Sub Lead

എംഎസ്എഫ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി വനിതാ വിഭാഗം; കത്ത് പുറത്ത്

എംഎസ്എഫ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി വനിതാ വിഭാഗം;   കത്ത് പുറത്ത്
X

മലപ്പുറം: മുസ്‌ലിംലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി വനിതാ വിഭാഗമായ 'ഹരിത' രംഗത്ത്. ഹരിതയുടെ സംസ്ഥാന ഭാരവാഹികള്‍ സംഘടനയില്‍ അവഹേളനവും അടിച്ചമര്‍ത്തലും നേരിടുകയാണെന്നു ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്ത് പുറത്തായി. സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍സ്ത്രീവിരുദ്ധരാണെന്നും പൊതു ഇടങ്ങളില്‍ നിരന്തരമായി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും കണത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദാ തസ്‌നി, ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറ എന്നിവര്‍ ഒപ്പിട്ട് നേതാക്കള്‍ക്കു നല്‍കിയ പരാതിയാണ് പുറത്തായത്. മുതിര്‍ന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ്, കെ പി എ മജീദ്, പി എം എ സലാം തുടങ്ങിയവര്‍ക്കാണ് കത്ത് നല്‍കിയത്. ഇതിനു പുറമെ, എംഎസ്എഫ് ദേശീയ ഭാരവാഹികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളെയും വിളിച്ച് ദേശീയനേതൃത്വം തിങ്കളാഴ്ച ചര്‍ച്ച നടത്തി. പ്രശ്‌നപരിഹാരത്തിന് ബുധനാഴ്ച ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും യോഗം വിളിച്ചിട്ടുണ്ട്.

ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ നീചമായ ആരോപണങ്ങള്‍ ഉന്നയിച്ചതായി പരാതിയില്‍ പറയുന്നു. വനിതാ പ്രവര്‍ത്തകര്‍ക്കെതിരേ സംഘടനയ്ക്കുള്ളില്‍ കുപ്രചാരണം നടക്കുന്നു. ഈ നിലപാട് പെണ്‍കുട്ടികളെ സംഘടനയില്‍ നിന്നകറ്റും. വിഷയത്തില്‍ ലീഗ് സംസ്ഥാന കമ്മിറ്റി അടിയന്തര നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ പോലും സംശയത്തിലാക്കുന്ന തരത്തിലാണ് നേതാക്കളുടെ പ്രസംഗങ്ങള്‍. സംഘടനയ്ക്കുള്ളില്‍ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പ്രചാരണം നടക്കുന്നു. ഈ നിലപാട് പെണ്‍കുട്ടികളെ സംഘടനയില്‍ നിന്ന് അകറ്റുന്നതായും കത്തിലുണ്ട്. ഹരിതയുടെ സംസ്ഥാന നേതാക്കള്‍ ഒരു 'പ്രത്യേകതരം ഫെമിനിസം' പാര്‍ട്ടിയില്‍ വളര്‍ത്തുകയാണെന്നാണ് ചില നേതാക്കളുടെ ആക്ഷേപം. 'ഹരിത'യുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടിയുള്ളവരാണ്. വിവാഹം കഴിച്ചാല്‍ തന്നെ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ പറയുന്ന വോയ്‌സ് മെസേജുകള്‍ ലഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ സംഘടന ആയതിനാല്‍ മാത്രം ആര്‍ക്കും അധികാരം പ്രയോഗിക്കാമെന്ന ധാര്‍ഷ്ട്യം അനുവദിക്കരുതെന്നുമാണ് ഹരിത നേതൃത്വം കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെ, യാസര്‍ എടപ്പാളാണ് ഹരിതയെ നിയന്ത്രിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും പി കെ നവാസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തേ, ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടനയില്‍ വിവാദങ്ങളുണ്ടായിരുന്നു.

Women section 'Haritha' with serious allegations against MSF leaders

Next Story

RELATED STORIES

Share it