Sub Lead

നദികളില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

നാഗമ്പടം, കുമരകം, കിടങ്ങൂര്‍, പേരൂര്‍ എന്നിവിടങ്ങളില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടസാധ്യതാ നിലയ്ക്കു മുകളിലാണ്. കോടിമത മേഖലയില്‍ കൊടൂരാറും കരകവിഞ്ഞു തുടങ്ങിയിട്ടുണ്ട്.

നദികളില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം
X

കോട്ടയം: മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം താലൂക്കില്‍ നദീതീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മെയ് 16ന് വൈകീട്ട് ഏഴിന് നാഗമ്പടം, കുമരകം, കിടങ്ങൂര്‍, പേരൂര്‍ എന്നിവിടങ്ങളില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടസാധ്യതാ നിലയ്ക്കു മുകളിലാണ്. കോടിമത മേഖലയില്‍ കൊടൂരാറും കരകവിഞ്ഞു തുടങ്ങിയിട്ടുണ്ട്.

കൊല്ലാട്, സംക്രാന്തി, പരിപ്പ്, ചിങ്ങവനം, നാഗമ്പടം, പേരൂര്‍, വേളൂര്‍ തുടങ്ങിയ മേഖലകളില്‍ റോഡില്‍ വെള്ളം കയറി. കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികളിലും അയ്മനം, തിരുവാര്‍പ്പ്, കുമരകം, ആര്‍പ്പൂക്കര, കിടങ്ങൂര്‍, വിജയപുരം മേഖലകളിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ജലനിരപ്പ് ഉയരുന്ന മേഖലകളില്‍ ആവശ്യമെങ്കില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ ഇന്നലെ മാത്രം കാറ്റിലും മഴയിലും 218 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ഇതുള്‍പ്പെടെ ആകെ 261 വീടുകള്‍ ഭാഗികമായി നശിച്ചിട്ടുണ്ട്. മൂന്നിലവ് വില്ലേജില്‍ ഒരു വീട് പൂര്‍ണമായി നശിച്ചു.

നിലവില്‍ 19 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 80 കുടുംബങ്ങളിലെ 227 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. 17 ക്യാംപുകളും കോട്ടയം താലൂക്കിലാണ്. മീനച്ചില്‍ താലൂക്കില്‍ രണ്ടു ക്യാംപുകളുണ്ട്. ജില്ലയില്‍ 580.7 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. 3500 ഓളം കര്‍ഷകര്‍ക്ക് 10.37 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പള്ളം ബ്ലോക്കിലാണ് കൂടുതല്‍ കൃഷിനാശം നേരിട്ടത്.

Next Story

RELATED STORIES

Share it