Sub Lead

കൊവിഡ് രോഗിയായ പിതാവിന് അവസാനമായി ഒരിറ്റ് വെള്ളം കൊടുക്കാന്‍ ശ്രമിക്കുന്ന മകള്‍, തടയുന്ന മാതാവ്; രണ്ടാം തരംഗത്തിലെ കരളലിയിക്കുന്ന കാഴ്ചകള്‍

വിജയവാഡയില്‍ ജോലിചെയ്തിരുന്ന 50 കാരനായ ഗൃഹനാഥന്‍ കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ ശീകാകുളത്തെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍, ഗ്രാമവാസികള്‍ അദ്ദേഹത്തെ അവിടേയ്ക്ക് കയറ്റാന്‍ അനുവദിച്ചില്ല. സ്വന്തം വീടാണെങ്കില്‍ വളരെ ചെറുതുമാണ്. ഗ്രാമവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഗ്രാമത്തിന് പുറത്തുള്ള വയലിനടുത്തുള്ള ഒരു കുടിലില്‍ ഒടുവില്‍ അദ്ദേഹത്തിന് താമസിക്കേണ്ടിവന്നു.

കൊവിഡ് രോഗിയായ പിതാവിന് അവസാനമായി ഒരിറ്റ് വെള്ളം കൊടുക്കാന്‍ ശ്രമിക്കുന്ന മകള്‍, തടയുന്ന മാതാവ്; രണ്ടാം തരംഗത്തിലെ കരളലിയിക്കുന്ന കാഴ്ചകള്‍
X

ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗം ഭീതി വിതച്ച് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കവെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കരളലിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആശുപത്രികളില്‍ ബെഡ്ഡില്ലാത്തതിന്റെ പേരില്‍ കൊവിഡ് രോഗികള്‍ മരിച്ചുവീഴുന്ന കാഴ്ചകള്‍ക്കാണ് രാജ്യം ആദ്യം സാക്ഷ്യം വഹിച്ചത്. പിന്നീട് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ മോര്‍ച്ചറികളില്‍ സ്ഥലമില്ലാതായതോടെ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംസ്‌കരിക്കാന്‍ ആളും സ്ഥലവും അന്യമായപ്പോള്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന കാഴ്ചകളായി. പിന്നെ ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ ആശുപത്രികള്‍ക്ക് അകത്തും പുറത്തും മരിച്ചുവീഴുന്ന സംഭവങ്ങള്‍. ഇപ്പോള്‍ കൊവിഡ് രോഗിയായ പിതാവിന് അവസാനമായി ഒരു തുള്ളി വെള്ളം കൊടുക്കാന്‍ ശ്രമിക്കുന്ന മകളെയും അത് തടയുന്ന മാതാവിന്റെയും ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം സാക്ഷിയാവുന്നത്.

കൊവിഡ് രണ്ടാം തരംഗം എത്ര മാരകമാണെന്നും ആളുകള്‍ എത്രകണ്ട് ഭയപ്പെടുന്നുവെന്നുമുള്ളതിന്റെ നേര്‍ക്കാഴ്ചകളാണിവ. ആന്ധ്രാപ്രദേശില്‍നിന്നാണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രാമവാസികളില്‍ ചിലര്‍ ചിത്രീകരിച്ച വീഡിയോയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്ളത്. വിജയവാഡയില്‍ ജോലിചെയ്തിരുന്ന 50 കാരനായ ഗൃഹനാഥന്‍ കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ ശീകാകുളത്തെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍, ഗ്രാമവാസികള്‍ അദ്ദേഹത്തെ അവിടേയ്ക്ക് കയറ്റാന്‍ അനുവദിച്ചില്ല. സ്വന്തം വീടാണെങ്കില്‍ വളരെ ചെറുതുമാണ്. ഗ്രാമവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഗ്രാമത്തിന് പുറത്തുള്ള വയലിനടുത്തുള്ള ഒരു കുടിലില്‍ ഒടുവില്‍ അദ്ദേഹത്തിന് താമസിക്കേണ്ടിവന്നു.

ആരും സഹായത്തിനില്ലാതെ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം കുടിലില്‍ കഴിഞ്ഞിരുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കുടിലിന് പുറത്ത് അവശയായി ഗൃഹനാഥന്‍ വീടുകിടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ അവസ്ഥകണ്ട് 17കാരിയായ മകള്‍ ഒരു കുപ്പി വെള്ളവുമായി അലറിക്കരഞ്ഞുകൊണ്ട് പിതാവിന്റെ അടുത്തേക്ക് പോവുന്നു. എന്നാല്‍, മകള്‍ക്ക് രോഗം പിടിപെടുമെന്ന് ഭയന്ന് മാതാവ് തടയുകയും മകളെ പിന്നോട്ട് പിടിച്ചുവലിക്കുകയും ചെയ്യുന്നു. അമ്മയും മകളും തമ്മിലുള്ള പിടിവലിക്കിടയില്‍ മകള്‍ പിതാവിന് വെള്ളം കൊടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഇദ്ദേഹത്തിന് ചികില്‍സ നല്‍കാന്‍ ആശുപത്രികളൊന്നും ലഭ്യമല്ലാത്തതിനാലാണ് ഗ്രാമത്തിലേക്ക് മടങ്ങിവന്നതെന്ന് വീഡിയോ ചിത്രീകരിച്ചയാള്‍ പറയുന്നുണ്ട്. കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് പിതാവിന്റെ അടുത്തേക്ക് അമ്മയ്ക്കും മകള്‍ക്കും പോവാമെന്ന് വീഡിയോയില്‍ ആരൊക്കെയോ പറയുന്നുണ്ട്. എന്നാല്‍, ഭയം കാരണം മകളെ മാതാവ് തടയുകയാണ് ചെയ്തത്. അല്‍പസമയത്തിനുശേഷം ഇദ്ദേഹം മരണത്തിന് കീഴടങ്ങി. അമ്മയും മകളും ഇദ്ദേഹത്തിന്റെ കൈ ഉയര്‍ത്തുന്നതും അത് താഴ്ത്തിയിടുന്നതും ദൃശ്യങ്ങളിലുണ്ട്.

ആളുകള്‍ അല്‍പം മാറി കൂട്ടംകൂടി നില്‍ക്കുന്നുണ്ടെങ്കിലും ഭയം കാരണം ആരും സഹായത്തിനെത്തുന്നില്ലെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. കൊവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളില്‍ മാത്രമല്ല, കുടുംബങ്ങളില്‍പോലും വലിയ തോതിലുള്ള ഭീതിയാണുണ്ടാക്കിയിരിക്കുന്നത്. ആന്ധ്രയില്‍ ഒരുദിവസം 20,000 ഓളം കേസുകളും 71 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. ഇതുവരെ 11 ലക്ഷത്തോളം കേസുകള്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it