Sub Lead

യുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി സന്തോഷ് കുമാർ എം പി

വളരെ ​ഗുരുതരമായ പ്രശ്നമാണ് ഈ നിയമം കാരണം ദലിതരും മുസ്‌ലിംകളും അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ സർക്കാർ ഈ നിയമം പിൻവലിക്കുമെന്ന് തോന്നുന്നില്ല. എന്താണ് ഭീകരവാദം എന്നുള്ള നിർവചനമെങ്കിലും സുതാര്യമായി ഈ നിയമത്തിൽ നൽകാൻ കഴിയുമോ?.

യുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി സന്തോഷ് കുമാർ എം പി
X

ന്യൂഡൽഹി: യുഎപിഎ നിയമത്തിനെതിരേ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. രാജ്യസഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷ ബഹ​ളം ഉണ്ടായത്. യുഎപിഎ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ശിക്ഷാ നിരക്ക് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎപിഎ പിൻവലിക്കാൻ തയാറാകുമോ എന്ന ചോദ്യം കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി പി സന്തോഷ്കുമാർ ഉന്നയിച്ചത്.

കേന്ദ്ര സർക്കാരിൽ നിന്ന് തന്നെ ലഭിച്ച രേഖാമൂല മറുപടി പ്രകാരം യുഎപിഎ എന്ന ഭീകരനിയമം ദുരുപയോ​ഗം ചെയ്യപ്പെടുകയാണ്. യുഎപിഎ കേസുകളിലെ അറസ്റ്റ് ചെയ്തവരിൽ ഭൂരിഭാ​ഗം പേരുടേയും വയസ് 18 നും 33നും ഇടയിലാണ്. രാജ്യം എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ​​ദിനം ആഘോഷിക്കുന്ന ഈ വേളയിൽ യുഎപിഎ പിൻവലിക്കാനാകുമോയെന്ന് പി സന്തോഷ് കുമാർ സർക്കാരിനോട് ചോദിച്ചു.

നിയമം പിൻവലിക്കാനാവില്ലെന്ന് ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. ഭീകരവാദം തടയുന്നതിൽ യുഎപിഎ നിയമത്തിന് വലിയ പങ്കുണ്ടെന്ന് നിത്യാനന്ദ റായ് കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി സർക്കാർ ഭീകരവാദികളോട് ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചതോടെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു.

തുടർന്ന് രണ്ടാമത്തെ ചോദ്യത്തിലും പി സന്തോഷ്കുമാർ കേന്ദ്രസർക്കാരിനെതിരേ തുറന്നടിച്ചു. എന്റെ കൈയ്യിലുള്ളത് നിങ്ങളുടെ മന്ത്രാലയം തയാറാക്കിയ കണക്കുകളാണ്. അത് പരിശോധിക്കാൻ നിങ്ങൾ തയാറാവണം. വളരെ ​ഗുരുതരമായ പ്രശ്നമാണ് ഈ നിയമം കാരണം ദലിതരും മുസ്‌ലിംകളും അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ സർക്കാർ ഈ നിയമം പിൻവലിക്കുമെന്ന് തോന്നുന്നില്ല. എന്താണ് ഭീകരവാദം എന്നുള്ള നിർവചനമെങ്കിലും സുതാര്യമായി ഈ നിയമത്തിൽ നൽകാൻ കഴിയുമോ?. നിലവിലെ നിയമപ്രകാരം എന്ത് പ്രവർത്തനവും ഭീകരവാദമായി കണക്കാക്കാനാകുന്ന സ്ഥിതിവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർജെഡി എം പി ജയന്ത് ചൗധരിയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമുള്ള ശിക്ഷാ നിരക്കിനെക്കുറിച്ച് കേന്ദ്രം നൽകിയ രേഖകൾ ഉദ്ധരിച്ചു ചർച്ചയിൽ പങ്കെടുത്തു. 2018-20 കാലയളവിൽ ഉത്തർപ്രദേശിൽ യുഎപിഎ പ്രകാരം 1,338 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടത് 83 പേർ മാത്രമാണ്, അതായത് 6 ശതമാനമാണ് ശിക്ഷാ നിരക്ക്. കുറഞ്ഞ ശിക്ഷാ നിരക്ക് നിയമത്തിന്റെ പ്രയോഗം തെറ്റാണെന്ന് കാണിക്കുന്നു. യുപി പോലിസിനെ നിയമത്തെക്കുറിച്ച് നിങ്ങൾ എങ്ങനെ ബോധവൽക്കരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it