Sub Lead

നിര്‍ണായക നിലപാടുകളിലേക്ക് സമസ്ത; സമവാക്യങ്ങള്‍ മാറുമോ...?

നിര്‍ണായക നിലപാടുകളിലേക്ക് സമസ്ത; സമവാക്യങ്ങള്‍ മാറുമോ...?
X

പി സി അബ്ദുല്ല

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ അഭിപ്രായങ്ങളോട് എതിരുനിന്ന് സ്വന്തമായി അസ്തിത്വമുണ്ടാക്കാനുള്ള സമസ്തയുടെ നീക്കങ്ങള്‍ നിര്‍ണായക തലത്തിലേക്ക്. ലീഗ് മുന്‍കൈയെടുത്ത് രൂപീകരിച്ച മുസ്‌ലിം കോ- ഓഡിനേഷന്‍ കമ്മിറ്റിയെയും വഖ്ഫ് ബോര്‍ഡിനെതിരായ പ്രക്ഷോഭത്തെയും സമസ്ത അധ്യക്ഷന്‍ ഇന്ന് പരസ്യമായി തള്ളിപ്പറഞ്ഞത് ചില പരമ്പരാഗത സമവാക്യങ്ങള്‍ മാറുന്നതിന്റെ സൂചനയാണെന്നു വിലയിരുത്തപ്പെടുന്നു. മുസ്‌ലിം ലീഗ് നാളെ കോഴിക്കോട്ട് നടത്തുന്ന വഖ്ഫ് സംരക്ഷണ റാലിയടക്കം രാഷ്ട്രീയപ്രേരിതമെന്നാണ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഇന്ന് വിശേഷിപ്പിച്ചത്. സമസ്ത വഖ്ഫ് വിഷയത്തില്‍ സമരം പ്രഖ്യാപിച്ചിട്ടില്ലെന്നുകൂടി സമസ്ത അധ്യക്ഷന്‍ വിശദീകരിച്ചതും ശ്രദ്ധേയമായി.

ലീഗിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് സമസ്ത നിന്നുകൊടുക്കില്ലെന്ന വ്യക്തമായ സന്ദേശം തന്നെയാണ് ജിഫ്‌രി തങ്ങളില്‍നിന്ന് ഇന്ന് പുറത്തുവന്നത്. നാളിതുവരെ ലീഗിന്റെ കീഴിലുള്ള മുസ്‌ലിം കോ- ഓഡിനേഷന്‍ കമ്മിറ്റിയുമായി മുന്‍നിരയില്‍ സഹകരിച്ച സമസ്ത, ഇന്ന് കോ- ഓഡിനേഷന്‍ കമ്മിറ്റിയെ തള്ളിപ്പറഞ്ഞതിലും കൃത്യമായ സന്ദേശങ്ങളുണ്ട്. ലീഗിന്റെ നിയന്ത്രണത്തില്‍ സമസ്തയെ കൂടാതെ മുജാഹിദ് വിഭാഗങ്ങളും ജമാഅത്തെ ഇസ് ലാമിയുമാണ് മലബാറിലുള്ളത്. എപി സുന്നി വിഭാഗം കുറേ വര്‍ഷങ്ങളായി മുസ്‌ലിം കോ- ഓഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിക്കുന്നില്ല. സുന്നികള്‍ക്ക് മാത്രം അവകാശപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ സമുദായത്തിലെ മറ്റു വിഭാഗങ്ങല്‍ കൈയേറിയെന്നതാണ് എപി സുന്നി നിലപാട്.

സമസ്തയുടെ പുതിയ പുറപ്പാട് മുസ്‌ലിം ലീഗിനും മുസ്‌ലിം കോ- ഓഡിനേഷന്‍ കമ്മിറ്റിക്കും വലിയ തിരിച്ചടിയാണ്. സമസ്ത കൂടി വിട്ടുനിന്നാല്‍ കോ- ഓഡിനേഷന്‍ കമ്മിറ്റി നാമമാത്രമാവും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുമായി ലീഗ് പരസ്യമായി ചങ്ങാത്തത്തിലായത് മുതല്‍ ആരംഭിച്ച സമസ്തയുടെ പ്രതിഷേധമാണ് വഖ്ഫ് ബോര്‍ഡ് വിവാദത്തോടെ നിര്‍ണായകമായ പുതിയ തലത്തിലെത്തിയത്.

ഒന്നാം വോട്ടുബാങ്കായ സമസ്തയെ അവഗണിച്ച് വെല്‍ഫയര്‍ പാര്‍ട്ടിക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുക്കാനാണു ലീഗ് ശ്രമിച്ചതെന്ന വികാരം സമസ്തയില്‍ ശക്തമായിയുന്നു. വഖ്ഫ് ബോര്‍ഡ് വിവാദത്തിലും സമാനചിന്ത തന്നെയാണ് സമസ്തയില്‍ രൂപപ്പെട്ടത്. വഖ്ഫ് വിഷയത്തില്‍ ലീഗിനെതിരായ സമസ്തയുടെ ചുവടുമാറ്റത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി അബ്ദുര്‍റഹ്മാന്റെയും തന്ത്രപരമായ ഇടപെടലുകള്‍ ആക്കം കൂട്ടി എന്നതും വസ്തുതയാണ്.

Next Story

RELATED STORIES

Share it