Sub Lead

അഫ്ഗാനില്‍ സംഭവിച്ചത് അമേരിക്കയുടെ നാണംകെട്ട തോല്‍വി: സിപിഎം, സിപിഐ

അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും നിയന്ത്രണത്തില്‍ സ്ഥാപിച്ച അഫ്ഗാന്‍ ഭരണകൂടത്തിന്റെ പൊള്ളത്തരമാണ് താലിബാന്റെ അധികാര ആരോഹണത്തിലൂടെ വെളിവായതെന്നും പാര്‍ട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അഫ്ഗാനില്‍ സംഭവിച്ചത് അമേരിക്കയുടെ നാണംകെട്ട തോല്‍വി: സിപിഎം, സിപിഐ
X

തിരുവനന്തപുരം: അഫ്ഗാനിലെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ താലിബാന്‍ ഭരണകൂടം മാനിക്കണമെന്ന് ഇടതുപാര്‍ട്ടികള്‍. അഫ്ഗാനില്‍ സംഭവിച്ചത് അമേരിക്കയുടെ നാണംകെട്ട തോല്‍വിയാണെന്നും സിപിഐയും സിപിഎമ്മും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

താലിബാനെ അട്ടിമറിച്ച് രണ്ടു പതിറ്റാണ്ടിന് ശേഷം അവര്‍ വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുന്നു. അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും നിയന്ത്രണത്തില്‍ സ്ഥാപിച്ച അഫ്ഗാന്‍ ഭരണകൂടത്തിന്റെ പൊള്ളത്തരമാണ് താലിബാന്റെ അധികാര ആരോഹണത്തിലൂടെ വെളിവായതെന്നും പാര്‍ട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

1990കളിലെ താലിബാന്‍ ഭരണം തീവ്ര മൗലികവാദ സമീപനം കൊണ്ട് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കും വിനാശകരമായ കാലമായിരുന്നു. നിലവിലെ താലിബാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ അവകാശങ്ങളും അധികാരങ്ങളും അംഗീകരിച്ചുകൊടുക്കണം.

അഫ്ഗാനില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ നിലവില്‍ വരാനും, ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനും ഇന്ത്യ പ്രാദേശിക ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. അഫ്ഗാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ മുഴുവന്‍ ഒഴുപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇരു പാര്‍ട്ടികളും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ എന്നിവര്‍ പുറത്തിറക്കുന്ന സംയുക്ത പ്രസ്താവന:

'അഫ്ഘാനിസ്ഥാന്‍ സാഹചര്യത്തെക്കുറിച്ച്'

അഫ്ഘാനിസ്ഥാനില്‍ അമേരിക്ക നാണംകെട്ട തോല്‍വി ഏറ്റു വാങ്ങിയിരിക്കുന്നു. അന്നത്തെ താലിബാന്‍ ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നു.

അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരിന്റെയും ദേശീയ സൈന്യത്തിന്റെയും തകര്‍ച്ച അമേരിക്കയുടെയും അവരുടെ നാറ്റോ സഖ്യകക്ഷികളുടെയും നിയന്ത്രണത്തില്‍ സ്ഥാപിച്ച അഫ്ഘാന്‍ ഭരണകൂടത്തിന്റെ സ്വഭാവത്തിന്റെ പൊള്ളത്തരം തുറന്നു കാണിച്ചിരിക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ അഫ്ഗാന്‍ നയം അന്ധമായി അമേരിക്കയെ പിന്തുടരുക എന്നതായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യ ഈ മേഖലയില്‍ ഒറ്റപ്പെടുകയും നിലവില്‍ വളരെ കുറച്ചു നയതന്ത്ര വഴികള്‍ മാത്രമുള്ള സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു.

1990 കളിലെ ആദ്യകാല താലിബാന്‍ സര്‍ക്കാര്‍ അവരുടെ തീവ്ര മൗലികവാദ സമീപനം കൊണ്ട് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വംശീയ ന്യൂനപക്ഷങ്ങള്‍ക്കും വിനാശകരമായ കാലത്തെയാണ് അടയാളപ്പെടുത്തിയത്.

താലിബാന്‍ നിയന്ത്രിക്കുന്ന പുതിയ സംവിധാനം സ്ത്രീകളുടെയും മത ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും അധികാരങ്ങളും അംഗീകരിക്കേണ്ടത് അനിവാര്യതയാണ്.

അഫ്ഗാനിസ്ഥാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ അഭയകേന്ദ്രമാകരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക ആഗസ്ത് 16ന് അഫ്ഘാന്‍ വിഷയവുമായി ബന്ധപെട്ടു ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിന്റെ അടിയന്തിര യോഗം കൂട്ടായി പ്രകടിപ്പിക്കുകയുണ്ടായി.

അഫ്ഘാനില്‍ സ്ഥിരതയുള്ള സര്‍ക്കാരും സാധാരണ ജനങ്ങള്‍ക്ക് സുരക്ഷിതവും സമാധാന പൂര്‍ണവുമായ ജീവിതവും ഉറപ്പു വരുത്താന്‍ ഇന്ത്യ പ്രധാന പ്രാദേശിക ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. അതോടൊപ്പം അഫ്ഘാനില്‍ ഉടന്‍

കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

Next Story

RELATED STORIES

Share it