Sub Lead

ട്രംപിനെ കാത്തിരിക്കുന്നത് തടവറയോ?

അധികാരത്തിലിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പരാജയമടഞ്ഞ ഒരു പ്രസിഡന്റും വേട്ടയാടപ്പെടുകയോ തുറങ്കിലടയ്ക്കപ്പെടുകയോ ചെയ്തതായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഗണിക്കപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ട്രംപിനെ കാത്തിരിക്കുന്നത് തടവറയോ?
X

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി അന്തസ്സോടെയും മാന്യതയോടെയും സ്വീകരിക്കുക എന്നതാണ് നാളിതുവരെയുള്ള അമേരിക്കന്‍ രാഷ്ട്രീയ ചരിത്രം. മാത്രമല്ല, അധികാരത്തിലിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പരാജയമടഞ്ഞ ഒരു പ്രസിഡന്റും വേട്ടയാടപ്പെടുകയോ തുറങ്കിലടയ്ക്കപ്പെടുകയോ ചെയ്തതായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഗണിക്കപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.


എന്നാല്‍, വ്യത്യസ്ഥ ചിത്രമാണ് ബ്രസീല്‍, ദക്ഷിണ കൊറിയ തുടങ്ങിയ ജനാധിപത്യരാജ്യങ്ങളില്‍ നിന്ന് പതിവായി പുറത്തുവരാറുള്ളത്. എതിരാളികള്‍ അധികാരം പിടിച്ചെടുക്കുമ്പോള്‍ പരാജയപ്പെട്ട പ്രസിഡന്റുമാര്‍ ജയിലിലടയ്ക്കപ്പെടുക എന്നത് ഇവിടങ്ങളില്‍ പതിവ് കാഴ്ചയാണ്.

യുഎസിലെ ഭരണസിരാകേന്ദ്രമായ കാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറാന്‍ തന്റെ അനുയായികളെ പ്രേരിപ്പിച്ച ട്രംപ് ഔദ്യോഗികമായി പ്രസിഡന്റ് പദവി വിട്ടൊഴിയുന്ന ജനുവരി 20ന് മുമ്പായി പുറത്തേക്കുള്ള വഴിയൊരുക്കി എന്നു മാത്രമല്ല ഔദ്യോഗിക പദവി വിടുന്നതോടെ കുറ്റം ചുമത്താന്‍ പര്യാപ്തമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും തന്റെ പ്രതിച്ഛായ കൂടുതല്‍ കളങ്കപ്പെടുത്തുകയും ചെയ്തതായാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ജോ ബൈഡനും ഡോണള്‍ഡ് ട്രംപും

അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കാപിറ്റോളിലെ സംഘര്‍ഷങ്ങള്‍ക്ക് ഒടുവില്‍, പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ 'സുഗമവും ചിട്ടയുമുള്ളതും പരിധികളില്ലാത്തതുമായ അധികാരമാറ്റത്തിനുള്ള പ്രതിജ്ഞാബദ്ധതയും ട്രംപിന് അറിയിക്കേണ്ടി വന്നു.

ബൈഡന്റെ വിജയം പ്രഖ്യാപിച്ചതോടെ അവശേഷിക്കുന്ന കാലയളവില്‍ ജനോപകാര പ്രദമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്, പ്രത്യേകിച്ച് കൊവിഡിനെതിരായ പോരാട്ടത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ച് ജനപ്രീതി ഉയര്‍ത്താനും എതിരാളികളെ നിലംപരിശാക്കാനും കഴിയുമെന്നിരിക്കെ അതൊന്നും ചെയ്യാതെ ലോകത്തിനു മുമ്പില്‍ യുഎസിനെ നാണം കെടുത്താനായിരുന്നു ട്രംപിന്റെ നീക്കങ്ങള്‍ ഉപകരിച്ചത്.

