Sub Lead

ചെങ്കടല്‍ സേനയിലേക്ക് സഖ്യരാഷ്ട്രങ്ങളില്ല; ഹൂതികള്‍ക്കെതിരേ അനുനയനീക്കവുമായി യുഎസ്

ചെങ്കടല്‍ സേനയിലേക്ക് സഖ്യരാഷ്ട്രങ്ങളില്ല;  ഹൂതികള്‍ക്കെതിരേ അനുനയനീക്കവുമായി യുഎസ്
X
വാഷിങ്ടണ്‍: ഇസ്രായേല്‍ ഗസയില്‍ യുദ്ധം തുടങ്ങിയ ശേഷം ഐക്യദാര്‍ഢ്യവുമായി യെമനിലെ ഹൂതികള്‍ നടത്തുന്ന ഉപരോധം ചെറുക്കാനുള്ള യുഎസ് നീക്കം പാളി. ചെങ്കടലില്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഹൂതികള്‍ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ചെങ്കടല്‍ സേനയില്‍ അണിചേരാന്‍ സഖ്യരാഷ്ട്രങ്ങള്‍ തന്നെ വിയോജിച്ചതോടെ അനുനയനീക്കം നടത്തുകയാണ് അമേരിക്ക. സേനയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് ഏറ്റവുമൊടുവില്‍ സ്‌പെയിനും ആസ്‌ട്രേലിയയും നിലപാട് അറിയിച്ചത്. യുദ്ധക്കപ്പല്‍ അയയ്ക്കില്ലെന്നും എന്നാല്‍, സംയുക്ത സമുദ്രതീര ഓഫിസ് (സിഎംഎഫ്) സ്ഥിതി ചെയ്യുന്ന ബഹ്‌റയ്‌നിലേക്ക് ഉദ്യോഗസ്ഥരെ വിട്ടുനല്‍കാമെന്നാണ് നെതര്‍ലാന്‍ഡ്‌സും നോര്‍വേയും അറിയിച്ചത്. ചെങ്കടല്‍ തീരമുള്ള രാഷ്ട്രങ്ങളായ ഈജിപ്തും സൗദിയും സഖ്യത്തില്‍ ചേരാനുള്ള യുഎസ് ക്ഷണം സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് അനുനയനീക്കമെന്നാണ് റിപോര്‍ട്ട്.

യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രായേലിന് സൈനിക പിന്തുണ ഉള്‍പ്പെടെ നല്‍കുന്ന അമേരിക്ക ചെങ്കടല്‍ വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഓപറേഷന്‍ പ്രോസ്പറിറ്റി ഗാര്‍ഡിയന്‍ എന്ന പേരില്‍ സംയുക്ത സേനയെ പ്രഖ്യാപിച്ചത്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് പ്രഖ്യാപനം നടത്തിയത്. ബ്രിട്ടന്‍, ബഹ്‌റയ്ന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സീഷില്‍സ്, സ്‌പെയിന്‍ എന്നീ രാഷ്ട്രങ്ങളോട് സേനയുടെ ഭാഗമാകാന്‍ യുഎസ് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, ഗസയിലെ വംശഹത്യ നിര്‍ത്താതെ ചെങ്കടല്‍ വഴി പോകുന്ന ഇസ്രായേല്‍ ബന്ധമുള്ള വാണിജ്യക്കപ്പലുകള്‍ ആക്രമിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഹൂതികള്‍ ആവര്‍ത്തിക്കുന്നത്. ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ റാഞ്ചിയെടുത്താണ് ഇതിന് തുടക്കമിട്ടത്. പിന്നീടും നിരവധി കപ്പലുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. യുഎസ് ചെങ്കടല്‍ സംരക്ഷണ സേന പ്രഖ്യാപിച്ചതിന് പിന്നാലെ ചെങ്കടല്‍ നിങ്ങളുടെ ശവപ്പറമ്പാവുമെന്നായിരുന്നു ഹൂതികളുടെ മുന്നറിയിപ്പ്. ഇതോടെ, സഖ്യരാഷ്ട്രങ്ങള്‍ പിന്നോട്ടടിക്കുകയായിരുന്നു. ഹൂതികള്‍ ആഭ്യന്തരമായി വികസിപ്പിച്ച മിസൈല്‍ അടക്കമുള്ള ആയുധങ്ങളുടെ പ്രഹരശേഷി സംബന്ധിച്ച റിപോര്‍ട്ടുകളും ധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അടക്കം കൈവശമുണ്ടെന്നതുമാണ് സഖ്യരാഷ്ട്രങ്ങളെ ആശങ്കയിലാക്കിയത്. ഇതിനുപുറമെ, ചെങ്കടലില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന ഹൂതികളുടെ അവകാശവാദവും രാഷ്ട്രങ്ങളെ ഭീതിപ്പെടുത്തിയിട്ടുണ്ട്. ഹൂതികളുടെ ചെങ്കടല്‍ ആക്രമണം മൂലം ഷിപ്പിങ് വൈകുമെന്ന് ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലി ഇന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതി ഭീഷണി കാരണം ആഗോള ഷിപ്പിങ് കമ്പനികള്‍ ചെങ്കടല്‍ വഴിയുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇസ്രയേലിലെ എയിലത്ത് തുറമുഖം പ്രവര്‍ത്തനത്തില്‍ 85 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it