Sub Lead

അസംഖാന്റെ ജൗഹര്‍ സര്‍വകലാശാലയുടെ 70.05 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് യുപി സര്‍ക്കാര്‍

റാംപൂരില്‍ സ്ഥിതിചെയ്യുന്ന മൗലാനാ മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റിന് കീഴിലുള്ള ഭൂമിയാണ് ജില്ലാ ഭരണകൂടം വ്യാഴാഴ്ച ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ട്രസ്റ്റ് നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് റാംപൂര്‍ ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ടുപോയത്.

അസംഖാന്റെ ജൗഹര്‍ സര്‍വകലാശാലയുടെ 70.05 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് യുപി സര്‍ക്കാര്‍
X

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി എംപി മുഹമ്മദ് അസംഖാന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സര്‍വകലാശാലയുടെ 73.05 ഹെക്ടറോളം വരുന്ന ഭൂമി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഏറ്റെടുത്തു. റാംപൂരില്‍ സ്ഥിതിചെയ്യുന്ന മൗലാനാ മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റിന് കീഴിലുള്ള ഭൂമിയാണ് ജില്ലാ ഭരണകൂടം വ്യാഴാഴ്ച ഏറ്റെടുത്തത്. 2005 ല്‍ ഭൂമി വാങ്ങുന്ന സമയത്ത് ട്രസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് നേരത്തെ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെ പി ഗുപ്ത വിധിച്ചിരുന്നു. വാഴ്‌സിറ്റി ഭൂമി ഏറ്റെടുക്കണമെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഭൂമി ഏറ്റെടുക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ട്രസ്റ്റ് നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് റാംപൂര്‍ ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ടുപോയത്. തഹസില്‍ദാരുടെ സംഘം വ്യാഴാഴ്ച സര്‍വകലാശാലയിലെത്തി ട്രസ്റ്റിനൊപ്പം സ്ഥലവും ഒഴിപ്പിച്ചു. 12 ഏക്കറില്‍ കൂടുതല്‍ ഭൂമി വാങ്ങാന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ട്രസ്റ്റ് ലംഘിച്ചതായി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവണ്‍മെന്റ് കൗണ്‍സിലര്‍ (എഡിജിസിസിവില്‍) അജയ് തിവാരി പറഞ്ഞത്.

പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ ഭൂമി, നദീതീരങ്ങളോ വെള്ളപ്പൊക്ക സ്ഥലങ്ങളോ ഗ്രാമസമാജത്തിന്റെ ഭൂമിയോ വാങ്ങരുതെന്നാണ് യോഗി സര്‍ക്കാരിന്റെ വ്യവസ്ഥ. എന്നാല്‍, ഈ നിബന്ധനകളും ഉത്തര്‍പ്രദേശ് റവന്യൂ നിയമത്തിലെ വകുപ്പുകളും ട്രസ്റ്റ് ലംഘിച്ചതായി ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. യോഗി സര്‍ക്കാര്‍ നിരവധി കേസുകള്‍ ചുമത്തി അസം ഖാനെയും മകന്‍ അബ്ദുല്ല ഖാനെയും ജയിലില്‍ അടച്ചിരിക്കുകയാണ്. സീതാപൂര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ട്രസ്റ്റ് ചെയര്‍മാന്‍ അസംഖാന് കോടതി നേരത്തെ ഇതുസംബന്ധിച്ച നോട്ടീസും സമന്‍സും അയച്ചിരുന്നു. എന്നാല്‍, നോട്ടീസ് കൈപ്പറ്റാന്‍ അസംഖാന്‍ വിസമ്മതിച്ചു.

12 ദലിത് കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിച്ച് വാങ്ങിയതാണെന്നാരോപിച്ച് റാംപൂരിലെ നൂറോളം ഏക്കര്‍ വലിയ ഭൂമി ഏറ്റെടുക്കണമെന്ന് 2020 ജനുവരിയില്‍ പ്രയാഗ്‌രാജിലെ റവന്യൂ ബോര്‍ഡ് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. യുപിയിലെ സമീന്ദാരി അബോളിഷന്‍ ആന്റ് ലാന്റ് റിഫോംസ് ആക്ട് ഖാന്‍ ലംഘിച്ചെന്നായിരുന്നു റവന്യൂ ബോര്‍ഡിന്റെ കണ്ടെത്തല്‍. ജൗഹര്‍ യൂനിവേഴ്‌സിറ്റിയുടെ 70 ഹെക്ടറിലധികം ഭൂമി ജില്ലാ ഭരണകൂടം ഏറ്റെടുത്തതായി തഹസില്‍ദാര്‍ പ്രമോദ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച രേഖകളില്‍ ഒപ്പിടാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലറും ട്രസ്റ്റിന്റെ ചെയര്‍മാനുമാണ് അസംഖാനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതിനാല്‍, നിയമനടപടിക്രമങ്ങള്‍ പ്രകാരം ഭൂമി ഒഴിപ്പിക്കല്‍ രണ്ട് സാക്ഷികളുടെയും പോലിസിന്റെയും സാന്നിധ്യത്തില്‍ സ്വീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006 ല്‍ സ്ഥാപിതമായ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാല സമുച്ഛയം 500 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. സര്‍വകലാശാലാ വൈസ് ചാന്‍സിലറും ട്രസ്റ്റിന്റെ ചെയര്‍മാനുമാണ് അസംഖാന്‍. ഭാര്യ തന്‍സീന്‍ ഫാത്തിമയും രണ്ട് ആണ്‍മക്കളും ട്രസ്റ്റ് അംഗങ്ങളാണ്. അസമിന്റെ മൂത്ത സഹോദരി ട്രസ്റ്റ് ട്രഷററാണ്.

Next Story

RELATED STORIES

Share it