Sub Lead

വാഗണ്‍ ട്രാജഡിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് 98 വയസ്

1921ലെ മാപ്പിള കലാപത്തെത്തുടര്‍ന്ന് നവംബറില്‍ ബ്രിട്ടീഷ് പട്ടാളം തിരൂരില്‍നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്കുവാഗണില്‍ കുത്തിനിറച്ചുകൊണ്ടുപോയ തടവുകാര്‍ ശ്വാസംമുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ട്രാജഡി അഥവാ വാഗണ്‍ ദുരന്തം എന്നറിയപ്പെടുന്നത്.

വാഗണ്‍ ട്രാജഡിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് 98 വയസ്
X

ഹമീദ് പരപ്പനങ്ങാടി

തിരൂര്‍: സ്വാതന്ത്ര്യവായു ശ്വസിക്കാന്‍ ആഗ്രഹിച്ച മനുഷ്യരെ ശ്വാസംമുട്ടിച്ച് കൊന്ന വാഗണ്‍ ട്രാജഡി ദുരന്തത്തിനും രക്തസാക്ഷിത്വത്തിനും 98 വയസ്. തിരൂരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ രക്തം പുരണ്ട ചരിത്രം ഇന്ന് ഓര്‍മകളില്‍ പോലുമില്ല. എല്ലാത്തിനും സാക്ഷിയായി തിരൂര്‍ റെയില്‍വേ സ്റ്റേഷനും രക്തസാക്ഷികളെ മറമാടിയ കോരങ്ങത്തെ വലിയ ജുമാ മസ്ജിദിലെ ഖബറിടങ്ങളും മാത്രം. ജാലിയന്‍ വാലാബാഗിനേക്കാള്‍ അത്യന്തം നികൃഷ്ടവും നീചവുമായ കൂട്ടക്കൊലയായിരുന്നു 1921 നവംബര്‍ 20ന് മലബാറില്‍ അരങ്ങേറിയത്. ഈ ദുരന്തത്തിന്റെ സ്മരണയില്‍ മലബാര്‍ ഇന്നും നടുങ്ങുന്നു. കലാപത്തില്‍ പങ്കെടുത്തവരെയും അല്ലാത്തവരെയും ബ്രിട്ടീഷ് ഭരണകൂടം രാജ്യദ്രോഹികളായി മുദ്രകുത്തി കൊടിയപീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. വിചാരണയില്ലാതെ അവരെ കൊല്ലുകയോ മര്‍ദിച്ചവശരാക്കുകയോ ചെയ്തത് ചരിത്രസത്യമാണ്.

1921ലെ മാപ്പിള കലാപത്തെത്തുടര്‍ന്ന് നവംബറില്‍ ബ്രിട്ടീഷ് പട്ടാളം തിരൂരില്‍നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്കുവാഗണില്‍ കുത്തിനിറച്ചുകൊണ്ടുപോയ തടവുകാര്‍ ശ്വാസംമുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ട്രാജഡി അഥവാ വാഗണ്‍ ദുരന്തം എന്നറിയപ്പെടുന്നത്. കലാപത്തെ അടിച്ചമര്‍ത്താന്‍ എന്തു നിഷ്ഠുരമാര്‍ഗവും ഭരണകൂടം അവലംബിച്ചിരുന്നു. വെള്ളപ്പട്ടാളവും കൂട്ടാളികളും നരനായാട്ട് നടത്തി പിടികൂടിയ തടവുകാരെ അടച്ചിട്ട ചരക്കുവണ്ടികളില്‍ ജയിലുകളിലേക്കയച്ചു. കാറ്റും വെളിച്ചവും കടക്കാത്ത സാമാനവണ്ടികളില്‍ പലപ്പോഴായി ഏകദേശം 300 മാപ്പിളത്തടവുകാരെ മിലിട്ടറി ക്യാംപുകളിലെത്തിച്ചതായി വാഗണ്‍ ട്രാജഡി വിചാരണവേളയില്‍ തെളിഞ്ഞിട്ടുണ്ട്. രണ്ടായിരത്തോളം തടവുകാരെ 32 തവണയായി കേണല്‍ ഹംഫ്രിബ്, സ്‌പെഷ്യല്‍ ഓഫിസര്‍ ഇവാന്‍സ്, ഡിസ്ട്രിക്റ്റ് പോലിസ് സൂപ്രണ്ട് ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ പലപ്പോഴായി അടച്ചുപൂട്ടിയ വാഗണുകളില്‍ ജയിലറകളിലേക്ക് അയച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.


കുറ്റം ചെയ്തവരോ അല്ലാത്തവരോ ആയ നൂറോളം തടവുകാരെ എംഎസ് ആന്റ് എം റെയില്‍വേയുടെ 1711ാം നമ്പര്‍ വാഗണില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ഇരുട്ടറയില്‍ തള്ളിക്കേറ്റി കോയമ്പത്തൂര്‍ക്ക് അയയ്ക്കുകയായിരുന്നു. അവരില്‍ അഞ്ചു ഹിന്ദുക്കളുമുണ്ടായിരുന്നു. ഗുഡ്‌സ് വാഗണില്‍ വായുവോ വെളിച്ചമോ കടക്കുമായിരുന്നില്ല. ആന്‍ഡ്രൂസ്, ഒ ഗോപാലന്‍നായര്‍ എന്നിവര്‍ കൂടാതെ അഞ്ചുപോലിസുകാരായിരുന്നു കാവല്‍ക്കാര്‍. സര്‍ജന്റ് ആന്‍ഡ്രൂസ് 2ാം ക്ലാസ് കംപാര്‍ട്ടുമെന്റിലും ബാക്കിയുള്ളവര്‍ തടവുകാരെ കയറ്റിയ വാഗണിന്റെയടുത്തുള്ള കംപാര്‍ട്ട്‌മെന്റിലുമായിരുന്നു യാത്രചെയ്തിരുന്നത്. സ്റ്റേഷന്‍ വിട്ടപ്പോള്‍ത്തന്നെ തടവുകാര്‍ ദാഹിച്ചുവരണ്ടും പ്രാണവായു കിട്ടാതെയും മരണവെപ്രാളം കാണിച്ചിരുന്നു. അവരുടെ നിലവിളി കാവല്‍ പോലിസുകാര്‍ ശ്രദ്ധിച്ചില്ല. വണ്ടി 15 മിനിറ്റ് വീതം ഷൊര്‍ണൂരും ഒലവക്കോട്ടും നിര്‍ത്തിയിട്ടിരുന്നു. അപ്പോഴും തടവുകാരുടെ ദീനരോദനം അവര്‍ ചെവിരൊണ്ടില്ല.

