Sub Lead

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി
X

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ പണിയുന്ന ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മാണം. ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ടവരില്‍ 175 പേര്‍ വീടിനായി സമ്മതപത്രം നല്‍കിയിട്ടുണ്ട്. ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകളുടെ നിര്‍മാണം. രണ്ടു മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്‌റ്റോര്‍ ഏരിയ എന്നിവയുള്‍പ്പെടുന്നതാണ് വീട്.

ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പില്‍ നിര്‍മിക്കും. ലബോറട്ടറി, ഫാര്‍മസി, പരിശോധന, വാക്‌സിനേഷന്‍, ഒബ്‌സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടാവും. ഓപ്പണ്‍ മാര്‍ക്കറ്റ്, കടകള്‍, സ്റ്റാളുകള്‍, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവയും സജ്ജീകരിക്കും.

ടൗണ്‍ഷിപ്പിനുള്ളില്‍ ആധുനിക നിലവാരത്തില്‍ റോഡുകള്‍ നിര്‍മിക്കും. മള്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍ എന്നിവയോട് കൂടിയാണ് കമ്മ്യൂണിറ്റി സെന്റര്‍. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം . ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം.

പുനര്‍നിര്‍മ്മാണത്തിലെ ലോകമാതൃകയ്ക്കാണ് തുടക്കമിടുന്നതെന്നും ഒരു ദുരന്തബാധിതനും ഒറ്റപ്പെടില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ജനങ്ങളെ ഒരുമിച്ച് നിര്‍ത്താനാണ് ടൗണ്‍ഷിപ്പ് ആശയം നടപ്പാക്കുന്നത്. കോടതി വ്യവഹാരങ്ങളില്‍പ്പെട്ടതിനാലാണ് വീട് നിര്‍മ്മാണം വൈകിയതെന്നും മന്ത്രി വ്യക്തമാക്കി.


Next Story

RELATED STORIES

Share it