Sub Lead

59 പേര്‍ വെന്തു മരിച്ച ഡല്‍ഹി 'ഉപ്ഹാര്‍ തീപിടിത്തം: അന്‍ഹാര്‍ സഹോദരങ്ങള്‍ക്ക് ഏഴു വര്‍ഷം തടവ്

അന്‍സാല്‍ സഹോദരങ്ങള്‍ക്ക് പാട്യാല കോടതി 2.25 കോടി രൂപ വീതം പിഴയും ചുമത്തി. 1997ലായിരുന്നു കേസിനാസ്പദമായ സംഭവം.

59 പേര്‍ വെന്തു മരിച്ച ഡല്‍ഹി ഉപ്ഹാര്‍ തീപിടിത്തം: അന്‍ഹാര്‍ സഹോദരങ്ങള്‍ക്ക് ഏഴു വര്‍ഷം തടവ്
X

ന്യൂഡല്‍ഹി: 59 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ഉപ്ഹാര്‍ തിയറ്ററില്‍ ഉണ്ടായ തീ പിടിത്തത്തില്‍ തെളിവു നശിപ്പിച്ച കുറ്റത്തിന് വ്യവസായ പ്രമുഖരായ സുശീല്‍ അന്‍സാല്‍, ഗോപാല്‍ അന്‍സാല്‍ എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. അന്‍സാല്‍ സഹോദരങ്ങള്‍ക്ക് പാട്യാല കോടതി 2.25 കോടി രൂപ വീതം പിഴയും ചുമത്തി. 1997ലായിരുന്നു കേസിനാസ്പദമായ സംഭവം.

തെളിവു നശിപ്പിച്ച കേസില്‍ ഇരുവരും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇന്നാണ് വിധി പ്രസ്താവിച്ചത്. ഇരുവരെയും സുപ്രിം കോടതി നേരത്തെ 2 വര്‍ഷം ജയിലില്‍ അടച്ചിരുന്നു. പിന്നീട് 30 കോടി രൂപ വീതം പിഴ ചുമത്തിയതിനു ശേഷമാണു വിട്ടയച്ചത്. പിഴത്തുക ഉപയോഗിച്ച് ഡല്‍ഹിയില്‍ ട്രോമ കെയര്‍ സെന്റര്‍ നിര്‍മിക്കാനും തീരുമാനിച്ചിരുന്നു. കേസില്‍ കുറ്റാരോപിതരായിരുന്ന ഹര്‍ സ്വരൂപ് പന്‍വാര്‍, ധാരാംവിര്‍ മല്‍ഹോത്ര എന്നിവര്‍ വിചാരണയ്ക്കിടെ മരിച്ചു.

'ബോര്‍ഡര്‍' എന്ന ബോളിവുഡ് സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് ഉപ്ഹാര്‍ സിനിമാ ഹാളില്‍ തീ പിടിത്തം ഉണ്ടായത്. തിയറ്ററിലെ അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ നിര്‍ദിഷ്ട സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. തീ പിടിത്തത്തെ തുടര്‍ന്ന് 59 പേര്‍ ശ്വാസംമുട്ടി മരിച്ചു. തിക്കിലും തിരക്കിലും 100ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

തിയറ്ററില്‍ നടന്ന സംഭവം വ്യാപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അപകടത്തില്‍ മരിച്ചവരുടെ മാതാപിതാക്കളാണ് അന്‍സാല്‍ സഹോദരങ്ങള്‍ക്കെതിരെ കേസു കൊടുത്തത്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കോടതിയുടെ വിധി പ്രഖ്യാപിച്ചത്.


Next Story

RELATED STORIES

Share it