Sub Lead

വയനാട് ദുരന്തം; തിരിച്ചറിയാത്ത എട്ടു മൃതദേഹങ്ങള്‍; അവര്‍ മണ്ണോട് മണ്ണായി ചേര്‍ന്നു

വയനാട് ദുരന്തം; തിരിച്ചറിയാത്ത എട്ടു മൃതദേഹങ്ങള്‍; അവര്‍ മണ്ണോട് മണ്ണായി ചേര്‍ന്നു
X

മേപ്പാടി: അവര്‍ പരസ്പരം അറിയാവുന്നവരായിരിക്കാം. ഒരു രാത്രി പാതിമയക്കത്തിനിടെ അവരുടെ നാടിനെ ആകെ ഉരുള്‍ വിഴുങ്ങിയപ്പോള്‍ ജീവനറ്റ് വേര്‍പ്പെട്ടവര്‍. ഇന്ന് അവര്‍ ഒരു മിച്ച് മണ്ണിലേക്ക് ചേര്‍ന്നു. ജാതിയുടെയും മതത്തിന്റെയും എണ്ണം പറച്ചില്‍ ഇല്ലാതെ അവരെ വന്ന മണ്ണിലേക്ക് തന്നെ തിരിച്ചയച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച് തിരിച്ചറിയപ്പെടാത്ത എട്ട് മൃതദേഹങ്ങളാണ് ഇന്ന് സംസ്‌കരിച്ചത്. ചാലിയാറില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും ലഭിച്ച എട്ട് മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയിലേക്ക് നടപടികള്‍ പൂര്‍ത്തിയാക്കി എത്തിച്ചപ്പോള്‍ ആ നാട് ഒന്നാകെ വിതുമ്പി. മതവും ജാതിയും അറിയാത്ത ആ മൃതദേഹങ്ങള്‍ക്കായി വിവിധ മതങ്ങളുടെ പ്രാര്‍ഥനകളും നടന്നിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം.

ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാ. ജിബിന്‍ വട്ടക്കളത്തില്‍, മേപ്പാടി മാരിയമ്മന്‍ കോവില്‍ കര്‍മി കുട്ടന്‍, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫല്‍ ഫൈസി തുടങ്ങിയവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിമാരായ ഒ.ആര്‍.കേളു, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, എം.ബി.രാജേഷ്, ടി.സിദ്ധിഖ് എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, സ്‌പെഷല്‍ ഓഫിസര്‍ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, മതനേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുന്‍പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കി. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും എടുത്തു. പോലിസ് ഇത്തരം മൃതദേഹങ്ങള്‍ സംബന്ധിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കും.


Next Story

RELATED STORIES

Share it