180 കിലോമീറ്റര്‍ ദൂരത്തുള്ള പോത്തന്നൂര്‍ സ്റ്റേഷനിലെത്താതെ കംപാര്‍ട്ട്‌മെന്റ് തുറക്കില്ലെന്ന വാശിയിലായിരുന്നു പട്ടാള ഉദ്യോഗസ്ഥര്‍. വാഗണിലെ ദാരുണമരണത്തില്‍നിന്ന് രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുടെ വാക്കുകള്‍: 'ഞങ്ങളെയെല്ലാം വാഗണില്‍ കയറ്റി വാതിലടച്ചു. കുറെ കഴിഞ്ഞപ്പോള്‍ നിലവിളിയും മരണവെപ്രാളവുമായി. എനിക്ക് ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞ് നോക്കുമ്പോള്‍ എന്റെ ദേഹത്തില്‍ ഒന്നിന്റെമേല്‍ ഒന്നായി രണ്ടും മൂന്നും മയ്യത്തുകള്‍! എന്റെ അടുത്തുണ്ടായിരുന്ന മമ്മദ് വാഗണിന്റെ അരികില്‍ മുഖം അമര്‍ത്തിപ്പിടിച്ച് കിടക്കുന്നു. ഞാന്‍ തൊട്ടുവിളിച്ചു. അപ്പോഴാണ് ഞാന്‍ കണ്ടത് ഒരാണിയുടെ ദ്വാരത്തില്‍ മൂക്കുവച്ച് ശ്വാസംവിടുന്നത്'. (അഹമ്മദ് ഹാജി 1982ല്‍ മരിച്ചു). പോത്തന്നൂരില്‍വച്ച് വാഗണ്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ദാരുണമായിരുന്നു. പരസ്പരം മാന്തിപ്പൊളിച്ചും കണ്ണുകള്‍ തുറിച്ചും കെട്ടിപ്പുണര്‍ന്നും മരണം വരിച്ച 64 മൃതദേഹങ്ങള്‍.

അവശേഷിച്ചവര്‍ വാടിത്തളര്‍ന്നു. ശവശരീരങ്ങള്‍ പോത്തന്നൂര്‍ സ്റ്റേഷനില്‍ ഇറക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. ജീവന്‍ ബാക്കിയായവരെ ആശുപത്രികളിലേക്കെത്തിച്ച്, ശവങ്ങള്‍ തിരൂരിലേക്കുതന്നെ കൊണ്ടുവന്നു. ദുര്‍ഗന്ധം വമിച്ചിരുന്ന ശവശരീരങ്ങള്‍ പുറത്തെടുക്കാന്‍ പോലിസുകാരുണ്ടായിരുന്നില്ല. വായും മൂക്കും കെട്ടി സന്നദ്ധപ്രവര്‍ത്തകരാണ് മയ്യത്തുകള്‍ പുറത്തെടുത്തതും ശുദ്ധീകരണം നടത്തിയതും. തിരൂരിലെ കൊരണ്ടത്തു ജുമാഅത്ത് പള്ളിയിലെ ഖബര്‍സ്ഥാനിലാണ് ഈ രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. വാഗണ്‍ ട്രാജഡിക്കെതിരേ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ തയ്യാറായത്.

എന്നാല്‍, കേണല്‍ ഹംഫ്രിബോ, സ്‌പെഷ്യല്‍ ഓഫിസര്‍ ഇവാന്‍സോ, ഡിഎസ്പി ഹിച്ച്‌കോക്കോ എന്നിവരെ കുറ്റവിമുക്തരാക്കി റെയില്‍വേ കമ്പനിക്കാരുടെയും ട്രാഫിക്ക് ഇന്‍സ്‌പെക്ടറുടെയും പോലിസ് സര്‍ജന്റെയും തലയില്‍ കുറ്റംചാര്‍ത്തി. അടിയന്തരഘട്ടങ്ങളില്‍ ചരക്കുകയറ്റുന്ന വാനില്‍ തടവുകാരെ കൊണ്ടുപോവുന്നതില്‍ അസംഗത്വമോ മനുഷ്യരാഹിത്യമോ ഇല്ലെന്ന കമ്മിറ്റിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നാണ് റിപോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ നിലപാട്. ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന സമാനതകളില്ലാത്ത നരനായാട്ടായ വാഗണ്‍ ട്രാജഡിയെ മൂടിവയ്ക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്തത്. രക്തസാക്ഷികള്‍ക്കുള്ള സ്മാരകത്തിന് പകരം മടങ്ങിപ്പോവുമ്പോള്‍ കപ്പലില്‍വച്ച് മരണപ്പെട്ട ഹിച്ച്‌കോക്കിന് മലപ്പുറത്ത് സ്മാരകം നിര്‍മിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

Next Story

RELATED STORIES

Share it