Sub Lead

കാട്ടുപന്നി ആക്രമണം; മൃതദേഹവുമായി കര്‍ഷക സംഘടനകളുടെ ധര്‍ണ

നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു ഒരാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന് റോഡ് ഉപരോധമടക്കം ഒരു മണിക്കൂര്‍ നീണ്ട സമരം അവസാനിപ്പിച്ചു

കാട്ടുപന്നി ആക്രമണം; മൃതദേഹവുമായി കര്‍ഷക സംഘടനകളുടെ ധര്‍ണ
X

താമരശ്ശേരി: കാട്ടുപന്നികളുടെ ആക്രമണത്തില്‍ പരിക്കേറ്റു ചികില്‍സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹവുമായി കര്‍ഷക സംഘടനകള്‍ വനം വകുപ്പ് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു ഒരാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന് റോഡ് ഉപരോധമടക്കം ഒരു മണിക്കൂര്‍ നീണ്ട സമരം അവസാനിപ്പിച്ചു. മരണപ്പെട്ട കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദിന്റ (46) മൃതദേഹമുള്ള അംബുലന്‍സുമായി കര്‍ഷകര്‍ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ് ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറസ്റ്റ് ഓഫിസിന് മുന്‍പിലെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയും കര്‍ഷകര്‍ ഉപരോധിച്ചു. മരണപ്പെട്ട റഷീദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ഷക പ്രതിഷേധം. കര്‍ഷക നേതാക്കള്‍ ആര്‍എഫ്ഒയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധ അവസാനിപ്പിച്ചത്. ഒരാഴ്ചക്കുള്ളില്‍ നഷ്ട പരിഹാരത്തിന്റെ ആദ്യഗഡു നല്‍കാമെന്ന് ഉറപ്പ് ഫോറസ്റ്റ് അധികൃതര്‍ നല്‍കിയതായി കര്‍ഷകസംഘടനാ നേതാക്കള്‍ പറഞ്ഞു.ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് അംബുലന്‍സില്‍ റഷീദിന്റെ മൃതദേഹവുമായെത്തി കര്‍ഷകര്‍ പ്രതിഷേധിച്ചത്. നാലരയോടെയാണ് പ്രതിഷേധം അവസാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം നാസര്‍ എസ്‌റ്റേറ്റ്മുക്ക്, വീഫാം ചെയര്‍മാന്‍ ജോയ് കണ്ണഞ്ചിറ, സംയുക്ത കര്‍ഷക സമരസമിതി രാജു മുണ്ടന്താനം, സുമിന്‍ എസ് നെടുങ്ങയില്‍, ബാബു പുതു പറമ്പില്‍, മജീഷ് മാത്യു, കെ വി സെബാസ്റ്റ്യാന്‍, കുഞ്ഞാലി, ലീലാമ്മ, ടിസിലി ടീച്ചര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പ്രതിഷേധക്കാരുമായി താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ രാജീവ് കുമാര്‍, താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍ എന്നിവര്‍ ചര്‍ച്ച നടത്തി. കോഴിക്കോട് ഡിഎഫ്ഒ ഫോണില്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചെതെന്നും കര്‍ഷക സംഘടനാ ഭാരവാഹികള്‍ പിന്നീട് പറഞ്ഞു. കട്ടിപ്പാറ ചെമ്പ്രകുണ്ടയില്‍ ഒക്ടോബര്‍ ആറിന് രാത്രി 10.30 ന് ആണ് കാട്ടുപന്നിക്കൂട്ടം റോഡിനുകുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് റഷീദിന് ഗുരുതരമായി പരിക്കേറ്റത്. താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് റഷീദും കുടുംബവും ഓട്ടോയില്‍ മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ പാഞ്ഞത്. പന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡില്‍ നിന്നും മൂന്ന് മീറ്റര്‍ താഴ്ചയിലേക്ക് പതിച്ചു. റഷീദിന്റെ മകളും എരപ്പാന്‍തോട് കുരുടിയത്ത് ദില്‍ഷാദിന്റെ ഭാര്യയുമായ റിന(21),മകള്‍ ഷെഹ്‌സാ മെഹ്‌റിന്‍(2) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. തലക്ക് സാരമായി പരുക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് റഷീദ് മരിച്ചത്.റഷീദിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് ആറരയോടെയാണ് അത്തിയോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നത്.

Next Story

RELATED STORIES

Share it