Sub Lead

ഇന്ന് ലോക റേഡിയോ ദിനം: എഴുതുന്നത് കുഞ്ഞിപ്പ, നഫീസ പന്താവൂര്‍

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ഇന്ന് ലോക റേഡിയോ ദിനം: എഴുതുന്നത് കുഞ്ഞിപ്പ, നഫീസ പന്താവൂര്‍
X

പൊന്നാനി: വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ റേഡിയോയ്ക്കു മുന്നില്‍ കാത്തിരുന്നൊരു കാലമുണ്ട്. അന്നത്തെ പരിപാടികള്‍ക്കു കാതോര്‍ത്തിരുന്ന പലര്‍ക്കും സുപരിചിതമായ പേരുകളാണ് നഫീസ, കുഞ്ഞിപ്പ പന്താവൂര്‍. ആകാശവാണിയിലെ വയലും വീടും ചിത്രഗീതം തുടങ്ങി മിക്ക പരിപാടികളിലേക്കും മുറതെറ്റാതെ കത്തയക്കുന്ന ദമ്പതികള്‍. 41 വര്‍ഷത്തിനിടയില്‍ ഒന്നരലക്ഷം കത്തെഴുതിയ ദമ്പതികള്‍. കഴിഞ്ഞ 41 വര്‍ഷത്തിനിടെ സമകാലിക സിനിമാ കാര്‍ഷിക വിഷയങ്ങള്‍ പ്രതിപാദിച്ചുള്ള കുഞ്ഞിപ്പയുടെയും നഫീസയുടെയും കത്തുകള്‍ വായിക്കാത്ത മാധ്യമ സ്ഥാപനങ്ങളും കുറവായിരിക്കും. കത്തെഴുതാത്ത ഒരുദിവസം പോലും കടന്നുപോയിട്ടില്ലെന്നു പറയുന്നു കുഞ്ഞിപ്പയും നഫീസയും. നാലാം ക്ലാസാണ് കുത്തിപ്പയുടെ വിദ്യാഭ്യാസം. ജോലി പന്താവൂര്‍ പള്ളിയിലെ മുക്രിയും മദ്രസയിലെ അധ്യാപകനും. പൊന്നാനി താലൂക്കിലെ പന്താവൂര്‍ എന്ന ഗ്രാമത്തെ ലോകമലയാളികള്‍ക്ക് ചിരപരിചിതമാക്കിയ കുഞ്ഞിപ്പ ഇന്നും കത്തെഴുത്ത് തുടരുന്നു. 41 വര്‍ഷത്തിനിടെ ഒന്നര ലക്ഷം കത്തുകളെഴുതിത്തീര്‍ത്തിരിക്കുന്നു നഫീസ കുഞ്ഞിപ്പ പന്താവൂര്‍.

ആകാശവാണി പരിപാടികള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചാണ് കുഞ്ഞിപ്പ തന്റെ പ്രിയതമയുടെയും നാടിന്റെയും കൂടി പേര് പ്രശസ്തമാക്കിയത്. 1979ലാണ് ആദ്യമായി കത്തെഴുതിയത്. ഒരു കൗതുകത്തിനായിരുന്നു തുടക്കം. പിന്നീടത് നിത്യജീവിതത്തിന്റെ ഭാഗമായി. എത്ര തിരക്കുകള്‍ക്കിടയിലും കത്തെഴുത്ത് കൈവിടില്ല ഈ 57കാരന്‍. കത്തിന്റെ കാലം അസ്തമിച്ചെങ്കിലും നഫീസയും കുഞ്ഞിപ്പയും ഇന്നും കത്തെഴുതും. ഒപ്പം എഫ് എം റേഡിയോകളിലേക്ക് ഫോണ്‍ വിളിയുമായും ശ്രോതാവായി മാറും.

പോസ്റ്റ് കാര്‍ഡിന് 15 പൈസ വിലയുണ്ടായിരുന്ന കാലത്ത് തുടങ്ങിയതാണ് എഴുത്ത്. കാര്‍ഡിന് ഇപ്പോള്‍ വില 50 പൈസയിലെത്തി. നാളിതുവരെ വാങ്ങിയ എല്ലാ കാര്‍ഡകളുടെയും കണക്കുണ്ട് കുഞ്ഞിപ്പയുടെ കൈവശമുണ്ട്. 100 കാര്‍ഡ് വീതമാണ് പോസ്റ്റ് ഓഫിസില്‍ നിന്ന് വാങ്ങുക. ഒരാഴ്ചത്തേക്കു മാത്രമാണ് ഇത് തികയുക. കാര്‍ഡ് വാങ്ങുന്ന തിയ്യതിയും എണ്ണവും രേഖപ്പെടുത്തി സൂക്ഷിക്കും. വെറും അഭിപ്രായപ്രകടനങ്ങളായി മാത്രമല്ല, തന്റെ കത്തുകളെ ആകാശവാണിയുള്‍പ്പെടെ കണ്ടിരുന്നതെന്ന് കുഞ്ഞിപ്പ പറയുന്നു. തൃശൂര്‍ നിലയത്തില്‍ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12ന് മാപ്പിളപ്പാട്ട് പരിപാടിയുണ്ടായിരുന്നു. ഇതു സംബന്ധിച്ച് നിരന്തരം കത്തെഴുതിയതോടെ പരിപാടി ശനിയാഴ്ചയിലേക്ക് മാറ്റി. പ്രാദേശിക പ്രശ്‌നങ്ങള്‍ അച്ചടിമാധ്യമങ്ങളിലൂടെ പൊതുശ്രദ്ധയില്‍ കൊണ്ടുവരാനും കത്തെഴുത്തിലൂടെ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായി. ഇരുന്ന ഇരുപ്പില്‍ നാല്‍പ്പതോളം കത്തുകള്‍ വരെ എഴുതിയിട്ടുണ്ട്. അതുതന്നെയാണ് കുഞ്ഞിപ്പ റേഡിയോ എന്നതിന്റെ പര്യായവാക്കായി മാറിയതിന്റെ കാരണവും.

