Sub Lead

ഹലാല്‍ കൗണ്‍സില്‍ ഭാരവാഹികളായ നാലുപേരെ യുപി പോലിസ് അറസ്റ്റ് ചെയ്തു

ഹലാല്‍ കൗണ്‍സില്‍ ഭാരവാഹികളായ നാലുപേരെ യുപി പോലിസ് അറസ്റ്റ് ചെയ്തു
X

മുംബൈ: അനധികൃതമായി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കിയെന്ന് ആരോപിച്ച് ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഭാരവാഹികളായ നാലുപേരെ ഉത്തര്‍പ്രദേശ് പോലിസ് മുംബൈയിലെത്തി അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് മൗലാന ഹബീബ് യൂസുഫ് പട്ടേല്‍, വൈസ് പ്രസിഡന്റ് മൗലാനാ മൊയ്ദ്ഷീര്‍ സപാദിയ, ജനറല്‍ സെക്രട്ടറി മുഹമ്മദ് താഹിര്‍ സക്കീര്‍ ഹുസയ്ന്‍ ചൗഹാന്‍, ഖജാന്‍ജി മുഹമ്മദ് അന്‍വര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫിക്കേഷന്റെയോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളുടെയോ അനുമതിയില്ലാതെ മാംസത്തിനും ഇതര ഉല്‍പ്പന്നങ്ങള്‍ക്കും നിയമവിരുദ്ധമായി സര്‍ട്ടിഫിക്കേഷന്‍ നല്‍കിയെന്നാണ് ആരോപണം. സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന് മുമ്പ് ലബോറട്ടറി പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നും വരുമാനവും ചെലവും സംബന്ധിച്ച കണക്കുകളില്‍ ക്രമക്കേടുണ്ടെന്നും ആരോപിക്കുന്നുണ്ട്.

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ സംസ്ഥാനത്ത് ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വില്‍പ്പന, സംഭരണം, വിതരണം എന്നിവ നിരോധിച്ചിരുന്നു. ഇതിനിടെ, ഒരാള്‍ നല്‍കിയ പരാതിയില്‍ 2023 നവംബറില്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെ മൂന്ന് കമ്പനികള്‍ക്കെതിരേ കേസെടുത്തു. തുടര്‍ന്ന് ഐപിസി 120ബി, 153എ, 298, 384, 420, 467, 468, 471, 505 എന്നിവ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അന്വേഷണത്തില്‍ ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ചെന്നൈ), ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹലാല്‍ ട്രസ്റ്റ്(ഡല്‍ഹി), ജംഇയ്യത്തുല്‍ ഉലമ (മുംബൈ), ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(മുംബൈ) എന്നിവയുള്‍പ്പെടെ സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയെന്നാണ് യുപി പോലിസ് പറഞ്ഞത്. കേസ് പിന്നീട് ലഖ്‌നോ പോലിസിന്റെ അധികാരപരിധിയില്‍ നിന്ന് എസ്ടിഎഫിന്(പ്രത്യേകാന്വേഷണ സംഘം) കൈമാറി.

തുടര്‍ന്ന് ഹലാല്‍ ഉല്‍പ്പന്ന നിരോധന വിജ്ഞാപനവും എഫ്‌ഐആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ഹലാല്‍ ട്രസ്റ്റ് മഹാരാഷ്ട്ര എന്നിവര്‍ നല്‍കിയ ഹരജികളില്‍ ജനുവരിയില്‍ സുപ്രിം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തടഞ്ഞുകൊണ്ട് ഇടക്കാല സംരക്ഷണം നല്‍കുകയും ചെയ്തിരുന്നു. ഫെബ്രുവരി 12ന് ഹലാല്‍ ഇന്ത്യ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനങ്ങള്‍ക്കും സമാനമായ രീതിയില്‍ ലഖ്‌നോ സെഷന്‍സ് കോടതിയും ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. യുപി സര്‍ക്കാരിന്റെ നിരോധന വിജ്ഞാപനം ഏകപക്ഷീയമാണെന്നും ജെയിന്‍, സാത്വിക്, കോഷര്‍ എന്നിവയുടെ സര്‍ട്ടിഫിക്കേഷനെ നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയിരുന്നത്. സംഭവത്തില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവും ഹലാല്‍ ട്രസ്റ്റ് മേധാവിയുമായ മഹ്മൂദ് മദനിക്കും മറ്റ് ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതും സുപ്രിം കോടതി തടഞ്ഞിരുന്നു. ഇതിനിടെയാണ് ഹലാല്‍ വിവാദം വീണ്ടും കുത്തിപ്പൊക്കി അറസ്റ്റ് നടപടികളിലേക്ക് യുപി പോലിസ് കടന്നത്.

Next Story

RELATED STORIES

Share it