Sub Lead

'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചതില്‍ പ്രതികരണവുമായി യുഎസ്

ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു; ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചതില്‍ പ്രതികരണവുമായി യുഎസ്
X

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററിയ്ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി അമേരിക്ക രംഗത്ത്. ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്നും മാധ്യമസ്വാതന്ത്ര്യം ലോകത്ത് എവിടെയും സംരക്ഷിക്കപ്പെടണമെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വാഷിങ്ടണിലെ പതിവ് വാര്‍ത്താസമ്മേളനത്തിനിടെ ബിബിസി ഡോക്യൂമെന്ററി ഇന്ത്യയില്‍ നിരോധിച്ചതിനെക്കുറിച്ചുള്ള പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'ലോകമെമ്പാടും ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന മനുഷ്യാവകാശങ്ങളായ അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിന് തുടര്‍ന്നും ഊന്നല്‍ നല്‍കും. ലോകമെമ്പാടുമുള്ള ബന്ധങ്ങളില്‍ യുഎസ് ഉയര്‍ത്തിക്കാട്ടുന്നത് ഇക്കാര്യങ്ങളാണ്. ഇന്ത്യയുമായുള്ള ബന്ധത്തിലും ഇത് തീര്‍ച്ചയായും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

ബിബിസി ഡോക്യുമെന്ററി കണ്ടിട്ടില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് തനിക്കറിയാം. അവ അതുപോലെതന്നെ തുടരും. ഇന്ത്യയിലെ നടപടികളില്‍ ആശങ്കയുണ്ടാകുമ്പോഴൊക്കെ അതേക്കുറിച്ച് പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയുടെ ജനാധിപത്യം ഊര്‍ജസ്വലമാണെന്ന് നെഡ് പ്രൈസ് പ്രകീര്‍ത്തിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുതിയ അഭിപ്രായപ്രകടനങ്ങളെന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it