രാഷ്ട്രീയവും ബിസിനസും തമ്മിലുള്ള വ്യത്യാസം

അമേരിക്കന്‍ ചരിത്രത്തില്‍ മുന്‍കാല രാഷ്ട്രീയ പരിചയമില്ലാത്ത ആദ്യ പ്രസിഡന്റാണ് ട്രംപ്. രാഷ്ട്രീയത്തില്‍, വിജയികളും പരാജിതരും പരസ്പരം ഏറ്റുമുട്ടുകയോ രാഷ്ട്രീയ പാരമ്പര്യത്തിനോ സ്ഥാപനങ്ങള്‍ക്കോ അഹിതകരമായത് ചെയ്യാറുമില്ല. എല്ലാ പാര്‍ട്ടികളിലെയും ദീര്‍ഘകാല രാഷ്ട്രീയക്കാര്‍ക്ക് ആത്യന്തികമായി ഭാവിയില്‍ പരസ്പരം ആവശ്യമുണ്ടെന്നും രാഷ്ട്രത്തെ ഭരിക്കാന്‍ അവര്‍ സഹകരിക്കേണ്ടതുണ്ടെന്നും അവര്‍ക്കറിയാം.

തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ അമേരിക്കന്‍ ഭരണഘടനയുടെ 25ാം ഭേദഗതി നടപ്പാക്കാനുള്ള സാധ്യതതയാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. ഡെമോക്രാറ്റിക് നേതാക്കളും ചില റിപ്പബ്ലിക്കന്‍മാരും പോലും ഇത് ആവശ്യപ്പെടുന്നു.

അമേരിക്കന്‍ ചരിത്രത്തില്‍ ഇന്നേവരെ ഒരു മുന്‍ പ്രസിഡന്റിനും ഓദ്യോഗിക കാലാവധിക്കു ശേഷം ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ടിട്ടില്ല. അത്തരമൊരു നടപടിയുണ്ടായാല്‍ പ്രസിഡന്റ് പദവിക്കും അമേരിക്കന്‍ രാഷ്ട്രീയത്തിനും കോട്ടം തട്ടാന്‍ ഇടയാക്കുമെന്നാണ് രാഷ്ട്രീയ വരേണ്യവര്‍ഗത്തിന്റെ അലിഖിത നിയമം.

നിലവില്‍ അമേരിക്കന്‍ പാരമ്പര്യത്തിന് അനുസൃതമായി, ട്രംപിനെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. എന്നിരുന്നാലും, പദവി ഒഴിയുന്നതോടെ കുറഞ്ഞത് ഒരു ക്രിമിനല്‍ അന്വേഷണമെങ്കിലും ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിന്റെ കമ്പനിയെ തേടിയെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. സാധ്യമായ മറ്റ് അന്വേഷണങ്ങളും ആരംഭിക്കാന്‍ സാധ്യതയുണ്ട്.

ഫോര്‍ഡും നിക്‌സണും

അധികാരത്തിലിരിക്കുമ്പോള്‍ ഒരു പ്രസിഡന്റും സ്വയം മാപ്പ് തേടുകയോ നല്‍കുകയോ ചെയ്തിട്ടില്ല. എന്നാല്‍, സ്വയം മാപ്പ് നല്‍കാന്‍ ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സമാന സാഹചര്യമുണ്ടായത് 1974ല്‍ ആണ്. പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡ് തന്റെ മുന്‍ഗാമിയായ റിച്ചാര്‍ഡ് നിക്‌സണ്നീതി തടസ്സപ്പെടുത്തിയെന്ന കേസില്‍ മാപ്പ് നല്‍കിയതാണ് അത്.

ജെറാള്‍ഡ് ഫോര്‍ഡ്

സ്വയം മാപ്പ് നല്‍കാനുള്ള ട്രംപിന്റെ ഏതൊരു ശ്രമവും ട്രംപിന് തന്നെ കെണിയാവും. താന്‍ ഒരു തെറ്റും ചെയ്യാത്തപ്പോള്‍ താന്‍ എന്തിന് അങ്ങനെ ചെയ്യണമെന്ന 2018ലെ തന്റെ തന്നെ പ്രസ്താവന ഇക്കാര്യത്തില്‍ ട്രംപിനെ തിരിഞ്ഞുകൊത്തും. ഭരണഘടനാ പരമായി സ്വയംമാപ്പ് നല്‍കാമെങ്കിലും ആത്യന്തികമായി അത് തേടിയ പ്രസിഡന്റിന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്തും.