റേഡിയോ പരിപാടികള്‍ ശ്രദ്ധയോടെ ശ്രവിക്കേണ്ട ചുമതല ഭാര്യ നഫീസയ്ക്കാണ്. അവര്‍ പ്രധാന പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കും. കുഞ്ഞിപ്പ ഒഴിവുവേളകളില്‍ പരിപാടി കേട്ട് അഭിപ്രായങ്ങള്‍ എഴുതി അയക്കും. ആകാശവാണിയുടെ കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം, മഞ്ചേരി, കണ്ണൂര്‍ നിലയങ്ങളിലേക്കെല്ലാം കത്തുകളെഴുതിയിട്ടുണ്ട്. പരിപാടികള്‍ കൂടുതല്‍ ഹൃദ്യവും മികച്ചതുമാക്കാനുള്ള നിര്‍ദേശങ്ങളായിരിക്കും കത്തില്‍ എന്നതിനാല്‍ റേഡിയോ നിലയങ്ങളെല്ലാം ഇവ പ്രാധാന്യപൂര്‍വം പ്രക്ഷേപണം ചെയ്യും. വത്തിക്കാന്‍ സിറ്റി റേഡിയോയുടെയും ശ്രീലങ്കന്‍ റേഡിയോയുടേയും മലയാളം പരിപാടികള്‍ സംബന്ധിച്ചും കുഞ്ഞിപ്പ അഭിപ്രായങ്ങള്‍ കത്തിലൂടെ അറിയിക്കാറുണ്ട്. വത്തിക്കാനില്‍ നിന്ന് ഒരിക്കല്‍ മറുപടിയായി എത്തിയത് മാര്‍പ്പാപ്പയുടെ ചിത്രം ആലേഖനം ചെയ്ത കത്താണ്.

ലോകത്ത് എവിടെ നിന്നും നഫീസ കുഞ്ഞിപ്പ പന്താവൂര്‍ എന്നു മാത്രം വിലാസമെഴുതി കത്തയച്ചാല്‍ ഇദ്ദേഹത്തിന്റെ കൈകളിലെത്തും. സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടേയും പാളയം ഇമാം ആയിരുന്ന അബ്ദുല്‍ ഗഫാര്‍ മൗലവിയുടെയുമെല്ലാം കത്തുകള്‍ ഇത്തരത്തില്‍ കുഞ്ഞിപ്പയെ തേടിയെത്തിട്ടുണ്ട്. എത്രയോ പേര്‍ ദൂരെ ദിക്കുകളില്‍നിന്ന് കാണാനെത്തിയിട്ടുണ്ട്. ആകാശവാണിയിലെ പ്രതികരണങ്ങള്‍ സംബന്ധിച്ച സ്ഥിരം ശ്രോതാക്കളുടെ കത്തുകളും ഇദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നു. വാട്‌സാപ് ഉള്‍പ്പെടെയുള്ള ആധുനിക സാമൂഹ്യമാധ്യമങ്ങള്‍ സജീവമാണെങ്കിലും കത്തെഴുത്തിനെ ഇന്നും കൈവിട്ടിട്ടില്ല. ലഭിക്കുന്ന എല്ലാ കത്തുകള്‍ക്കും ഇപ്പോഴും മറുപടി അയക്കാറുണ്ടെന്ന് കുഞ്ഞിപ്പ പറയുന്നു. മക്കളായ ഷഹ് ല, അബ്ദുല്‍വാഹിദ്, അബ്ദുല്‍ വാജിദ് എന്നിവരും കത്തെഴുത്തിന് സഹായികളാകാറുണ്ട്. പക്ഷേ, അവരാരും കത്തെഴുത്ത് വിനോദമായി കൂടെ ചേര്‍ത്തിട്ടില്ല. പന്താവൂര്‍ ടൗണ്‍ മസ്ജിദിലാണ് ജോലി. ആദ്യകാലത്ത് നാട്ടുകാര്‍ പരിഹാസത്തോടെയാണ് കുഞ്ഞിപ്പയുടെ കത്തെഴുത്തിനെ കണ്ടിരുന്നത്. ഇപ്പോള്‍ അതൊക്കെ മാറി. അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് കുഞ്ഞിപ്പ.




Next Story

RELATED STORIES

Share it