Sub Lead

മണിപ്പൂര്‍ സംഘര്‍ഷം: നിരോധിത സംഘടനക്ക് ലക്ഷങ്ങള്‍ സംഭാവന നല്‍കി ബിജെപി എംഎല്‍എമാര്‍; ഭീഷണിപ്പെടുത്തി വാങ്ങിയതെന്ന് ഇഡിയുടെ കുറ്റപത്രം

മണിപ്പൂര്‍ സംഘര്‍ഷം: നിരോധിത സംഘടനക്ക് ലക്ഷങ്ങള്‍ സംഭാവന നല്‍കി ബിജെപി എംഎല്‍എമാര്‍; ഭീഷണിപ്പെടുത്തി വാങ്ങിയതെന്ന് ഇഡിയുടെ കുറ്റപത്രം
X

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ പങ്കുള്ള യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന നിരോധിത സംഘടനയ്ക്ക് സംഭാവന നല്‍കിയവരില്‍ നിയമസഭാ സ്പീക്കര്‍ അടക്കം നിരവധി ബിജെപി എംഎല്‍എമാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. യുഎന്‍എല്‍എഫ് കേഡര്‍മാര്‍ ഭീഷണിപ്പെടുത്തി ഇവരില്‍ നിന്ന് പണം പിരിച്ചെന്നാണ് കുറ്റപത്രത്തിന് അനുബന്ധമായി നല്‍കിയ റിപോര്‍ട്ടിലുള്ളത്.

ബിജെപി നേതാവും മണിപ്പൂര്‍ നിയമസഭാ സ്പീക്കറുമായ തോക്‌ചോം സത്യബ്രത സിങ്, എംഎല്‍എമാരായ മയാഗ്ലാംബ്‌വാം രാമേശ്വര്‍ സിങ്, യുമ്‌നം ഖേംചന്ദ് സിങ്, കോങ്ഖാം റൊബീന്ദ്ര സിങ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി എസ് പ്രേമാനന്ദ മെയ്‌തെയ് എന്നിവരാണ് 'സംഭാവന' നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എയായ കീശാം മേഘചന്ദ്ര സിങും പണം നല്‍കിയിട്ടുണ്ട്.

മയാഗ്ലാംബ്‌വാം രാമേശ്വര്‍ സിങ് എട്ടു ലക്ഷം രൂപയാണ് യുഎന്‍എല്‍എഫിന് നല്‍കിയത്. ഖേംചന്ദ് സിങ് മൂന്നു ലക്ഷവും സ്പീക്കര്‍ തോക്‌ചോം സത്യബ്രത സിങും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി എസ് പ്രേമാനന്ദ മെയ്‌തെയും രണ്ട് ലക്ഷം വീതവും കോണ്‍ഗ്രസ് എംഎല്‍എയായ കീശാം മേഘചന്ദ്ര സിങ് 50000 രൂപയുമാണ് നല്‍കിയത്.

മണിപ്പൂര്‍ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും മ്യാന്‍മറിലെയും സംഘടനകളും ഗൂഡാലോചന നടത്തിയെന്നാരോപിച്ച് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെയാണ് സാമ്പത്തിക ഇടപാടുകളില്‍ ഇഡിയും കേസെടുത്തത്. യുഎന്‍എല്‍എഫ് അംഗങ്ങളുടെ ഫോണ്‍ രേഖകളും ഡിജിറ്റല്‍ ഇടപാടുകളും അടിസ്ഥാനമാക്കിയാണ് ഇഡി കുറ്റപത്രം നല്‍കിയിരിക്കുന്നത്. കുറ്റപത്രത്തിന് അനുബന്ധമായുള്ള 'സംഭാവനകള്‍' എന്ന അധ്യായത്തിലാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ പേരുകളുമുള്ളതെന്ന് ദേശീയ മാധ്യമമായ ദ പ്രിന്റില്‍ വന്ന റിപോര്‍ട്ട് പറയുന്നു.

രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തി വാങ്ങിയെടുത്ത പണം കൊണ്ട് കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ആയുധങ്ങളും ഡ്രോണുകളും വാങ്ങുകയുമാണ് യുഎന്‍എല്‍എഫ് ചെയ്തതെന്ന് ഒരു ഇഡി ഉദ്യോഗസ്ഥന്‍ പ്രിന്റിനോട് പറഞ്ഞു. ഇത് വലിയൊരു ഗൂഡാലോചനയുടെ ഭാഗമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭാവനയെന്ന പേരില്‍ മണിപ്പൂര്‍ താഴ്‌വരയിലെ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും യുഎന്‍എല്‍എഫ് വന്‍തോതില്‍ പണം തട്ടുന്നതായും റിപോര്‍ട്ട് പറയുന്നു. ദേശീയപാതയുടെ ചില ഭാഗങ്ങളില്‍ യുഎന്‍എല്‍എഫ് കേഡര്‍മാര്‍ അനധികൃതമായി ടോളും പിരിക്കുന്നുണ്ട്.

തന്റെ പേര് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ എങ്ങിനെ വന്നു എന്ന് അറിയില്ലെന്ന് ബിജെപി എംഎല്‍എ യുമ്‌നം ഖേംചന്ദ് സിങ് പറഞ്ഞു. യുഎന്‍എല്‍എഫിന്റെ പ്രവര്‍ത്തകരെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരെ മോശക്കാരായി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ശ്രമമാണ് വെളിപ്പെട്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എ കീശാം മേഘചന്ദ്ര സിങ് പറഞ്ഞു. ഇഡിയുടെ പട്ടികയിലുള്ള ബിജെപി എംഎല്‍എമാരെല്ലാം മുഖ്യമന്ത്രി ബിരേന്‍ സിങിന് എതിരായ നിലപാടുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it