Sub Lead

'വിജയിച്ചാല്‍ മീററ്റ് നഗരത്തിന് നാഥുറാം ഗോഡ്‌സെ നഗര്‍ എന്ന പേര് നല്‍കും'; വിവാദപ്രഖ്യാപനവുമായി ഹിന്ദു മഹാസഭ

വിജയിച്ചാല്‍ മീററ്റ് നഗരത്തിന് നാഥുറാം ഗോഡ്‌സെ നഗര്‍ എന്ന പേര് നല്‍കും; വിവാദപ്രഖ്യാപനവുമായി ഹിന്ദു മഹാസഭ
X

ലഖ്‌നോ: മീററ്റ് നഗരത്തിന്റെ പേര് മാറ്റുമെന്ന വിവാദ പ്രഖ്യാപനവുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭ രംഗത്ത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മീററ്റ് നഗരത്തിന് നാഥുറാം ഗോഡ്‌സെ നഗര്‍ എന്ന പേര് നല്‍കുമെന്നാണ് അഖില ഭാരത് ഹിന്ദു മഹാസഭ (എബിഎച്ച്എംഎസ്)യുടെ പ്രഖ്യാപനം. ഹിന്ദു മഹാസഭയ്ക്ക് ആവശ്യത്തിന് കൗണ്‍സിലര്‍മാരെ ലഭിക്കുകയും മേയര്‍ സ്ഥാനം നേടുകയും ചെയ്താല്‍ മീററ്റിന്റെ പേര് നാഥുറാം ഗോഡ്‌സെ നഗര്‍ എന്നാക്കി മാറ്റും.

ഡിസംബറില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് ഈ വാഗ്ദാനം ഉള്‍പ്പെടുത്തിയത്. മുസ്‌ലിം പേരുകളില്‍ അറിയപ്പെടുന്ന മീററ്റ് ജില്ലയിലെ മറ്റ് പ്രധാന സ്ഥലങ്ങളുടെ പേരുകളും പ്രമുഖ ഹിന്ദു നേതാക്കളുടേതാക്കി മാറ്റുമെന്നും ഹിന്ദു മഹാസഭയുടെ മീററ്റ് ജില്ലാ അധ്യക്ഷന്‍ അഭിഷേക് അഗര്‍വാള്‍ വ്യക്തമാക്കി. മീററ്റ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കും. ദേശസ്‌നേഹമുള്ള സ്ഥാനാര്‍ഥികളെ അണിനിരത്തുമെന്നും സംഘടനയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയെന്നതാണ് ആദ്യ പരിഗണനയെന്നും രണ്ടാമത്തേത് ഓരോ ഹിന്ദുവും ഗോമാതാവിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയെന്നതാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സംഘടന പ്രഖ്യാപിച്ചിരുന്നു. മതപരിവര്‍ത്തനം തടയുന്നതിനും ഇസ്‌ലാമിക പ്രീണന രാഷ്ട്രീയം വളര്‍ത്തുന്നതിനുമെതിരേ സംഘടന പ്രവര്‍ത്തിക്കും.

ബിജെപി, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ ഹിന്ദുത്വ നയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും ന്യൂനപക്ഷ പ്രീണനത്തിന് വഴിയൊരുക്കുകയാണെന്നും എബിഎച്ച്എംഎസ് ആരോപിച്ചു. രണ്ട് പാര്‍ട്ടികളിലേക്കും മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആളുകളുടെ ഒഴുക്ക് വര്‍ധിച്ചതായും ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ കുറ്റപ്പെടുത്തി. ബിജെപി സ്വയം ഹിന്ദു പാര്‍ട്ടിയെന്ന് വിളിച്ചിരുന്നു. എന്നാല്‍, ഇന്ന് അതില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ കൂടുതലായി ആധിപത്യം പുലര്‍ത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it