Sub Lead

വിഴിഞ്ഞം സമരത്തിനെതിരേ സിപിഎം- ബിജെപി കൂട്ടുകെട്ട്; സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണു: ജോണ്‍സണ്‍ കണ്ടച്ചിറ

വിഴിഞ്ഞം സമരത്തിനെതിരേ സിപിഎം- ബിജെപി കൂട്ടുകെട്ട്; സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണു: ജോണ്‍സണ്‍ കണ്ടച്ചിറ
X

തിരുവനന്തപുരം: തീരദേശവാസികള്‍ നടത്തുന്ന വിഴിഞ്ഞം സമരം പൊളിക്കുന്നതിന് ബിജെപിയും സിപിഎമ്മും പരസ്യമായി രംഗത്തിറങ്ങിയതോടെ തങ്ങളാണ് യഥാര്‍ഥ ഫാഷിസ്റ്റ് വിരുദ്ധരാണെന്ന സിപിഎമ്മിന്റെ മുഖംമൂടി ഒരിക്കല്‍ കൂടി അഴിഞ്ഞുവീണിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ പേരില്‍ സംഘപരിവാര്‍ മുന്‍കൈയെടുത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷും ഒരേ വേദിയിലെത്തിയത് അണികളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

അദാനിയുടെ വിനീത വിധേയരാവാനുള്ള സിപിഎം- ബിജെപി നേതാക്കളുടെ അമിതാവേശം കോര്‍പറേറ്റ് ദാസ്യമാണ്. വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന ഗുരുതരമായ ആരോപണം കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍കുട്ടി ഉന്നയിച്ചിരുന്നു.

കേന്ദ്ര ബിജെപി സര്‍ക്കാര്‍ പ്രത്യക്ഷമായി തന്നെ സംഘപരിവാര അജണ്ട രാജ്യത്ത് പൂര്‍ണമായി നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയതോടെ സിപിഎം അടിയറവുപറയുന്നതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. ബംഗാള്‍ മോഡലില്‍ ബിജെപി- സിപിഎം കൂട്ടുകെട്ട് താഴെത്തട്ടിലുള്‍പ്പെടെ നടപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് തിരുവനന്തപുരത്ത് നടന്ന ഒത്തുചേരല്‍. പശ്ചിമബംഗാളില്‍ കഴിഞ്ഞ ദീപാവലി ദിനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് അശോക് ഭട്ടാചാര്യയും ബിജെപി നേതാക്കളും കൂടിക്കാഴ്ച നടത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു.

ഫെഡറലിസത്തെ തകര്‍ക്കുന്നതും സാമ്പത്തിക ഏകാധിപത്യത്തിലേക്ക് നയിക്കുന്നതുമായ ജിഎസ്ടി നടപ്പാക്കാന്‍ ബിജെപി ഭരണകൂടം നടപടികളാരംഭിച്ചപ്പോഴും മുന്‍ ധനമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ തോമസ് ഐസക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സാമ്പത്തിക സംവരണം, ഏക സിവില്‍കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംഘപരിവാരത്തിന്റെ അതേ നിലപാടാണ് സിപിഎമ്മിനും.

ന്യൂനപക്ഷങ്ങളെ കബളിപ്പിച്ച് വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രം മാത്രമാണ് സിപിഎമ്മിന് ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യമെന്ന് അനുദിനം തെളിയിക്കുകയാണ്. ബിജെപിയുടെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സമീപനങ്ങളോട് സമരസപ്പെടുകയാണ് സിപിഎം. സിപിഎമ്മിന് ബിജെപിയോടുള്ള അകലം കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it