Sub Lead

ബ്രിജ്ഭൂഷനെതിരായ പീഢനക്കേസ്: പരിഹാരമായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് ഗുസ്തി താരങ്ങള്‍

ബ്രിജ്ഭൂഷനെതിരായ പീഢനക്കേസ്: പരിഹാരമായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് ഗുസ്തി താരങ്ങള്‍
X

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരായ ലൈംഗിക പീഢനക്കേസില്‍ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട താരങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഹരിയാനയിലെ സോനിപതില്‍ ശനിയാഴ്ച ചേര്‍ന്ന മഹാപഞ്ചായത്തിന് ശേഷമാണ് താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 15നകം നടപടി വേണമെന്ന് മഹാപഞ്ചായത്തിന് ശേഷം ഗുസ്തി താരം സാക്ഷി മാലിക് മാധ്യമങ്ങളോട് പറഞ്ഞു. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോവും. മാനസികമായി തങ്ങള്‍ രേിടുന്ന സംഘര്‍ഷം മറ്റുള്ളവര്‍ക്ക് മനസ്സിലാവില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

അതിനിടെ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളുമായി ഡല്‍ഹി പോലിസ് ദേശീയ റെസ്‌ലിങ് ഫെഡറേഷന്റെ ഓഫിസില്‍ തെളിവെടുപ്പ് നടത്തി. താരങ്ങളെ ബ്രിജ് ഭൂഷണിന്റെ വീട്ടില്‍ കണ്ടെന്നതരത്തിലുള്ള വാര്‍ത്തകളും വെള്ളിയാഴ്ച പരന്നു. വാര്‍ത്തകള്‍ നിഷേധിച്ച വിനേഷ് ഫോഗട്ട്, മസില്‍പവറും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വനിതാഗുസ്തിക്കാരെ ഉപദ്രവിക്കുന്ന തിരക്കിലാണ് ബ്രിജ്ഭൂഷനെന്ന് ട്വീറ്റ് ചെയ്തു. നേരത്തേ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചയിലും ജൂണ്‍ 15നകം നടപടിയെടുത്തില്ലെങ്കില്‍ വീണ്ടും സമരം ശക്തമാക്കുമെന്ന് താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it