Sub Lead

എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണം; സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണം; സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും
X

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാറിനും മലപ്പുറം മുന്‍ എസ്പി എസ് സുജിത് ദാസ് എന്നിവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. ഇരുവര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡിജിപി ശെയ്ഖ് ദര്‍വേശ് സാഹിബിന്റെ ശുപാര്‍ശ ദിവസങ്ങള്‍ക്കുശേഷമാണ് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കിയത്. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് അന്വേഷണസംഘത്തെ തീരുമാനിക്കുക. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാവും അന്വേഷണം നടക്കുക. ഇരുവര്‍ക്കുമെതിരായ അന്വേഷണത്തിന് ഒറ്റ ഉത്തരവാണ് ഇറക്കിയത്. അജിത് കുമാറിനെതിരേ അഞ്ചും സുജിത് ദാസിനെതിരേ മൂന്നും വിഷയങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി ഉള്‍പ്പെടെയുള്ളവയില്‍ ആരോപണവിധേയനായ എം ആര്‍ അജിത്ത് കുമാറിനെ തദ്സ്ഥാനത്തു നിലനിര്‍ത്തുന്നതില്‍ സിപിഐ ഉള്‍പ്പെടെ ആവര്‍ത്തിച്ച് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

എഡിജിപി അജിത്ത് കുമാര്‍ കവടിയാറില്‍ പൊന്നുംവിലയുള്ള ഭൂമി വാങ്ങി ബഹുനില വീട് നിര്‍മിക്കുന്നുണ്ടെന്ന് പി വി അന്‍വര്‍ എംഎല്‍എയാണ് വിവരം പുറത്തുവിട്ടത്. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം സ്വദേശി നേരത്തേ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ, സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പി വി അന്‍വര്‍ എംഎല്‍എയും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതേസമയം, ആര്‍എസ്എസ് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയ സംഭവത്തിലൊന്നും അന്വേഷണം ഇല്ല. മലപ്പുറം മുന്‍ എസ് പി സുജിത് ദാസിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും. നിലവില്‍ തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടക്കുന്നുണ്ട്. സുജിത്ത് ദാസില്‍നിന്ന് ഉടന്‍ മൊഴിയെടുക്കുമെന്നാണ് വിവരം. മരംമുറി സംബന്ധിച്ച പരാതി പിന്‍വലിക്കാന്‍ പി വി അന്‍വറിനോട് അപേക്ഷിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് പത്തനംതിട്ട എസ്പിയായിരുന്ന സുജിത്ത് ദാസിനെ സസ്‌പെന്റ് ചെയ്തത്.

Next Story

RELATED STORIES

Share it