Sub Lead

അഫ്ഗാനിസ്താനില്‍ തടവിലുള്ള രണ്ടു പൗരന്‍മാരെ വിട്ടുകിട്ടണമെന്ന് യുഎസ്; ഗ്വാണ്ടനാമോയില്‍ തടവിലുള്ള അല്‍ ഖ്വയ്ദ പ്രവര്‍ത്തകനെ തിരികെ വേണമെന്ന് അഫ്ഗാനിസ്താന്‍, ചര്‍ച്ച പുരോഗമിക്കുന്നു

അഫ്ഗാനിസ്താനില്‍ തടവിലുള്ള രണ്ടു പൗരന്‍മാരെ വിട്ടുകിട്ടണമെന്ന് യുഎസ്; ഗ്വാണ്ടനാമോയില്‍ തടവിലുള്ള അല്‍ ഖ്വയ്ദ പ്രവര്‍ത്തകനെ തിരികെ വേണമെന്ന് അഫ്ഗാനിസ്താന്‍, ചര്‍ച്ച പുരോഗമിക്കുന്നു
X

കാബൂള്‍: അഫ്ഗാനിസ്താനില്‍ തടവിലുള്ള യുഎസ് പൗരന്‍മാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ്-അഫ്ഗാന്‍ ചര്‍ച്ച പുരോഗമിക്കുന്നു. 2022ല്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി അഫ്ഗാന്‍ സുരക്ഷാ സൈനികര്‍ പിടികൂടിയ യുഎസ് പൗരന്‍മാരായ ജോര്‍ജ് ഗ്ലെസ്മാന്‍, റയാന്‍ കോര്‍ബറ്റ്, മഹ്മൂദ് ഹബീബി എന്നിവരെ വിട്ടുകിട്ടണമെന്നാണ് യുഎസ് സര്‍ക്കാരിന്റെ ആവശ്യം.

ജോര്‍ജിനെയും റയാനെയും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ അഫ്ഗാന്‍ സര്‍ക്കാര്‍ മഹ്മൂദിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അല്‍ഖ്വയ്ദ നേതാവായിരുന്ന ഡോ. അയ്മന്‍ അല്‍ സവാഹിരിയെ 2022 ജൂലൈ 31ന് കാബൂളിന് സമീപത്തെ ഷേര്‍പ്പൂരില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് മഹ്മൂദ് ഹബീബിയെ അഫ്ഗാന്‍ സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തത്.

യുഎസ് തടവുകാരെ വിട്ടയക്കണമെങ്കില്‍ 2008 മുതല്‍ ഗ്വാണ്ടനാമോ തടങ്കല്‍പാളയത്തില്‍ അടച്ചിരിക്കുന്ന തങ്ങളുടെ പൗരന്‍ മുഹമ്മദ് റഹീമിനെ വിട്ടുനല്‍കണമെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്‍ ഖ്വയ്ദയുടെ ഉന്നത നേതാവാണ് മുഹമ്മദ് റഹീം എന്നാണ് യുഎസ് ആരോപിക്കുന്നത്. അല്‍ഖ്വയ്ദ നേതാക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറിയിരുന്ന 'കുറിയര്‍' മാത്രമായിരുന്നു ഇയാളെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ പറയുന്നത്. ഇയാളെ 2008 മുതല്‍ തടങ്കലില്‍ ആക്കിയിരിക്കുകയാണെങ്കിലും ഇതുവരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. എന്നാലും ഇയാള്‍ അപകടകാരിയാണെന്നാണ് യുഎസ് അധികൃതരുടെ വിലയിരുത്തല്‍. ഇങ്ങനെയാണെങ്കിലും അഫ്ഗാനിസ്താന്‍ നിലപാട് പരിഗണിച്ച് ഇയാളെ ഖത്തറിലേക്ക് മാറ്റുന്ന കാര്യം യുഎസ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഖത്തറുമായി യുഎസ് ചര്‍ച്ചയും നടത്തിയിട്ടുണ്ട്. വരും ആഴ്ച്ചകളില്‍ വിഷയത്തില്‍ അന്തിമതീരുമാനമുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

Next Story

RELATED STORIES

Share it