Sub Lead

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ?; ഹര്‍ജി ഇന്ന് കോടതിയില്‍

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ?; ഹര്‍ജി ഇന്ന് കോടതിയില്‍
X

കൊച്ചി: കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കൂടാതെ, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന്‍ ശ്രമിക്കും.

ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം തെളിവുകള്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയിലുണ്ടെന്നും, മെമ്മറി കാര്‍ഡോ അതിന്റെ പകര്‍പ്പോ ദിലീപിന്റെ കൈവശമുള്ളതായും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ചില വോയ്‌സ് ക്ലിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ദൃശ്യങ്ങളുടെ ശബ്ദസാംപിളുകള്‍ അനൂപിന്റെ ഫോണിലെ സാംപിളുകളുമായി പൊരുത്തപ്പെടുന്നതാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനിടെ ക്രൈംബ്രാഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് പിന്മാറണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ആദ്യം മുതല്‍ ഈ കേസ് പരിഗണിച്ച് ഇടക്കാല ഉത്തരവ് ഉള്‍പ്പടെ നല്‍കിയതിനാല്‍ കേസില്‍ നിന്ന് പിന്മാറാന്‍ നിയമപരമായി സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് നടിയുടെ ആവശ്യം തള്ളിയത്. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. കോടതി മേല്‍നോട്ടത്തില്‍ കേസന്വേഷണം വേണമെന്ന ആവശ്യത്തോട് എതിര്‍പ്പില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. കേസില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ നടക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം തെറ്റാണ്. അതിജീവിതയുടെ ആശങ്ക പൂര്‍ണ്ണമായും മനസ്സിലാക്കുന്നുവെന്നും നീതിയുക്തമായ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ, കോടതിയില്‍ നിന്ന് അന്വേഷണം വേണമെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ഉണ്ടായിട്ടും അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയ വിചാരണ കോടതി നടപടി നിയമപരമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ കോടതി ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാനുള്ള തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പ്രോസിക്യൂഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it