Sub Lead

യുപിയില്‍ മുസ്‌ലിം യുവാവിന്റെ കസ്റ്റഡി കൊലപാതകം; മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്

.പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് നടപടി.

യുപിയില്‍ മുസ്‌ലിം യുവാവിന്റെ കസ്റ്റഡി കൊലപാതകം; മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ പോലിസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മജീസ്‌ട്രേറ്റ്തല അന്വേഷണത്തിന് യുപി സര്‍ക്കാര്‍ ഉത്തരവിട്ടു.പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് കോട്വലി പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ഉള്‍പ്പെടെ 5 പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടി അല്‍ത്താഫിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പോലിസ് വിളിപ്പിച്ചത് പ്രകാരമാണ് അല്‍ത്താഫ് സ്‌റ്റേഷനിലെത്തിയത്.

എന്നാല്‍ ചൊവ്വാഴ്ച്ച ഇയാളെ പോലിസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ശുചിമുറിയിലേക്ക് പോയ യുവാവിനെ പിന്നീട് പൈപ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് പോലിസ് അവകാശവാദം.

ധരിച്ചിരുന്ന ജാക്കറ്റിന്റെ വള്ളിയാണ് തൂങ്ങാനായി ഉപയോഗിച്ചതെന്നും പോലിസ് പറയുന്നു. നിലത്ത് നിന്ന് മൂന്ന് അടി മാത്രം പൊക്കമുള്ള ചുവരിനോട് ചോര്‍ന്നുള്ള പ്‌ളാസ്റ്റിക് പൈപ്പില്‍ യുവാവ് തൂങ്ങിമരിച്ചു എന്ന പോലിസ് വാദമാണ് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. പോലിസ് കള്ളക്കളി നടത്തുകയാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.

സംഭവം സര്‍ക്കാരിനെതിരേ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് മജീസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചത്. കൂടാതെ കോട്വലി പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ഉള്‍പ്പെടെ അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തായി യുപി പൊലീസ് അറിയിച്ചു.

അതിനിടെ, യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും പോലിസ് വാഗ്ദാനം ചെയ്തതായി യുവാവിന്റെ ബന്ധു മുഹമ്മദ് സഗീര്‍ വെളിപ്പെടുത്തിയിരുന്നു.മനോവിഷമം മൂലമാണ് യുവാവ് മരിച്ചതെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറയാനായിരുന്നു ഈ വാഗ്ദാനങ്ങള്‍. മനോവിഷമമുണ്ടായിരുന്നുവെന്നും അതാണ് മരണ കാരണമെന്നും പറയാനാണ് പോലീസ് ആവശ്യപ്പെട്ടത്. ഇക്കാര്യം വിശദീകരിച്ച് കത്ത് എഴുതി പിതാവ് ചന്ദ് മിയാന്‍ ഒപ്പ് വച്ച് തരണമെന്നും പോലീസ് ആവശ്യപ്പെട്ടു എന്നാണ് സഗീര്‍ പറയുന്നത്.

Next Story

RELATED STORIES

Share it