Sub Lead

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് മുതല്‍; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് അവതരിപ്പിക്കും

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് മുതല്‍; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് അവതരിപ്പിക്കും
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇതുള്‍പ്പെടെ പുതുതായി 26 നിര്‍ണായക ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇന്ന് തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ പരിഗണനയ്ക്ക് വരും. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരിക്കെ 25 ദിവസം നീളുന്ന പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധമായേക്കും. യുപി, പഞ്ചാബ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ സഭയിലുണ്ടാവാനാണ് സാധ്യത.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കലും മിനിമം താങ്ങുവിലയും അടക്കമുള്ള പ്രശ്‌നങ്ങള്‍, ലഖിംപൂര്‍ കേസ്, പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ വിവാദം, ഇന്ധന വിലവര്‍ധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം, കൊവിഡ് വാക്‌സിനേഷന്‍ പോരായ്മകള്‍ എന്നിവ മുതല്‍ ചൈനയുടെ കടന്നുകയറ്റം, ജമ്മു കശ്മീരിലെ സാധാരണക്കാര്‍ക്ക് നേര്‍ക്കുണ്ടാവുന്ന ആക്രമണങ്ങളും ജമ്മു കശ്മീരിനു പൂര്‍ണ സംസ്ഥാന പദവി തിരിച്ചുനല്‍കല്‍, മരവിപ്പിച്ചുനില്‍ക്കുന്ന പൗരത്വ നിയമങ്ങള്‍ തുടങ്ങിയവ സമ്മേളനത്തില്‍ ഉയര്‍ന്നുവരും. സഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ല് സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും. വിവാദമായ മൂന്ന് കാര്‍ഷിക നിയമം റദ്ദാക്കേണ്ടിവന്ന സാഹചര്യം കൃഷിമന്ത്രി ഇന്ന് ലോക്‌സഭയില്‍ വിശദീകരിക്കും. കൊവിഡ് നഷ്ടപരിഹാരവും കര്‍ഷകര്‍ക്കുള്ള ധനസഹായവും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെടും.

സഭാസ്തംഭനം ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണത്തിനുള്ള ബില്‍, പട്ടികജാതിപട്ടിക വര്‍ഗ ഭേദഗതി ബില്‍, എമിഗ്രേഷന്‍ ബില്‍, മെട്രോ റെയില്‍ ബില്‍, ഇന്ത്യന്‍ മാരിടൈം ഫിഷറീസ് ബില്‍, നര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോഡ്രോപിക് സബ്സ്റ്റാന്‍സ് ബില്‍ എന്നിവയടക്കമുള്ള ബില്ലുകളാണ് സഭയിലെത്തുക. ആകെ 19 ദിനങ്ങള്‍ സമ്മേളിക്കുന്ന ശീതകാല സമ്മേളനം ഡിസംബര്‍ 23ന് അവസാനിക്കും. കഴിഞ്ഞ സമ്മേളനങ്ങളിലേതുപോലെ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാവും ലോക്‌സഭയും രാജ്യസഭയും ചേരുക. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇത്തവണയും എക്‌സ് എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമുണ്ടാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it