്റ് ഡയറക്ടര്‍ ദേബാശിഷ് മൊഹപത്ര എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരേയും അവലോകന യോഗത്തിനായി മന്ത്രിയുടെ നാടായ ബാരിപദയിലെ ബിജെപി ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരും ഇവിടെ എത്തിയപ്പോള്‍ അവലോകന യോഗത്തില്‍ പരിശോധിക്കേണ്ട ചില ഫയലുകള്‍ കൊണ്ടുവരാത്തതില്‍ ടുഡു ഇരുവരോടും പ്രകോപിതനായി. പിന്നാലെ ഓഫിസ് വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം മന്ത്രി ഇരു ഉദ്യോഗസ്ഥരെയും മര്‍ദിക്കുകയും കസേരകൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കസേരക്കൊണ്ടുള്ള ആക്രമണത്തില്‍ ദേബാശിഷിന്റെ കൈ മുറിഞ്ഞു. അശ്വിനി മല്ലിക്കിനും ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരും ബാരിപദയിലുള്ള പിആര്‍എം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പിന്നാലെയാണ് ഇരുവരും ബാരിപദ പോലിസില്‍ മന്ത്രിക്കെതിരേ പരാതി നല്‍കിയത്.

പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയിരുന്നു തുടക്കത്തില്‍ മന്ത്രി പ്രകോപിതനായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഫയലുകള്‍ എത്തിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തോടെ തങ്ങള്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹം പ്രകോപിതനായി ചീത്ത വിളിക്കുകയും പിന്നാലെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീടാണ് കസേര കൊണ്ട് തങ്ങളെ തല്ലിയതെന്നും ഒരുവിധത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഏഴ് കോടിയുടെ ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച ഫയലാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഹാജരാക്കാതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അവരെ താന്‍ തല്ലിയെങ്കില്‍ പിന്നെങ്ങനെയാണ് ഇരുവര്‍ക്കും പുറത്ത് കടക്കാന്‍ സാധിച്ചതെന്നും മന്ത്രി ചോദിക്കുന്നു.

Next Story

RELATED STORIES

Share it