Sub Lead

ജലനിരപ്പ് താഴ്ന്നു; ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ജലനിരപ്പ് താഴ്ന്നു; ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു
X

ഇടുക്കി: ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. അലര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നെങ്കിലും അധികജലം ഒഴുകിയെത്താത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം ഇതുവരെ ഇടുക്കി ഡാമിലെത്തിയില്ലെന്നും വന്നാലും ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു. രണ്ടുദിവസമായി മഴയും നീരൊഴുക്കും കുറവാണ്. രാത്രിയോടെ ജലം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് വന്നാലും ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെയാണ് ഇടുക്കി ഡാമില്‍ ഇന്ന് രാവിലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാറില്‍നിന്നുള്ള ജലം ഉള്‍കൊള്ളാനുള്ള പര്യാപ്തത നിലവില്‍ ഡാമിനുണ്ട്.

അതിനാല്‍, ആശങ്ക വേണ്ടെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്റ്റന്റ് എന്‍ജിനീയര്‍ പി ബി സാജു പറഞ്ഞു. ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേകള്‍ തുറന്നത്. 3,4 സ്പില്‍വേ ഷട്ടറുകളാണ് 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. സെക്കന്റില്‍ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്. 2335 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടുപോവുന്നുണ്ട്.

Next Story

RELATED STORIES

Share it