Sub Lead

കൊവിഡ് വാക്‌സിന്റെ അധിക ഡോസുകള്‍ നല്‍കാനുള്ള സമ്പന്നരാജ്യങ്ങളുടെ നീക്കത്തിനെതിരേ ഡബ്ല്യൂഎച്ച്ഒ

സമ്പന്നരാജ്യങ്ങളിലെ 67 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭ്യമായതായാണ് കണക്കുകള്‍ പറയുന്നത്. ദരിദ്രരാജ്യങ്ങളില്‍ 10 ശതമാനത്തിലും താഴെ മാത്രമാണ് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചത്

കൊവിഡ് വാക്‌സിന്റെ അധിക ഡോസുകള്‍ നല്‍കാനുള്ള സമ്പന്നരാജ്യങ്ങളുടെ നീക്കത്തിനെതിരേ ഡബ്ല്യൂഎച്ച്ഒ
X

ജനീവ: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ കൊവിഡ് വാക്‌സിന്റെ അധിക ഡോസുകള്‍ നല്‍കാനുള്ള സമ്പന്നരാജ്യങ്ങളുടെ നീക്കത്തിനെതിരേ ലോകാരോഗ്യ സംഘടന രംഗത്ത്. ഇത്തരം നടപടികള്‍ വാക്‌സിന്‍ അസമത്വം വര്‍ധിപ്പിക്കുകയാണെന്നും മഹാമാരിയെ ഒറ്റക്ക് മറികടക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ലെന്നും സംഘടന മേധാവി ടെഡ്രോസ് അഥാനം വ്യക്തമാക്കി. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകളും അധിക ഡോസുകളും നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ ഇടപെടല്‍. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് അധിക ഡോസ് നല്‍കുന്നതിന് പകരം, ദരിദ്ര രാഷ്ട്രങ്ങളിലെ രോഗസാധ്യതയുള്ള ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ശ്രമിക്കേണ്ടതെന്ന് ടെഡ്രോസ് അഥാനം ചൂണ്ടിക്കാട്ടി. ധാരാളം വാക്‌സിന്‍ വാങ്ങിക്കൂട്ടിയ സമ്പന്ന രാജ്യങ്ങള്‍ തന്നെ വീണ്ടും വാക്‌സിന്‍ വാങ്ങുമ്പോള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കിട്ടാതാകും.

ഇത് വൈറസിന് വ്യാപിക്കാനും ജനിതകമാറ്റം വരുത്താനും ആവശ്യമായ സമയം നല്‍കലാണ്. അപ്പോള്‍ മഹാമാരി കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പന്നരാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ഡബ്ല്യൂഎച്ച്ഒ നേരത്തെയും നിര്‍ദേശിച്ചിരുന്നു. സമ്പന്നരാജ്യങ്ങളിലെ 67 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭ്യമായതായാണ് കണക്കുകള്‍ പറയുന്നത്. ദരിദ്രരാജ്യങ്ങളില്‍ 10 ശതമാനത്തിലും താഴെ മാത്രമാണ് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നാലില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ല.. ഒമിക്രോണ്‍ വ്യാപനം ഏറിയതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. നാലാം ഡോസ് വാക്‌സിന്‍ നല്‍കാനൊരുങ്ങുകയാണ് ഇസ്രായേല്‍. ഇത്തരം പ്രവണതയാണ് വാക്‌സിന്‍ അസന്തുലിതത്തത്തിന് ഇടയാക്കുകയെന്നാണ് ഡബ്ല്യൂഎച്ച്ഒയുടെ നിരീക്ഷണം.

Next Story

RELATED STORIES

Share it