Big stories

വിഴിഞ്ഞം തുറമുഖ സമരം നൂറാം ദിനത്തിലേക്ക്; ഇന്ന് കരയിലും കടലിലും ഒരേ സമയം പ്രതിഷേധം

വിഴിഞ്ഞം തുറമുഖ സമരം നൂറാം ദിനത്തിലേക്ക്; ഇന്ന് കരയിലും കടലിലും ഒരേ സമയം പ്രതിഷേധം
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരേ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന അതിജീവന പ്രക്ഷോഭം നൂറാം ദിവസത്തിലേക്ക് കടന്നു. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവാത്തതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇന്ന് കടലിലും കരയിലും ഒരേസമയം പ്രതിഷേധം സംഘടിപ്പിക്കും. മുല്ലൂര്‍ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് രാവിലെ 8.30 മുതല്‍ 5.30 വരെയാണു സമരമെന്നു സമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച് പെരേര പറഞ്ഞു.

എല്ലാ ഇടവകകളില്‍ നിന്നും ജനങ്ങളെ പങ്കെടുപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ഞായറാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. ഇന്ന് മുതല്‍ തുറമുഖ നിര്‍മാണ ജോലികള്‍ സ്തംഭിപ്പിക്കാനും തീരുമാനിച്ചു. ഇതുവരെ അനുരഞ്ജന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജൂലൈ 20നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരേ വിഴിഞ്ഞം തുറമുഖ നിര്‍മാണ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ സമരം തുടങ്ങിയത്. പിന്നാലെ ആഗസ്ത് 16ന് മുല്ലൂരിലെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടി.

തീരശോഷണത്തിനു പരിഹാരം കാണുക എന്നതു കൂടാതെ തീരശോഷണം മൂലം വീടുകള്‍ നഷ്ടപ്പെട്ട് ക്യാംപുകളില്‍ കഴിയുന്നവരുടെ പുനരധിവാസം, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം, സാമൂഹിക- പരിസ്ഥിതി ആഘാത പഠനം നടത്തുക, മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. തുറമുഖ നിര്‍മാണം തുടങ്ങിയപ്പോള്‍ മുതല്‍ കാണാത്ത സമരരീതിയാണ് പിന്നീട് കണ്ടത്. പ്രതിഷേധക്കാര്‍ പലതവണ തുറമുഖ കവാടത്തിന് പൂട്ടുപൊളിച്ച് പദ്ധതി പ്രദേശത്ത് കടന്നുകയറി കൊടിനാട്ടി. അതീവ സുരക്ഷാ മേഖലയെന്ന് പ്രഖ്യാപിച്ച സ്ഥലത്ത് പോലും പ്രതിഷേധക്കാര്‍ ഇരച്ചുകയറി. കടലും കരയും പ്രതിഷേധത്തിന് വേദിയാക്കി. ആ സമരം ഇന്ന് നൂറാം നാളിലെത്തി.

ഉന്നയിക്കപ്പെട്ട ഏഴ് ആവശ്യങ്ങളില്‍ ഒന്നിലും പരിഹാരമായില്ലെന്നാണ് സമരസമതി പറയുന്നത്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുന്നു. നാല് തവണയാണ് മന്ത്രിസഭ ഉപസമിതിയുമായും ഒരുവട്ടം മുഖ്യമന്ത്രിയുമായും ലത്തീന്‍ അതിരൂപത പ്രതിനിധികളും സമരസമിതി നേതാക്കളും ചര്‍ച്ച നടത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുമായി ഒരുതവണയും മന്ത്രിസഭാ ഉപസമിതിയുമായി അഞ്ച് തവണയും ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.

തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്നും മറ്റ് ആറ് ആവശ്യങ്ങളും അംഗീകരിച്ചുവെന്നുമാണ് സര്‍ക്കാരിന്റെ അവകാശവാദം. സര്‍ക്കാരിന് നിഷേധാത്മക നിലപാടാണെന്നാണ് സമരസമിതിയുടെ പക്ഷം. സമരത്തിനെതിരേ അദാനി ഹൈക്കോടതിയെ സമീപിച്ചപ്പോഴും മല്‍സ്യത്തൊഴിലാളികള്‍ പിന്നോട്ടുപോവാന്‍ കൂട്ടാക്കിയില്ല. സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള കോടതി ഉത്തരവ് പാലിക്കാനും പ്രതിഷേധക്കാര്‍ തയ്യാറായിട്ടില്ല. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം അതിശക്തമായി തുടരാനാണ് മല്‍സ്യത്തൊഴിലാളികളുടെയും ലത്തീന്‍ അതിരൂപതയുടെയും തീരുമാനം.

Next Story

RELATED STORIES

Share it