Sub Lead

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിന് വിശദീകരണം നല്‍കി 10 വിസിമാരും

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിന് വിശദീകരണം നല്‍കി 10 വിസിമാരും
X

തിരുവനന്തപുരം: സംസ്ഥാനത്തെ 10 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് എല്ലാ വൈസ് ചാന്‍സലര്‍മാരും മറുപടി നല്‍കി. മറുപടി നല്‍കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയതോടെയാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരെല്ലാം വിശദീകരണം നല്‍കിയത്. ഇനി ഇവരെ നേരിട്ട് ഹിയറിങ് നടത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്. സാങ്കേതിക സര്‍വകലാശാല വിസി സുപ്രിംകോടതി വിധിയെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞതിനാല്‍ മറുപടി നല്‍കിയില്ല. അതേസമയം, കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ.സിസ തോമസ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വിസിമാരോടാണ് രാജിയാവശ്യപ്പെട്ടത്.

11 വിസിമാരുടെ നിയമനം യുജിസി ചട്ടം അനുസരിച്ചല്ലെന്ന് രാജ്ഭവന്‍ കണ്ടെത്തിയിരുന്നു. വിസിമാരുടെ ഹരജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേരളാ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് സംസ്ഥാനത്തെ 10 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്.

യുജിസി നിയമപ്രകാരം മൂന്നോ അതിലധികമോ പേരടങ്ങുന്ന പാനലില്‍ നിന്നു വേണം ഒരാളെ വിസിയായി നിയമിക്കേണ്ടതെന്ന ചട്ടം പാലിച്ചില്ലെന്നു കാട്ടിയാണ് രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. സുപ്രിംകോടതി വിധിക്കു പിന്നാലെയായിരുന്നു മറ്റു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വൈസ് ചാന്‍സലര്‍മാര്‍ കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ക്ക് മുമ്പാാകെ വിശദീകരണം നല്‍കാനുള്ള സമയം കോടതി അനുവദിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it