Sub Lead

സിഎഎ വിരുദ്ധ പ്രക്ഷോഭം: സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നോട്ടീസുകള്‍ പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രിബ്യൂണലുകളാവും ഇനി തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് യുപി അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രഷാദ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢിന്റെയും സൂര്യ കാന്തിന്റെയും ബെഞ്ചിനെ അറിയിച്ചു.

സിഎഎ വിരുദ്ധ പ്രക്ഷോഭം: സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നോട്ടീസുകള്‍ പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള മുഴുവന്‍ നോട്ടീസുകളും പിന്‍വലിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 274 നോട്ടീസുകള്‍ പിന്‍വലിച്ചതായി യുപി സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് നോട്ടീസ് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ടീസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ സുപ്രിംകോടതി ഇത് റദ്ദാക്കുമെന്നും ജസ്റ്റിസുമായ ഡി വൈ ചന്ദ്രചൂഢും സൂര്യകാന്തും ഉള്‍പ്പെട്ട ബെഞ്ച് യുപി സര്‍ക്കാരിന് അന്ത്യശാസനം നല്‍കുകയും ചെയ്തു. ഇതോടെയാണ് സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ നടപടിയില്‍നിന്ന് യുപി സര്‍ക്കാര്‍ പിന്നോട്ടുപോയത്.

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രിബ്യൂണലുകളാവും ഇനി തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് യുപി അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രഷാദ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢിന്റെയും സൂര്യ കാന്തിന്റെയും ബെഞ്ചിനെ അറിയിച്ചു. കോടതി ഇത് അംഗീകരിക്കുകയും ന്യായമായ നടപടിയെ അഭിനന്ദിക്കുകയും ചെയ്തു. നോട്ടീസുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ നേരത്തെ നടത്തിയ സ്വത്തുകണ്ടുകെട്ടിയ തുക തിരികെ നല്‍കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ട്രിബ്യൂണലുകള്‍ തീരുമാനിക്കുന്നതുവരെ ഇതിനകം നടത്തിയ റിക്കവറികളില്‍ തല്‍സ്ഥിതി അറിയിക്കാമെന്ന് സംസ്ഥാനം കോടതിയോട് പറഞ്ഞു.

എന്നാല്‍, നോട്ടീസ് പിന്‍വലിക്കുമ്പോള്‍ അതിന്റെ പേരില്‍ നടത്തിയ എല്ലാ നടപടികളും റദ്ദാവുമെന്ന് ബെഞ്ച് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടപരിഹാരം ഈടാക്കാനാണ് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് ഉത്തര്‍പ്രദേശിലെ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ കൈമാറിയത്. എന്നാല്‍, സര്‍ക്കാര്‍ പരാതിക്കാരെനെയും വിധികര്‍ത്താവിനെയും പ്രോസിക്യൂട്ടറെയും പോലെ ഒരേസമയം പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് സുപ്രിംകോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇത് നിയമവിരുദ്ധമാണെന്നാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 833 പേര്‍ പ്രതികളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇവരുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതുവരെ 274 നോട്ടീസുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. കണ്ടുകെട്ടല്‍ നടപടികളുടെ ഭാഗമായി രൂപീകരിക്കുന്ന ക്ലയിം ട്രിബ്യൂണലുകളില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാരെയാണ് നിയമിക്കേണ്ടതെന്ന് സുപ്രിംകോടതി 2009 ലും 2018 ലും പുറപ്പടിവിച്ച രണ്ട് വിധികളില്‍ വ്യക്തമാക്കിയിരുന്നു.

ഇത് പാലിക്കാതെ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ട്രിബ്യുണലുകളില്‍ നിയമിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ആരോപണവിധേയരായ പ്രതിഷേധക്കാര്‍ക്ക് അയച്ച നോട്ടീസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പര്‍വേസ് ആരിഫ് ടിറ്റു നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിംകോടതി നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്.

Next Story

RELATED STORIES

Share it