റിച്ചാര്‍ഡ് നിക്‌സണ്‍

ട്രംപ് അത്തരത്തില്‍ സ്വയം മാപ്പ് തേടാന്‍ തയ്യാറായില്ലെങ്കില്‍ ട്രംപിന്റെ ഇതുവരെയുള്ള ചെയ്തികളുടെ പേരില്‍ കേസെടുക്കാന്‍ ജോ ബൈഡന്‍ നിര്‍ബന്ധിതനാകും. നേരെമറിച്ച്, ട്രംപിനെതിരേ അന്വേഷണം പ്രഖ്യാപിക്കുകയും ഇക്കാര്യത്തില്‍ അടിസ്ഥാനമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ ഒന്നുകില്‍ ഫോര്‍ഡ് നിക്‌സണ് മാപ്പ് നല്‍കിയതു പോലെ ബൈഡന്‍ ഭരണകൂടത്തിന് ട്രംപിന് മാപ്പു നല്‍കുകയോ അല്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുകയോ ആവാം. മാപ്പ് നല്‍കുകയാണെങ്കില്‍ കുപ്രസിദ്ധനായ നിക്‌സണിനൊപ്പം മാപ്പ് നല്‍കപ്പെട്ട ഒരേയൊരു പ്രസിഡന്റായി അദ്ദേഹത്തിന്റെ പേര് ചേര്‍ക്കപ്പെടും. അതോടെ, ട്രംപിന്റെ ഭാവി ജൊ ബൈഡന്റെ ദയാദാക്ഷിണ്യത്തിലായിരിക്കും എന്നു ചുരുക്കം.

ഇംപീച്ച്‌മെന്റ് നടപടി

അതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കമായി. കാപ്പിറ്റോള്‍ മന്ദിരത്തിനുെേനരയുണ്ടായ ആക്രമണത്തില്‍ ഡൊണാള്‍ഡ് ട്രംപിന് പങ്കുണ്ടെന്ന ആരോപണം ഉള്‍പ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചു.അക്രമത്തിനു തൊട്ടുമുമ്പ് അനുയായികളുടെ റാലിയെ അഭിസംബോധന ചെയ്ത ട്രംപ് നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം ചെയ്തതെന്നാണ് പ്രമേയത്തിലെ ആരോപണം.


25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ നീക്കംചെയ്യാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയം സഭയില്‍ ചര്‍ച്ചയ്ക്കുവെച്ചെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ ശബ്ദവോട്ടോടെ തീരുമാനം തള്ളി. പ്രമേയത്തില്‍ ചൊവ്വാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കും. പ്രമേയം പാസായാല്‍ തീരുമാനമെടുക്കാന്‍ പെന്‍സിന് 24 മണിക്കൂര്‍ സമയം നല്‍കുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി. പെന്‍സ് ഇതിനു തയ്യാറായില്ലെങ്കില്‍ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.

എന്താണ് 25ാം ഭേദഗതി

പ്രസിഡന്റിന് തന്റെ ചുമതലകള്‍ തുടരാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ വൈസ്പ്രസിഡന്റിന് ആക്ടിങ് പ്രസിഡന്റിന്റെ അധികാരം നല്‍കുന്നതാണ് അമേരിക്കന്‍ ഭരണഘടനയിലെ 25ാം ഭേദഗതി. ഭേദഗതിയുടെ നാലാം പരിച്ഛേദപ്രകാരം പ്രസിഡന്റിന് ശാരീരിക, മാനസിക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഭരണനിര്‍വഹണത്തിന് തടസ്സം നേരിട്ടാല്‍ ഭേദഗതി ഉപയോഗിക്കാം. വൈസ്പ്രസിഡന്റും മന്ത്രിസഭയിലെ ഭൂരിഭാഗവും ഒപ്പിട്ട കത്ത്, ജനപ്രതിനിധിസഭാ സ്പീക്കര്‍ക്കും സെനറ്റിലെ അധ്യക്ഷനും കൈമാറും.

കത്തില്‍ പ്രസിഡന്റിന് അഭിപ്രായം അറിയിക്കാം. പ്രസിഡന്റ് എതിര്‍ക്കുന്ന പക്ഷം, കോണ്‍ഗ്രസില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രസിഡന്റിന് അധികാരം നഷ്ടമാകും.

Next Story

RELATED STORIES

Share it