Sub Lead

15കാരനെ നിലത്തിട്ട് കാലില്‍ തല്ലിച്ചതച്ചു, മുത്തശ്ശിയെ മുടിയില്‍ പിടിച്ചുവലിച്ച് വടികൊണ്ട് ആക്രമിച്ചു; റെയില്‍വേ പോലിസിന്റെ ഞെട്ടിക്കുന്ന കൊടുംക്രൂരതയുടെ ദൃശ്യം പുറത്ത്(വീഡിയോ)

15കാരനെ നിലത്തിട്ട് കാലില്‍ തല്ലിച്ചതച്ചു, മുത്തശ്ശിയെ മുടിയില്‍ പിടിച്ചുവലിച്ച് വടികൊണ്ട് ആക്രമിച്ചു; റെയില്‍വേ പോലിസിന്റെ ഞെട്ടിക്കുന്ന കൊടുംക്രൂരതയുടെ ദൃശ്യം പുറത്ത്(വീഡിയോ)
X

മുംബൈ: മോഷണക്കുറ്റം ആരോപിച്ച് 15കാരനെയും മുത്തശ്ശിയെയും പോലിസ് സ്‌റ്റേഷനില്‍ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ കട്‌നി റെയില്‍വേ സ്റ്റേഷനിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കട്‌നി പോലിസ് സൂപ്രണ്ട് അഭിജിത് കുമാര്‍ രഞ്ജന്‍ സംഭവം സ്ഥിരീകരിച്ചെങ്കിലും കേസ് ജിആര്‍പി അധികാരപരിധിയിലായതിനാല്‍ തുടര്‍നടപടികള്‍ റെയില്‍വേ പോലിസിനു കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. ബാലനെയും മുത്തശ്ശിയെയും ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്.



കഴിഞ്ഞ വര്‍ഷം നടന്ന സംഭവമാണ് ഇതെന്നാണ് പോലിസ് പറയുന്നത്. ജിആര്‍പി കട്‌നി സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അരുണാ വാഹനും മറ്റ് ഉദ്യോഗസ്ഥരുമാണ് ക്രൂരകൃത്യത്തിലുള്ളത്. മോഷണക്കുറ്റം ആരോപിച്ച് സ്‌റ്റേഷനിലെത്തിച്ച ജരാ ടികുരിയയില്‍ നിവാസിയായ കുസുമം വാന്‍ഷ്‌കറിനെയും ചെറുമകന്‍ ദീപ്‌രാജ് വാന്‍ഷ്‌കറിനെയുമാണ് പോലിസ് ക്രൂരമായി മര്‍ദ്ദിച്ചത്. മുറിയുടെ വാതിലടച്ച ശേഷം ആദ്യം ഒരു വനിതാ ഉദ്യോഗസ്ഥ മുത്തശ്ശിയെ ദേഹമാസകലം വടികൊണ്ട് ആക്രമിക്കുകയാണ്. തലങ്ങും വിലങ്ങും അടിയേറ്റ സ്ത്രീയുടെ മുടിയില്‍ പിടിച്ചുവലിച്ച് നിലത്തിട്ടു. പിന്നീടാണ് 15കാരനെ വടി കൊണ്ട് തല്ലിച്ചതച്ചത്. കുട്ടിയെയും മുടിയില്‍ പിടിച്ചുവലിച്ച് നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. സ്ത്രീയെയും കുട്ടിയെയും പുറത്തും ശരീരമാസകലം വലിയ വടികൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിച്ചു. അല്‍പ്പം കഴിഞ്ഞ് കോട്ടും സ്യൂട്ടുമിട്ട ഒരാള്‍ മുറിയിലെത്തി. ഈ സമയവും വനിതാ ഉദ്യോഗസ്ഥ മര്‍ദ്ദനം തുടര്‍ന്നു. അല്‍പ്പംകഴിഞ്ഞ് യൂനിഫോമണിഞ്ഞ നാലു പോലിസുകാരും ഒരു യൂനിഫോമില്ലാത്തയാളും ബാലനെ അതിക്രൂരമായി മര്‍ദ്ദിച്ചു. രണ്ടുപേര്‍ കുട്ടിയെ ഇരുകാലുകളും തലയും പിടിച്ചുകൊടുത്ത് നിലത്തുവച്ചു. ഈസമയം ഒരു പോലിസുകാരന്‍ വടി കൊണ്ട് പൊതിരെ തല്ലുകയാണ്. ഈസമയമെല്ലാം വനിതാ ഉദ്യോഗസ്ഥ സീറ്റില്‍ തന്നെ ഇരിക്കുന്നുണ്ട്. ഇടയ്ക്ക് ബാലനെ നിര്‍ത്തി എന്തൊക്കെയോ ചോദിച്ചു. അല്‍പ്പസമയത്തിനകം മറ്റു പോലിസുകാര്‍ ബാലനെ മുടിയില്‍പിടിച്ചും തലയിലിടിച്ചും മര്‍ദ്ദിച്ചു. ബാലന്‍ കൈകൂപ്പി സംസാരിച്ചപ്പോഴും ഒരു പോലിസുകാരന്‍ മുഖത്തടിക്കുന്നുണ്ട്. പോലിസിന്റെ ഉന്നതരും ചെറുതുമായ പ്രതിനിധികളാണ് ഒരു ദലിത് കുടുംബത്തോട് ഈ ക്രൂരത ചെയ്തതെന്ന് വീഡിയോ പങ്കുവച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരി വിമര്‍ശിച്ചു. വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും അത് മോര്‍ഫ് ചെയ്തതാണോ എന്ന് അന്വേഷിക്കുന്നതായും കട്‌നി പോലിസ് സൂപ്രണ്ട് അഭിജിത് കുമാര്‍ രഞ്ജന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it